Flash News

നാട്ടില്‍ പോവുമ്പോള്‍ ആര്‍പി കാര്‍ഡ് നിര്‍ബന്ധം

നാട്ടില്‍ പോവുമ്പോള്‍ ആര്‍പി കാര്‍ഡ് നിര്‍ബന്ധം
X
state of qatar id cardദോഹ: പ്രവാസികള്‍ ഖത്തറില്‍ നിന്ന് പുറത്തു പോവുമ്പോഴും തിരിച്ചു വരുമ്പോഴും തിരിച്ചറിയല്‍ കാര്‍ഡ്(റസിഡന്റ് പെര്‍മിറ്റ്-ആര്‍പി) നിര്‍ബന്ധം. നേരത്തേ വിസ പാസ്‌പോര്‍ട്ടിലാണ് രേഖപ്പെടുത്തിയിരുന്നതെന്നതിനാല്‍ നാട്ടില്‍ പോവുമ്പോള്‍ ആര്‍പി കാര്‍ഡ് കൈയില്‍ കരുതേണ്ടിയിരുന്നില്ല. എന്നാല്‍, പുതിയ സംവിധാനപ്രകാരം പാസ്‌പോര്‍ട്ടിന് പകരം കാര്‍ഡിലാണ് വിസാ രേഖകള്‍ ഉള്‍പ്പെടുത്തുന്നത്.
പുതിയ താമസരേഖയുമായി (റസിഡന്റ് പെര്‍മിറ്റ് -ആര്‍പി) ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ആഭ്യന്തര മന്ത്രാലയം ്രപസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യത്തെ താമസക്കാര്‍ക്ക് നല്‍കുന്ന പുതിയ ആര്‍പി ആണ് പ്രധാന തിരിച്ചറിയല്‍ രേഖയായി പരിഗണിക്കുന്നത്. എല്ലാ സ്ഥലത്തും എല്ലാ സമയങ്ങളിലും ഇത് കൈവശം സൂക്ഷിക്കുകയും അധികൃതര്‍ ആവശ്യപ്പെടുമ്പോള്‍ കാണിക്കുകയും ചെയ്യണം.

തിരിച്ചറിയല്‍ രേഖ ആര്‍ക്കെങ്കിലും നഷ്ടപ്പെട്ടാലോ രാജ്യത്തേക്ക് പ്രവേശിക്കുന്ന സമയത്ത് കൈവശം വെക്കാതിരുന്നാലോ താഴെപറയുന്ന നിബന്ധനകള്‍ക്ക് വിധേയമായേ അനുവാദം ലഭിക്കുകയുള്ളൂ.തിരിച്ചറിയല്‍ രേഖ നഷ്ടമാവുകയും വിദേശത്ത് നിന്ന് ആറുമാസത്തിനുള്ളില്‍ ഖത്തറിലേക്ക് തിരിച്ചുവരികയുമാണെങ്കില്‍ ഇത്തരക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാവുന്നതാണ്. ഇവര്‍ക്ക് വിമാനത്താവളത്തില്‍ വെച്ച് തന്നെ സ്‌പോണ്‍സറുടെ ആശ്രയമില്ലാതെ നേരിട്ട് തിരിച്ചുവരാനായുള്ള വിസ (റിട്ടേണ്‍ വിസ) നല്‍കും.

