dwaivarika

നാടുകടത്തലിന്റെ ദുരിതങ്ങള്‍ - 2

നാടുകടത്തലിന്റെ ദുരിതങ്ങള്‍ - 2
X
Andaman Trip 1 593

കുറുവക്കല്‍ മൊയ്തീന്‍കുട്ടി/സദ്‌റുദ്ദീന്‍ വാഴക്കാട്

പ്പാന്‍കാരില്‍ നല്ലവരും ഉണ്ടായിരുന്നു. ജപ്പാന്‍ ഭാഷയില്‍ 'തയ്ച്ചു' എന്നു വിളിക്കുന്ന ഒരു പട്ടാള ഓഫീസറുണ്ടായിരുന്നു. നല്ല മനുഷ്യന്‍. എന്നോട് വലിയ ഇഷ്ടമായിരുന്നു. എവിടെ പോകുമ്പോഴും എന്നെ കൂടെ കൊണ്ടുപോകും. എനിക്ക് ജപ്പാന്‍ ഭാഷ കുറച്ചൊക്കെ അറിയാമായിരുന്നു. അദ്ദേഹത്തിന് ആരോടെങ്കിലും സംസാരിക്കാന്‍ ഭാഷ അറിയുന്ന ആള്‍ വേണമല്ലോ. എന്നെ കുതിരപ്പുറത്ത് കയറ്റിക്കൊണ്ടുപോകും. ഒരു കാറുണ്ടായിരുന്നു. ചിലപ്പോള്‍ അതിലും കയറ്റും. ബ്രിട്ടീഷുകാര്‍ തിരിച്ചുവന്ന ശേഷവും തയ്ച്ചു ദിവസവും വൈകുന്നേരം എന്റെ വീട്ടില്‍ വരും, ചായകുടിക്കാന്‍. മധുരമുള്ള അപ്പം വലിയ ഇഷ്ടമായിരുന്നു. 'തയ്ച്ചു' തിരിച്ചു പോകുമ്പോള്‍ എനിക്ക് രണ്ട് സൈക്കിള്‍ തന്നു. ജപ്പാന്‍കാര്‍ ഇവിടെ കുറെ സൈക്കിള്‍ കൊണ്ടുവന്നിരുന്നു. ബ്രിട്ടീഷുകാര്‍ തിരിച്ചുവന്ന ശേഷം, നാട്ടിലേക്ക് മടങ്ങുന്ന ജപ്പാന്‍കാരുടെ കയ്യിലുള്ള നല്ല പല സാധനങ്ങളും അവര്‍ കൈക്കലാക്കിയിരുന്നു. ഒരു ദിവസം തൈച്ചു എനിക്ക് 9 നല്ല വാച്ചുകള്‍ കൊണ്ടുതന്നു. കൂടെയുള്ള ജപ്പാന്‍കാരുടെയെല്ലാം വാച്ചുകളാണ്, ബ്രിട്ടീഷുകാര്‍ പിടിച്ചുവാങ്ങാതിരിക്കാനാണ് എന്നെ ഏല്‍പിച്ചത്. ഞങ്ങള്‍ നാട്ടിലേക്ക് പോകുമ്പോള്‍ തിരിച്ചുവാങ്ങിക്കൊള്ളാം എന്നും പറഞ്ഞു. ഒരു പെട്ടിയില്‍ നന്നായി അടച്ചുവെച്ചതായിരുന്നു. ഞാനത് കുടിലില്‍ കൊണ്ടുവന്നു പാത്തുവെച്ചു. പത്തുപതിനഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ തയ്ച്ചു വന്നു, 'ഞങ്ങള്‍ നാളെ പോകാണ്, നീ വാച്ച് അങ്ങോട്ട് കൊണ്ട് താ' എന്നു പറഞ്ഞിട്ട് പോയി. ഉമ്മയും മറ്റുള്ളവരുമൊക്കെ കൊടുക്കണ്ടാന്ന് പറഞ്ഞു. അവര്‍ രണ്ടു ദിവസത്തിനകംകൊണ്ടു പോകും, പിന്നെന്തിനാ കൊടുക്കുന്നെ? ഇതായിരുന്നു വീട്ടുകാരുടെ ചോദ്യം. കൊടുക്കണം എന്ന് എനിക്ക് നിര്‍ബന്ധം. കൊടുക്കണ്ടാന്ന് വീട്ടുകാര്‍ പറഞ്ഞുകൊണ്ടിരുന്നു. അവസാനം ഞാന്‍ കരഞ്ഞു ബഹളം വെച്ചു. മറ്റുള്ളവരുടെ മുതല് എടുക്കാന്‍ പാടില്ലല്ലോ, എന്നെ വിശ്വസിച്ച് ഏല്‍പിച്ചതല്ലേ, അവസാനം ഉമ്മ എടുത്തുതന്നു. ഞാനത് അയാള്‍ക്ക് വീട്ടില്‍ കൊണ്ടുകൊടുത്തു. 13 വയസാണ് അന്നെനിക്ക് പ്രായം. 'തയ്ച്ചു'വിന് വലിയ andaman
സന്തോഷമായി. എനിക്ക് ഒരു ഗ്രാമഫോണും, അഞ്ചാറ് റെക്കോര്‍ഡുകളും രണ്ട് സൈക്കിളും കുറെ ടിന്നുകളും, പൊട്ടുന്ന പാത്രങ്ങളും തന്നു. എല്ലാം കൂടി എനിക്ക് കൊണ്ടുവരാന്‍ വയ്യ. തയ്ച്ചുവിന്റെ താഴെയുള്ള ഉദ്യോഗസ്ഥനെ വിളിച്ച് എല്ലാം എന്റെ വീട്ടില്‍ എത്തിച്ചു തരാന്‍ പറഞ്ഞു. പിറ്റേന്ന് രാവിലെ, ഏതാണ്ട് നാലര മണിക്ക് തയ്ച്ചു എന്റെ വീട്ടില്‍ വന്നു. മൂന്ന് നാല് വണ്ടികളുണ്ട്, അതിലൊക്കെ ജപ്പാന്‍കാരും. നാട്ടിലേക്ക് പോകാണ്. തയ്ച്ചു എന്നെ വിളിച്ചു. സാറൂ, സാറൂ. എന്റെ പേര് മൊയ്ദീന്‍കുട്ടി എന്നാണെങ്കിലും തയ്ച്ചു വിളിച്ചിരുന്നത് 'സാറൂ'ന്നാണ്. കുരങ്ങിനാണ് ജപ്പാന്‍ ഭാഷയില്‍ 'സാറൂ' എന്നു പറയുക. തയ്ച്ചുവിന് ഒരു കുരങ്ങ് ഉണ്ടായിരുന്നു. ഞാന്‍ വീട്ടില്‍ പോകുമ്പോഴൊക്കെ അതിനെ കളിപ്പിക്കും. അങ്ങിനെയാണ് എന്നെയും സാറൂന്ന് വിളിച്ചത്. ഞാന്‍ അടുത്തു ചെന്നപ്പോള്‍ എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു വാപ്പമാര് മക്കളെയെന്നപോലെ. കരഞ്ഞുകൊണ്ടാണ് 'തയ്ച്ചു' വണ്ടിയില്‍ കയറിപ്പോയത്. ആ രംഗം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. 'മീനാമീത്തായ്' എന്നായിരുന്നു അയാളുടെ പേര്.ജപ്പാന്‍കാരുടെ തിരിച്ചുപോക്ക്?”ഒരു ദിവസം ഞങ്ങള്‍ക്ക് ഒരു പേപ്പര്‍ കിട്ടി. ഹെലിക്കോപ്റ്ററിലോ മറ്റൊ കൊണ്ടുവന്നിട്ട നോട്ടീസ്. ഇംഗ്ലീഷിലാണ്, വായിക്കാനറിയില്ലല്ലോ. ഞങ്ങള്‍ അതുമായി ഒരു ജപ്പാന്‍കാരന്റെ അടുത്തുപോയി. നോട്ടീസ് വായിച്ച് അയാള്‍ക്ക് വലിയ സന്തോഷം. ''ജപ്പാനും ബ്രിട്ടനും