നാഗാലാന്‍ഡ്: മുഖ്യമന്ത്രിപദത്തില്‍ കണ്ണ്‌നട്ട് നെയ്ഫ്യൂ റിയോ

കോഹിമ: നാഗാലാന്‍ഡില്‍ മുഖ്യമന്ത്രിപദത്തില്‍ കണ്ണ്‌നട്ട് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട നെയ്ഫ്യൂ റിയോ. നെയ്ഫ്യൂ റിയോയുടെ പിന്തുണയോടെ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് രൂപംകൊണ്ട നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് പാര്‍ട്ടി (എന്‍ഡിപിപി) ബിജെപിയുമായി കൂട്ടുകൂടി 29 സീറ്റുകള്‍ നേടിയിട്ടുണ്ട്. തന്റെ മുന്‍ പാര്‍ട്ടിയും ഭരണകക്ഷിയുമായ നാഗാ പീപ്പിള്‍സ് ഫ്രണ്ടിനെ (എന്‍പിഎഫ്)യാണു റിയോയുടെ നേതൃത്വത്തില്‍ പരാജയപ്പെടുത്തിയത്. മൂന്നു തവണ മുഖ്യമന്ത്രി ആയ റിയോ പാര്‍ട്ടികള്‍ മാറിമറഞ്ഞാണ് എന്‍ഡിപിപിയിലെത്തിയത്. ഇത്തവണ എതിരില്ലാതെയാണു നോര്‍ത്തേണ്‍ അംഗമി (രണ്ട്)ല്‍ നിന്നും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.
നെയ്ഫ്യൂ റിയോ നേതൃത്വം നല്‍കിയ എന്‍പിഎഫ് ആണ് 15 വര്‍ഷമായി നാഗാലാന്‍ഡ് ഭരിച്ചിരുന്നത്. മൂന്നുതവണയും റിയോ ആയിരുന്നു മുഖ്യമന്ത്രി. എന്‍പിഎഫില്‍ ചേരുന്നതിനു മുമ്പ് റിയോ കോണ്‍ഗ്രസ്സിന്റെ കൂടെയായിരുന്നു. നാഗാ സമാധാന ശ്രമങ്ങള്‍ക്കു മുഖ്യമന്ത്രി എസ് സി ജാമിര്‍ തുരങ്കംവയ്ക്കുകയാണെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് വിട്ടത്. പിന്നീട് നാഗാ സംഘടനകളുടെ പിന്തുണ നേടിയെടുത്ത റിയോ എന്‍പിഎഫിനെ നയിച്ചു. ഇതിനിടെ ദേശീയ രാഷ്ട്രീയത്തിലേക്ക് പോയതാണ് റിയോ എന്‍പിഎഫ് വിടാന്‍ ഇടയാക്കിയത്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ ചര്‍ച്ചകള്‍ വന്നതോടെ റിയോ എന്‍പിഎഫ് വിടുകയും ചെയ്തു.
ചെറുപാര്‍ട്ടികളുടെ സഹായത്തോടെ മന്ത്രിസഭ രൂപീകരിക്കാനാണ് ശ്രമം. ബിജെപിക്ക് റിയോ മുഖ്യമന്ത്രിയാവുന്നതിനോട് എതിര്‍പ്പില്ല. സ്വന്തം പാര്‍ട്ടിയിലും അദ്ദേഹത്തിന് എതിരാളികളില്ല. അതിനാല്‍ ഉടന്‍തന്നെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാവുമെന്നാണു സൂചന.
Next Story

RELATED STORIES

Share it