എമിഗ്രേഷന്‍ വിഭാഗത്തില്‍ ഇവരുടെ തിരിച്ചറിയല്‍ രേഖ നഷ്ടപ്പെട്ടുവെന്ന് രേഖപ്പെടുത്തുകയും ചെയ്യും. ആറ് മാസത്തില്‍ കൂടുതല്‍ ഖത്തറിന് പുറത്ത് താമസിക്കുകയും ശേഷം മടങ്ങിവരികയും ചെയ്യുന്നവരാണെങ്കില്‍ തിരിച്ചുവരാനുള്ള വിസക്കായി സ്‌പോണ്‍സറെയോ, തൊഴിലുടമയെയോ ബന്ധപ്പെടേണ്ടതാണ്. കൂടാതെ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കില്ലെന്ന് രേഖാമൂലം ഒപ്പിട്ടുനല്‍കുകയും ശേഷം എമിഗ്രേഷന്‍ വിഭാഗത്തില്‍ ഇവരുടെ തിരിച്ചറിയല്‍ രേഖ നഷ്ടപ്പെട്ടുവെന്ന് രേഖപ്പെടുത്തുകയും ചെയ്യും. തിരിച്ചുവരാനുള്ള വിസ സ്‌പോണ്‍സറോ, തൊഴിലുടമയോ നല്‍കാതിരുന്നാല്‍ ഖത്തര്‍ താമസ നിയമം 4/2009-ന്റെ ലംഘനമായി കണക്കാക്കും. ഇക്കാര്യത്തില്‍ തൊഴിലുടമക്കെതിരെ അധികൃതര്‍ക്ക് പരാതി നല്‍കുകയും നിയമനടപടികളുമായി മുന്നോട്ടുപോകാവുന്നതുമാണ്.

എന്നാല്‍, ഏത് സാഹചര്യത്തിലും കാലാവധിയുള്ള പാസ്‌പോര്‍ട്ട് കൈവശംവെക്കുകയും താമസരേഖ കാലഹരണപ്പെടാതെ സൂക്ഷിക്കുകയും വേണം. രാജ്യത്ത് പ്രവേശിക്കുമ്പോഴും പുറത്തുപോകുമ്പോഴും നിര്‍ബന്ധമായും താമസ തിരിച്ചറിയല്‍ രേഖകള്‍ കൈവശം വെക്കണമെന്നും അറിയിപ്പില്‍ പറയുന്നു. രാജ്യത്ത് പുതുതായി നിലവില്‍ വന്ന രീതിയനുസരിച്ച് പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് പകരം വിദേശികളുടെ മുഴുവന്‍ രേഖകളും ഉള്‍പെടുത്തിയ റസിഡന്റ് കാര്‍ഡാണ് നല്‍കുന്നത്.

വിസ വിവരങ്ങളും ഈ കാര്‍ഡിലാണ് രേഖപ്പെടുത്തുന്നത്. അതിനാല്‍ എമിഗ്രേഷന്‍ നടപടികള്‍ക്ക് കാര്‍ഡ് നിര്‍ബന്ധമാണ്. പഴയ ലേബര്‍ ഐ.ഡി കാര്‍ഡ് യാത്രയില്‍ പ്രധാനമല്ലാത്തതിനാല്‍ നാട്ടില്‍ പോകുമ്പോഴും തിരിച്ചുവരുമ്പോഴും ഇതിന് ്രപാധാന്യമുണ്ടായിരുന്നില്ല. പുതിയ സംവിധാന പ്രകാരം നാട്ടില്‍ പോവുമ്പോള്‍ ഐഡി മാത്രം കാണിച്ചാല്‍ മതിയാവുമെങ്കിലും തിരിച്ചു വരുമ്പോള്‍ ഐഡിയും പാസ്‌പോര്‍ട്ടും ഹാജരാക്കേണ്ടി വരും. കഴിഞ്ഞ ജൂണ്‍ 15 മുതലാണ് പുതിയ തിരിച്ചറിയല്‍ കാര്‍ഡ് സംവിധാനം ആരംഎഭിച്ചത്. വ്യക്തിയുടെ താമസ സ്ഥലം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തും.
16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും ഐഡി കാര്‍ഡുകള്‍ നല്‍കും. വാലിഡിറ്റി തീരാത്ത ആര്‍പിയും ഐഡി കാര്‍ഡും കൈയിലുള്ളവര്‍ പുതിയ ഐഡി കാര്‍ഡിന് വേണ്ടി അപേക്ഷിക്കേണ്ടതില്ല. നിലവിലുള്ള ആര്‍പി കാര്‍ഡിന്റെ കാലാവധി തീരുമ്പോള്‍ അപേക്ഷിച്ചാല്‍ മതിയാവും. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ തന്നെ പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ പതിക്കുന്നത് ഒഴിവാക്കുന്ന സംവിധാനം പരീക്ഷണാര്‍ഥം ആരംഭിച്ചിരുന്നു.

Next Story

RELATED STORIES

Share it