തമ്മിലുള്ള പ്രശ്‌നം തീര്‍ന്നു. യുദ്ധവും അവസാനിച്ചു. ഇനി ഞങ്ങള്‍ക്കൊക്കെ നാട്ടിലേക്ക് മടങ്ങാം''. സന്തോഷത്തോടെയാണ് ജപ്പാന്‍ പട്ടാളക്കാരന്‍ ഇത് പറഞ്ഞത്. ജപ്പാനില്‍ അണുബോംബ് വര്‍ഷിച്ചതും യുദ്ധം നിര്‍ത്തിയതുമൊക്കെ പിന്നീട് ഞങ്ങള്‍ അറിഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ബ്രിട്ടീഷുകാര്‍ ആന്തമാനിലേക്കു വന്നു. ആദ്യം വന്ന ഓഫീസര്‍മാര്‍ ഒരു ചുവന്ന ബനിയനാണ് ഇട്ടിരുന്നത്. ഞങ്ങളെയൊക്കെ വിളിച്ചുകൂട്ടി എന്തൊക്കെയോ പറഞ്ഞു. പിന്നെ നേവി ഷിപ്പ് വന്നു. ഇന്ത്യക്കാരായ ഉദ്യോഗസ്ഥരും, പട്ടാളക്കാരും ഭക്ഷണ സാധനങ്ങളും ഉണ്ടായിരുന്നു. ഹിന്ദുസ്ഥാനികളും മലയാളികളും ആ പട്ടാളക്കാരില്‍ ഉണ്ടായിരുന്നു. ഞങ്ങളുടെ അടുത്തുവന്ന് മലയാളം സംസാരിച്ചപ്പോഴാണ് മലയാളികള്‍ ഉണ്ടെന്ന് മനസ്സിലായത്. സര്‍ദാര്‍ജിമാരും ഉണ്ടായിരുന്നു. അവര്‍ വന്ന് ജപ്പാന്‍ പട്ടാളക്കാരെ വിളിച്ചുകൂട്ടി, ആയുധങ്ങള്‍ പിടിച്ചെടുത്തു. ചില ജപ്പാന്‍ പട്ടാള ഓഫീസര്‍മാരെ ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. ആന്തമാനിലെ ജനങ്ങളോട് അക്രമം ചെയ്തതിന്റെ പേരില്‍ സിങ്കപ്പൂരില്‍ വെച്ച് ബ്രിട്ടന്‍ ആ ജപ്പാന്‍ പട്ടാളക്കാരെ ശിക്ഷിച്ചു. ചിലരെ ജയിലിലിട്ടു, ചിലരെ തൂക്കിക്കൊന്നു.1945 ലാണ് ബ്രിട്ടീഷുകാര്‍ തിരിച്ചുവന്നത്. നല്ല കാലമായിരുന്നു അത്. ജപ്പാന്‍കാരുടെ കാലത്തുണ്ടായിരുന്ന എല്ലാ പ്രയാസങ്ങളും ബ്രിട്ടന്‍ വന്നതോടെ അവസാനിച്ചു. ഭക്ഷണവും വസ്ത്രവും ബ്രിട്ടീഷുകാര്‍ കൊണ്ടുവന്നിരുന്നു. വലിയ ടിന്നില്‍ നിറയെ ഭക്ഷണ സാധനങ്ങള്‍. പഞ്ചസാര, ചായപ്പൊടി, ബിസ്‌ക്കറ്റ്, അരി... വെള്ളമൊഴിച്ച് മറ്റല്ലാമുണ്ടായിരുന്നു ആ ടിന്നില്‍.   