wayanad local

നാട്ടാനകളിലെ ഏക കൊമ്പന്‍ ചരിഞ്ഞു

കല്‍പ്പറ്റ: ജില്ലയിലെ നാട്ടാനകളിലെ ഏക കൊമ്പന്‍ ഹംസരാജ് ചരിഞ്ഞു. ആനപ്രേമികളുടെ ഹരവും ഉല്‍സവപ്പറമ്പുകളിലെ ആവേശവുമായിരുന്ന മണിയങ്കോട് എസ്‌റ്റേറ്റിലെ എം എ ബാഹുബലികുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ഹംസരാജ്. 72 വയസ്സുള്ള ഹംസരാജ് ചൊവ്വാഴ്ച ഉച്ചവരെ ഊര്‍ജസ്വലനായിരുന്നു. തോട്ടത്തില്‍ നിന്ന് ഉച്ചയൂണിനായി വീട്ടിലേക്ക് ഓടിയെത്തിയ ആന അടിതെറ്റി വീഴുകയായിരുന്നു. ഉടന്‍ തന്നെ പ്രശസ്ത വെറ്ററിനറി ഡോക്ടര്‍ അരുണ്‍ സക്കറിയയും ഡോ. സൂര്യദാസും സ്ഥലത്തെത്തി പരിശോധിച്ചു. വാര്‍ധക്യസഹജമായ ക്ഷീണവും ഹൃദയത്തിന് തകരാറും ഉണ്ടെന്നു കണ്ടെത്തി പ്രാഥമിക ചികില്‍സ നല്‍കിയെങ്കിലും ബുധനാഴ്ച പുലര്‍ച്ചെ ചരിഞ്ഞു. എട്ടാംവയസ്സിലാണ് മണിയങ്കോട് എസ്‌റ്റേറ്റിലേക്ക് തോട്ടമുടമ ബാഹുബലികുമാര്‍ ഹംസരാജിനെ കൊണ്ടുവന്നത്. 15 വര്‍ഷം മുമ്പുവരെ വിവിധ ജോലികള്‍ക്കും ഉല്‍സവങ്ങള്‍ക്കും കൊണ്ടുപോയിരുന്നു. തിടമ്പേറ്റുന്ന ഹംസരാജിന് കൂട്ടായി പോയിരുന്ന റീനയും റാണിയും മാത്രമാണ് ജില്ലയില്‍ അവശേഷിക്കുന്ന നാട്ടാനകള്‍. കാക്കവയലിലെ വടക്കേക്കര രാജപ്പന്റെ ഉടമസ്ഥതയിലാണ് റീന(44)യും റാണി(46)യും. മണിയങ്കോട് എസ്‌റ്റേറ്റിലെ നാരായണനാണ് 35 വര്‍ഷമായി ഹംസരാജിന്റെ പാപ്പാന്‍. വെറ്ററിനറി ഡോക്ടര്‍ താരയുടെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍മാരായ കെ ജെ ജോസ്, എം പത്മനാഭന്‍ എന്നിവര്‍ ചേര്‍ന്ന് ഇന്‍ക്വസ്റ്റ് നടത്തി കൊമ്പുകള്‍ കസ്റ്റഡിയിലെടുത്തു. ആനയുടെ ഉടമകള്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ നടപടികള്‍ പൂര്‍ത്തിയാക്കി കൊമ്പുകള്‍ ഉടമയ്ക്ക് തിരിച്ചു നല്‍കും. ആചാരപ്രകാരമുള്ള ചടങ്ങുകള്‍ക്കു ശേഷം ജഡം ദഹിപ്പിച്ചു. അന്തിമോപചാരമര്‍പ്പിക്കാനും ചടങ്ങുകളില്‍ പങ്കെടുക്കാനും നിരവധി പേര്‍ എത്തിയിരുന്നു.
Next Story

RELATED STORIES

Share it