Kottayam Local

നഷ്ട പരിഹാരം സംബന്ധിച്ച് പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമെന്ന് : എസ്‌ഐ



എരുമേലി: കഴിഞ്ഞയിടെ എരുമേലി പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ സഞ്ചരിച്ച കാര്‍ ഒരു വീടിന്റെ അടുക്കളയിലേയ്ക്കു നിയന്ത്രണം തെറ്റി മറിഞ്ഞ സംഭവത്തില്‍ മനപ്പൂര്‍വം നഷ്ടപരിഹാരം നല്‍കിയില്ലെന്ന ആരോപണം ദുഷ്ടലാക്കോടെയാണെന്ന് എസ്‌ഐ ജെര്‍ളിന്‍ വി സ്‌കറിയാ. സംഭവം സംബന്ധിച്ച് കാഞ്ഞിരപ്പള്ളി പോലിസ് കേസെടുക്കുകയും വാഹനം ഡ്രൈവ് ചെയ്തിരുന്നത് എസ്‌ഐ ആയ താന്‍ ആയതിനാല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കെ നഷ്ട പരിഹാരം നല്‍കി കേസിന് തീര്‍പ്പ് നല്‍കാന്‍ കഴിയില്ല. മാത്രവുമല്ല ഇങ്ങനെയൊരു വാഗ്ദാനം കാര്‍ അപകടത്തില്‍ നഷ്ടമുണ്ടായ വീട്ടുകാര്‍ക്ക് താന്‍ ഉറപ്പു കൊടുത്തിട്ടില്ലെന്നും എസ്‌ഐ പറയുന്നു. വാസ്തവം ഇതായിരിക്കേ നഷ്ട പരിഹാരം നല്‍കാതെ കബളിപ്പിച്ചെന്ന മട്ടില്‍ തനിക്കെതിരേ ചില മാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ട വാര്‍ത്ത തന്റെ ഭാഗം അന്വേഷിക്കാതെയുള്ളതാണെന്ന് എസ്‌ഐ ജെര്‍ളിന്‍ സ്‌കറിയാ പറഞ്ഞു. എരുമേലി കുറുവാമൂഴി റോഡില്‍ സ്വകാര്യ വ്യക്തിയുടെ വീടിന്റെ അടുക്കളയിലേയ്ക്കാണ് ഏതാനും ദിവസം മുമ്പ് എസ്‌ഐ സഞ്ചരിച്ച കാര്‍ നിയന്ത്രണം തെറ്റി മറിഞ്ഞ് അപകടം സംഭവിച്ചത്. വാടകയ്ക്കു താമസിക്കുന്നവരാണ് വീട്ടുകാര്‍. ഇവര്‍ക്കും കെട്ടിട ഉടമയ്ക്കും നഷ്ട പരിഹാരം നല്‍കാമെന്ന് എസ്‌ഐ ഉറപ്പ് നല്‍കിയിട്ട് പാലിച്ചില്ലെന്നാണ് പ്രചരണമുണ്ടായത്. എന്നാല്‍ ഇങ്ങനെ ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് എസ്‌ഐ ജെര്‍ളിന്‍ വി സ്‌കറിയാ പറഞ്ഞു. എന്നാല്‍ നഷ്ടപരിഹാരം നല്‍കാമെന്ന ഉറപ്പിലാണ് വാഹനം നീക്കിയതെന്ന് വീട്ടുകാര്‍ പറയുന്നു. എന്നാല്‍ വീട്ടുകാരുടേയും കെട്ടിട ഉടമയുടേയും മൊഴി കാഞ്ഞിരപ്പള്ളി പോലിസ് രേഖപ്പെടുത്തി കേസ് എടുത്തിട്ടുള്ളതാണെന്നും എരുമേലി എസ്‌ഐ പറയുന്നു.
Next Story

RELATED STORIES

Share it