പിന്നെ പലതരം തുണികള്‍. വീട്ടിലെ ആളുകളുടെ എണ്ണം നോക്കി കൊടുത്തു. ജപ്പാന്‍ കാലത്തെ ദാരിദ്ര്യവും പട്ടിണിയും കഷ്ടപ്പാടുമെല്ലാം നീങ്ങിപ്പോയി. പത്തു എണ്ണമുള്ള ഒരു പാക്കറ്റ് ഒരാള്‍ക്ക് എന്ന രീതിയില്‍ വീട്ടില്‍ എല്ലാവര്‍ക്കും സിഗരറ്റ് കൊടുത്തു. എന്റെ വീട്ടില്‍ 6 പേരുണ്ട്, ആരും സിഗരറ്റ് വലിക്കില്ല. ഞാന്‍ അത് ജപ്പാന്‍കാരന്‍ തയ്ച്ചുവിനു കൊടുക്കും. വീട്ടിലെ എല്ലാവര്‍ക്കും ഓരോ ജോഡി ഷൂ, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഷൂ കിട്ടി. മാസത്തില്‍ രണ്ടുതവണ ബ്രിട്ടീഷ് വണ്ടി ഇത്തരം സാധനങ്ങളെല്ലാം കൊണ്ടാണ് വരിക. അതോടെ ജീവിതം സുഖകരമായിത്തീര്‍ന്നു.പോര്‍ട്ട് ബ്ലയര്‍, മണ്ണാര്‍ക്കാട്, നാരായന്‍ നഗര്‍, നയാപുരം, സ്റ്റുവര്‍ട്ട് ഗഞ്ച്, കാലിക്കറ്റ്, ഉഗ്രാബ്രഞ്ച്, തൃഷ്ണാ ബാദ് തുടങ്ങിയ സ്ഥലങ്ങളിലൊക്കെ മുസ്‌ലിംകള്‍ക്ക് ബ്രിട്ടീഷുകാര്‍ പള്ളി പണിതുകൊടുത്തിട്ടുണ്ട്. പോര്‍ട്ട് ബ്ലയറിലെ ജുമാ മസ്ജിദും പോലിസ് മസ്ജിദും ഇന്നും നല്ല കാഴ്ചയാണ്. ആളുകള്‍ താമസിക്കുന്നിടത്തൊക്കെ ആരാധിക്കാന്‍ പള്ളിയും മാതൃഭാഷ പഠിപ്പിക്കാന്‍ പള്ളിക്കൂടവും ബ്രിട്ടീഷുകാര്‍ നിര്‍മിക്കുകയുണ്ടായി.മതപരമായ അവസ്ഥ?ഇസ്‌ലാമിനെകുറിച്ച് വലിയ അറിവൊന്നും ഇല്ല. നാട്ടില്‍ നിന്ന് കുറച്ചെന്തോ ഓതിപ്പഠിച്ചവരുണ്ടായിരുന്നു. അതിലേറെ ഒന്നുമില്ല. നമസ്‌കാരത്തില്‍, ഖുര്‍ആന്‍ പാരായണത്തിന്റെ സുജൂദ് (സുജൂദുത്തിലാവത്) ചെയ്തതിന്റെ പേരില്‍ 'നമസ്‌കാരം അറിയില്ല' എന്നു പറഞ്ഞ് ഒരു ഇമാമിനെ പള്ളിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. അതില്‍ നിന്ന് മനസ്സിലാക്കാം ദീനിനെ കുറിച്ച അറിവ്. മുഹ്‌യിദ്ദീന്‍ മാലയും മങ്കൂസ് മൗലീദുമായിരുന്നു പ്രധാനപ്പെട്ട ദീനീ ചിഹ്നങ്ങള്‍. പള്ളികളുണ്ടായിരുന്നെങ്കിലും ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്തൊന്നും ജുമുഅ ഉണ്ടായിരുന്നില്ല. ഓരോ പ്രദേശത്തുനിന്നും വന്നവര്‍ ഓരോ സ്ഥലത്ത് ഒന്നിച്ചാണ് താമസം. മണ്ണാര്‍ക്കാട്ടുനിന്ന് വന്നവര്‍ ഒരു സ്ഥലത്ത്, ചെമ്മാട്-തിരൂരങ്ങാടി ഭാഗത്ത് നിന്നുവന്നവര്‍ മറ്റൊരു സ്ഥലത്ത്... ഇവിടെ പള്ളികള്‍ ഉണ്ടായിരുന്നെങ്കിലും ജുമുഅ ഇല്ലായിരുന്നു. അതിന് രണ്ട് കാരണങ്ങളാണുണ്ടായിരുന്നത്. ജുമുഅ സാധുവാകുവാന്‍ 40 ആളുകള്‍ വേണം എന്ന നിയമമായിരുന്നു ഒന്ന്. ഒരു പള്ളിയുടെയും പരിസരത്ത് 40 പേര്‍ ഇല്ലായിരുന്നു. കുറച്ചപ്പുറത്ത് ഒരു പള്ളിയും കുറച്ച് ആളുകളുമുണ്ടാവും, അവിടെയും 40 പേര്‍ ഇല്ല. രണ്ട് സ്ഥലത്തുള്ളവരും ഒരുമിച്ചു ചേര്‍ന്നാല്‍ ജുമുഅ ആകും. പക്ഷേ, രണ്ടും രണ്ടു മഹല്ലുകളാണല്ലോ. ഒരു മഹല്ലില്‍ തന്നെ 40 പേര്‍ തികയണമെന്ന നിബന്ധന ഉണ്ടായിരുന്നതിനാലാണ് ജുമുഅ ഇല്ലാത്ത സാഹചര്യമുണ്ടായത്. യാത്രക്കാര്‍ക്ക് ജുമുഅ വേണ്ട എന്ന നിയമമായിരുന്നു രണ്ടാമത്തെ കാരണം. 'കേരളത്തില്‍ നിന്ന് നാടു കടത്തപ്പെട്ടു വന്നവര്‍, എപ്പോഴും നാട്ടിലേക്ക് തിരിച്ചു പോകുവാനുള്ള മനസ്സോടെയാണ് ഇവിടെ കഴിയുന്നത്. അതുകൊണ്ട്, അവരെ യാത്രക്കാരായി പരിഗണിക്കാം. ഇക്കാരണത്താല്‍ കുറെ കാലം ജുമുഅ നമസ്‌കരിച്ചിരുന്നില്ല. പിന്നെ, ക്രമേണ അവസ്ഥകളൊക്കെ മാറിവന്നു. പുരോഗമന ചിന്തകള്‍ പ്രചരിച്ചു. പോക്കു മൗലവി, ഷഡു മൗലവി തുടങ്ങിയ പണ്ഡിതന്മാരും മൗലവിമാരും ദീനി പ്രവര്‍ത്തനം നടത്തി. മദ്‌റസകള്‍ ആരംഭിച്ചതോടെ ദീനി പറനത്തിനും അവസരമുണ്ടായി. ഇന്നിപ്പോള്‍ ആന്തമാനിലെ മാപ്പിള മുസ്‌ലിംകള്‍ വളരെ സജീവരാണ്. എല്ലാ മതസംഘടനകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.ജന്മനാട്ടിലേക്കുള്ള മടക്കം?ഞങ്ങള്‍ക്ക് അന്യതാബോധം അനുഭവപ്പെടുന്നില്ല. കുടിയേറ്റക്കാരാണെന്ന ബോധവും ഞങ്ങള്‍ക്കില്ല. ഇതുതന്നെയാണ് ഞങ്ങളുടെ നാട്. കേരളത്തിലെ കുടുംബങ്ങളുമായി ഇപ്പോഴും ബന്ധം തുടരുന്നു. ഞങ്ങള്‍ അങ്ങോട്ടു പോകാറുണ്ട്. അവരില്‍ ചിലര്‍ ഇങ്ങോട്ടും വരാറുണ്ട്. പക്ഷേ, ഇവിടം വിട്ട് കേരളത്തിലേക്ക് വരണം എന്ന് ഞങ്ങള്‍ക്കു തോന്നാറില്ല. ഇപ്പോള്‍ കേരളവുമായി വിവാഹ ബന്ധവും നടക്കുന്നു. പുതിയ തലമുറയിലെ ചിലര്‍ കല്യാണം കഴിച്ചും, ജോലി സ്വീകരിച്ചും കേരളത്തില്‍ വന്ന് താമസിക്കുന്നുമുണ്ട്. ഫോണ്‍ സൗകര്യമുണ്ടായതോടെ വിവരങ്ങളും വിശേഷങ്ങളുമൊക്കെ അറിയാന്‍ എളുപ്പമാണ്. ചികിത്സക്കുവേണ്ടി കുറേ ആളുകള്‍ കേരളത്തിലേക്ക് വരുന്നുണ്ട്.  