kasaragod local

നാമനിര്‍ദേശപത്രികാ സമര്‍പ്പണം: വരണാധികാരികള്‍ക്ക് പരിശീലനം നല്‍കി

കാസര്‍കോട്: നിയമസഭാതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുടെ ഫോട്ടോയില്‍ നോക്കി വോട്ടിങ് മെഷീനില്‍ ബട്ടണ്‍ അമര്‍ത്താന്‍ അവസരമൊരുക്കുമെന്ന് ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ ആദ്യമായി ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥിയുടെ പേരിനോടൊപ്പം ഫോട്ടോ കൂടി അച്ചടിക്കുവാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ കാരണത്താല്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ 2:2.5 സെമി വലുപ്പത്തിലുള്ള രണ്ട് ഫോട്ടോ കൂടി വരണാധികാരിക്ക് നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.
കലക്ടറുടെ ചേംബറില്‍ വരണാധികാരികളുടെയും എആര്‍ഒമാരുടെയും മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും പരിശീലനപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് വിജ്ഞാപനം 22ന് രാവിലെ വരണാധികാരികളുടെ കയ്യൊപ്പോടെ വരണാധികാരിയുടെയും സഹവരണാധികാരിയുടെയും കാര്യാലയത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യാലയത്തിലും നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. 22 മുതല്‍ 29 വരെ പൊതു അവധി ദിവസങ്ങളൊഴികെ രാവിലെ 11നും ഉച്ചയ്ക്കു ശേഷം മൂന്നിനുമിടയില്‍ വരണാധികാരികള്‍ക്കു മുമ്പാകെ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ ഉച്ചയ്ക്കുശേഷം മൂന്ന് വരെ നാമനിര്‍ദ്ദേശ പത്രികകള്‍ അതാത് മണ്ഡലത്തിലെ വരണാധികാരികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചവരുടെ വിവരങ്ങള്‍ ഓരോ ദിവസവും വരണാധികാരി നോട്ടീസ് ബോര്‍ഡില്‍ നല്‍കും. അംഗീകൃതരാഷ്ട്രീയ പാര്‍ട്ടികളുടേയും സംസ്ഥാനപാര്‍ട്ടികളുടേയും സ്ഥാനാര്‍ഥികള്‍ ഒഴികെയുള്ളവര്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ 10 പേരുടെ പിന്തുണ വേണം.
നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണത്തിനും സൂക്ഷ്മ പരിശോധനയിലും സ്വീകരിക്കേണ്ട നടപടി ക്രമങ്ങളെ കുറിച്ച് ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ വരണാധികാരികള്‍ക്ക് ക്ലാസ്സെടുത്തു. യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍ പി മഹാദേവ കുമാര്‍, വരണാധികാരികളായ സബ് കലക്ടര്‍ മൃണ്‍മയി ജോഷി, ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ) ബി അബ്ദുന്നാസര്‍, പ്ലാനിങ് ഓഫിസര്‍ പി ഷാജി, ഡെപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍) സി ജയന്‍, ഡെപ്യൂട്ടി കലക്ടര്‍(ആര്‍ആര്‍) ഇ ജെ ഗ്രേസി, എആര്‍ഒമാരായ വി സുരേഷ്‌കുമാര്‍ (കാഞ്ഞങ്ങാട്), കെ വി നാരായണന്‍ (തൃക്കരിപ്പൂര്‍) ടി ആര്‍ അഹമ്മദ് കബീര്‍ (ഉദുമ), എ ശ്രീവത്സന്‍ (കാസര്‍കോട്), പി വി ജസീര്‍ (മഞ്ചേശ്വരം), ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, എ ഷാജി, ഫരീദ് അഹമ്മദ് പള്ളിയാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it