നാദിയ മുറാദിനും ഡെന്നിസ് മുക്‌വെഗേക്കും സമാധാന നൊബേല്‍

സ്റ്റോക്‌ഹോം: മനുഷ്യാവകാശപ്രവര്‍ത്തക നാദിയ മുറാദും കോംഗോയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഡെന്നിസ് മുക്‌വെഗേയും ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിട്ടു. ലൈംഗികാതിക്രമങ്ങളെ യുദ്ധമുറയായി ഉപയോഗിക്കുന്നതിനെതിരായ ഇരുവരുടെയും പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കുന്നതെന്ന് പുരസ്‌കാര സമിതി അറിയിച്ചു.
2014ല്‍ ഐഎസ് തടവുകാരിയാക്കിയ, യസീദി വംശജയായിരുന്ന നാദിയ മുറാദ് കൊടിയ പീഡനങ്ങള്‍ക്കും ബലാല്‍സംഗത്തിനും ഇരയായിരുന്നു. മുറാദിനെപ്പോലെ നിരവധി യസീദി സ്ത്രീകള്‍ ഇത്തരത്തില്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായിരുന്നു. 2017ല്‍ മോചിപ്പിക്കപ്പെട്ട ശേഷം യുദ്ധത്തില്‍ ഇരകളായവര്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി. മനുഷ്യാവകാശ പ്രവര്‍ത്തനരംഗത്ത് യുഎന്‍ അംബാസഡറാണ് നാദിയ.
ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ ഗൈനക്കോളജി ഡോക്ടറാണ് ഡെന്നിസ് മുക്‌വെഗേ. രണ്ടാം കോംഗോ ആഭ്യന്തരയുദ്ധകാലത്ത് കൂട്ടബലാല്‍സംഗത്തിന് ഇരയായ സ്ത്രീകളെയും കുട്ടികളെയും ദുരുപയോഗം ചെയ്യുന്നതിനെതിരേ ശക്തമായ പ്രക്ഷോഭം നയിച്ചയാളാണ് അദ്ദേഹം. ലൈംഗികാതിക്രമങ്ങളെ അതിജീവിച്ച പതിനായിരക്കണക്കിനു സ്ത്രീകള്‍ക്കാണ് അദ്ദേഹം വൈദ്യസഹായം ഉള്‍പ്പെടെയുള്ള പിന്തുണ നല്‍കിയത്.
216 വ്യക്തികളും 115 സംഘടനകളുമാണ് ഇത്തവണ സമാധാന പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടത്. സിറിയയിലെ സിവിലിയന്‍ സഹായ ഗ്രൂപ്പായ വൈറ്റ് ഹെല്‍മറ്റ്, റഷ്യയിലെ നൊവായ ഗസെറ്റ പത്രം, മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ എഡ്വേഡ് സ്‌നോഡന്‍, അഭയാര്‍ഥികള്‍ക്കു വേണ്ടിയുള്ള യുഎന്‍ കമ്മീഷണര്‍ തുടങ്ങിയവര്‍ പട്ടികയിലുണ്ടായിരുന്നു. 10.1 ലക്ഷം ഡോളറാണ് അവാര്‍ഡ് തുക.

Next Story

RELATED STORIES

Share it