ഞങ്ങള്‍ ആന്തമാനില്‍ ഒരു പ്രദേശത്ത് ഒന്നിച്ചു താമസിച്ചു. മാപ്പിള മുസ്‌ലിംകള്‍ വിവാഹ ബന്ധങ്ങള്‍ സ്ഥാപിച്ചത് തമ്മില്‍ തമ്മിലായിരുന്നു. ആദ്യമൊന്നും മാപ്പിളമാരല്ലാത്ത  മുസ്‌ലിംകള്‍ക്ക് പെണ്ണുകൊടുക്കുകയോ, ഇങ്ങോട്ട് പെണ്ണിനെ എടുക്കുകയോ ചെയ്തിരുന്നില്ല. ഹിന്ദി സസാരിക്കുന്ന പെണ്‍കുട്ടിയെ കല്യാണം കഴിക്കുന്നതിന് മാപ്പിളമാര്‍ പൊതുവെ എതിരായിരുന്നു. ഒറ്റപ്പെട്ട ചില വിവാഹ ബന്ധങ്ങളൊക്കെ ഹിന്ദുസ്ഥാനികളുമായി മാപ്പിളമാര്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, ഞങ്ങളുടെ പ്രദേശത്തൊന്നും അങ്ങനെ ഉണ്ടായിരുന്നില്ല. ശരിയായ ദീന്‍ ഉള്ളത് മാപ്പിളമാര്‍ക്കാണെന്നായിരുന്നു കാഴ്ചപ്പാട്. ആന്തമാനിലെ മാപ്പിളമാര്‍ മലബാറിന്റെ പഴയ ഭാഷയും മറ്റു സാംസ്‌കാരിക സവിശേഷതകളും ദീര്‍ഘകാലം മാറ്റങ്ങളില്ലാതെ നിലനിര്‍ത്തി. പത്തുപതിനഞ്ചു വര്‍ഷത്തിനിപ്പുറത്താണ് അതില്‍ ചില മാറ്റങ്ങളൊക്കെ വന്നു തുടങ്ങിയത്.ജോലി, കുടുംബം?ആന്തമാനില്‍നിന്നും ജപ്പാന്‍കാര്‍ പോകുന്നതിനു മുമ്പുതന്നെ എളാപ്പ  മരിച്ചിരുന്നു. ജപ്പാന്‍ ഭരണത്തില്‍ ഞങ്ങളുടെ കന്നുകാലികള്‍ നഷ്ടപ്പെട്ടു. ആരൊക്കെയൊ പിടിച്ചുകൊണ്ടുപോയതാണ്. കൃഷിയും കുറെയെല്ലാം നശിച്ചു. എളാപ്പയും മരിച്ചതോടെ ജീവിതം പിന്നെയും ദുരിതത്തിലായി. എനിക്കന്ന് 13-14 വയസ് കാണും. അന്നു തുടങ്ങിയതാണ് പലതരം ജോലികള്‍ ചെയ്യാന്‍. സര്‍ക്കാര്‍ ജോലി കിട്ടി. 1965 ല്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റില്‍ നിയോഗിതനായി. കാര്‍പെന്ററായിരുന്നു ഞാന്‍. സര്‍ക്കാര്‍ ജോലി ആയതോടെ ജീവിതം സുഖകരമായി. 35 വര്‍ഷത്തോളം സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്തു. ഇപ്പോള്‍ ഞങ്ങള്‍ സംതൃപ്തനാണ്. ഞങ്ങള്‍ക്ക് ജീവിക്കാനുള്ള എല്ലാ വകകളുമുണ്ട്.   (അവസാനിച്ചു.)
Next Story

RELATED STORIES

Share it