kozhikode local

നാദാപുരം മേഖലകളില്‍ തീപ്പിടിത്തം പതിവാകുന്നു; ഫയര്‍ഫോഴ്‌സിന് വിശ്രമമില്ല

നാദാപുരം: നാദാപുരം  മേഖലയിലെ വിവിധ പ്രദേശങ്ങളില്‍  തീ പിടിത്തം പതിവായതോടെ ഫയര്‍ ഫോഴ്‌സിന് വിശ്രമമില്ലാത്ത അവസ്ഥയായി. വേണ്ടത്ര മുന്‍ കരുതലുകള്‍ എടുക്കാതെയുള്ള പ്രവര്‍ത്തികളാണ് തീ പിടിത്തത്തിനു ഇടയാക്കുന്നത്. ചൊവ്വാഴ്ച രാവിലെ നാദാപുരം മേഖലയില്‍ രണ്ടിടങ്ങളിലാണ് തീ പിടിത്തം ഉണ്ടായത്.
നാദാപുരം ഗ്രാമ പഞ്ചായത്തിലെ വിഷ്ണുമംഗലം പെരുവങ്കരയിലും തൂണേരി ഗ്രാമ പഞ്ചായത്തിലെ ആവടിമുക്കിലുമാണ് തീ പിടിത്തം. പെരുവങ്കരയില്‍ പഴയ ചേരിക്കമ്പനി പരിസരത്ത് പരക്കെ കൂട്ടിയിട്ട ചകിരിപ്പൊടിക്ക് ആരോ  തീയിട്ടതാണ് പരിഭ്രാന്തി പരത്തിയത്. തീ പടര്‍ന്ന് മറ്റിടങ്ങളിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു. പാറക്കടവിനടുത്ത ആവടിമുക്കിലെ തിരിക്കോട് മുഹമ്മദ് ഹാരിസിന്റെ തെങ്ങിലെ കടന്നല്‍ക്കൂട് നശിപ്പിക്കാനായി തീയിട്ടത് നിയന്ത്രണാതീതമായതാണ്  അപകടത്തിനിടയാക്കിയത്. കടന്നല്‍ കൂടിന് തീ വെച്ചപ്പോള്‍ തീ തെങ്ങിലേക്ക് പടര്‍ന്നു കയറി തെങ്ങിന്റെ മണ്ട ആളി കത്തുകയായിരുന്നു. കാറ്റില്‍ തീ സമീപത്തെ വീടുകളിലേക്കും പറമ്പുകളിലേക്കും പടര്‍ന്നേക്കുമെന്നായതോടെ ആളുകള്‍ പരിഭ്രാന്തരായി.
രണ്ടിടങ്ങളിലും ചേലക്കാട് നിന്നും ഫയര്‍ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്.രണ്ടു ദിവസം മുമ്പ് തെരുവന്‍പറമ്പില്‍ നൂറ്റിപ്പത്ത് കെവി സബ് സ്‌റ്റേഷനടുത്ത പറമ്പില്‍ തീ പിടിച്ച് വാഴയടക്കമുള്ള കൃഷികള്‍ നശിച്ചിരുന്നു. അടുത്ത വീടിന്റെ പുറത്തുള്ള അടുപ്പില്‍ തീ കത്തിക്കുന്നതിനിടയില്‍ വീശിയടിച്ച കാറ്റില്‍ തീ പറമ്പിലേക്ക് പടരുകയായിരുന്നു.ഒരാഴ്ച മുമ്പ് വിലങ്ങാട് മലയോരത്തെ അടിച്ചിപ്പാറയിലും വായാടും ഉണ്ടായ അഗ്‌നിബാധയില്‍ ഏക്കര്‍ കണക്കിന് കൃഷിഭൂമിയാണ് കത്തി നശിച്ചത്.
Next Story

RELATED STORIES

Share it