Pathanamthitta local

നാട്ടുകാര്‍ മുന്നിട്ടിറങ്ങി; വരട്ടാറില്‍ മാലിന്യം തള്ളിയ ആളെ തിരിച്ചറിഞ്ഞു

തിരുവല്ല: വരട്ടാറില്‍ മാലിന്യം തള്ളിയ സംഭവത്തില്‍ ഉടന്‍ നടപടിയുമായി നാട്ടുകാര്‍ രംഗത്തെത്തിയതോടെ മാലിന്യം തള്ളിയയാളെ തിരിച്ചറിഞ്ഞു. നിയമ നടപടിയുമായി മുന്നോട്ട് പോകാനും തീരമാനമായി. വരട്ടാറില്‍ നവീകരണം നടന്ന തിരുവന്‍വണ്ടൂര്‍കൂറ്റൂര്‍ അതിര്‍ത്തിയിലുള്ള പ്രയാറ്റ്കടവിലാണ് മാലിന്യം തള്ളിയത്. മൂന്ന് കവറുകളിലായി തള്ളിയ മാലിന്യത്തില്‍ അധികവും പഌസ്റ്റിക്ക് വസ്തുക്കളായിരുന്നു. വരട്ടാറില്‍ തള്ളിയ മാലിന്യം തുളസീധരന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ ചങ്ങാടത്തില്‍ കയറി പുറത്തെടുത്ത് പരിശോധിച്ചതോടെ ആളെ തിരിച്ചറിഞ്ഞു. വരട്ടാറിന്റെ ശുചീകരണത്തിനായി ഇവിടെ പ്രയാറ്റ്കടവിലെ നാട്ടുകാര്‍ പൈപ്പ്‌കൊണ്ടുള്ള ചങ്ങാടവും ഒരുക്കിയിട്ടുണ്ട്. മേല്‍വിലാസം രേഖപ്പെടുത്തിയ കവറും എക്‌സ-റേ ഫിലിമിന്റെ കവറും ആളെ തിരിച്ചറിയാന്‍ സഹായകമായി. തിരുവല്ല പൊലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. കുറ്റൂര്‍ ഗ്രാമപ്പഞ്ചായത്ത്  9ാം വാര്‍ഡ് മെമ്പര്‍ ബിന്‍സിയുടെ നേതൃത്വത്തില്‍ തിരുവല്ല പൊലിസില്‍ രേഖാമൂലം പരാതി നല്‍കി തുടര്‍നടപടിയുമായി നാട്ടുകാര്‍ മുന്നോട്ട് പോവുകയാണ്. വരട്ടാറിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ ചാക്ക് കണക്കിന് മാലിന്യമാണ് പ്രയാറ്റ് കടവില്‍ നിന്ന് ലഭിച്ചത്. നവീകരണത്തിന്  ശേഷം പ്രയാറ്റുകടവിലെ മാലിന്യം തള്ളല്‍ അവസാനിപ്പിക്കാന്‍ ഇവിടെ വഴിവിളക്കുകള്‍ സ്ഥാപിക്കുകയും രാത്രികാലത്ത് നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും മാലിന്യം  തള്ളിയതോടെ നാട്ടുകാര്‍ വീണ്ടും ജാഗ്രതയിലായി. ചിലയിടങ്ങളില്‍ നിരീക്ഷണ കാമറ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍. ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ കഴിയുന്ന കുറ്റമായതിനാല്‍ മാലിന്യം തള്ളുന്നവര്‍ക്ക് തടവും പിഴയും ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ഓതറ സ്വദേശികളായ വി കെ സതീഷിന്റെയും ചെല്ലമ്മയുടെയും പേരുകളാണ് മാലിന്യത്തില്‍ നിന്ന് ലഭിച്ചത്.
Next Story

RELATED STORIES

Share it