നഷ്ടപരിഹാര പദ്ധതികളില്‍ ആണ്‍കുട്ടികളെയും ഉള്‍പ്പെടുത്തണമെന്ന്‌

ന്യൂഡല്‍ഹി: ലൈംഗികാതിക്രമത്തിന് ഇരയാവുന്നവര്‍ക്കായുള്ള സംസ്ഥാനങ്ങളുടെ നഷ്ടപരിഹാര പദ്ധതികളില്‍ ലൈംഗിക പീഡനത്തിന് ഇരയാവുന്ന ആണ്‍കുട്ടികളെയും ഉള്‍പ്പെടുത്തണമെന്നു കേന്ദ്ര ശിശു, വനിതാ വികസന മന്ത്രാലയം. എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും മന്ത്രാലയം അയച്ച കത്തിലാണ് ഇക്കാര്യം നിര്‍ദേശിച്ചത്.
ഇടക്കാല, അന്തിമ നഷ്ടപരിഹാരങ്ങളും ഇവര്‍ക്കു ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കേന്ദ്രമന്ത്രി മേനകാഗാന്ധി മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. ആണ്‍-പെണ്‍ ലിംഗ വിത്യാസമില്ലാതെ കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനു പോക്‌സോ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചതിനു പിന്നാലെയാണ് ഈ സുപ്രധാന നിര്‍ദേശം.
ലിംഗവ്യത്യാസമില്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിനായാണു കേന്ദ്ര സര്‍ക്കാര്‍ പോക്‌സോ നിയമത്തില്‍ ഭേദഗതിക്കൊരുങ്ങുന്നത്.
ലൈംഗികാതിക്രമക്കേസുകളില്‍ ഏറ്റവും അധികം അവഗണിക്കപ്പെടുന്ന വിഭാഗമാണ് ആണ്‍കുട്ടികള്‍. ഇവരെ നഷ്ടപരിഹാര പദ്ധതികളില്‍ ഉള്‍പ്പെടുത്തണമെന്നാണു കഴിഞ്ഞദിവസം സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ മന്ത്രി വ്യക്തമാക്കുന്നത്.
Next Story

RELATED STORIES

Share it