നവ മാധ്യമങ്ങള്‍ വഴി തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തു

തിരുവനന്തപുരം: നിപാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നവ മാധ്യമങ്ങള്‍ വഴി തെറ്റായ പ്രചാരണം നടത്തിയവര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തു. ആരോഗ്യ വകുപ്പിന്റെ പരാതിയില്‍ ക്രൈം ബ്രാഞ്ചിന് കീഴിലെ സൈബര്‍ പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഐടി ആക്റ്റിലെയും പോലിസ് ആക്റ്റിലെയും വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ നിലവില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല. ആരോഗ്യവകുപ്പ് നല്‍കിയ പരാതിയെ തുടര്‍ന്ന് കേസെടുക്കാന്‍ ക്രൈംബ്രാഞ്ചിന് ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു.
തെറ്റായ സന്ദേശങ്ങളും വീഡിയോയും നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ക്രൈംബ്രാഞ്ച് മേധാവി മുഹമ്മദ് യാസിന്‍ പറഞ്ഞു. അതേസമയം, നിപാ വൈറസിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ തെറ്റായ പ്രചാരണം നടത്തിയ രണ്ടുപേര്‍ക്കെതിരേ തൃത്താല പോലിസ് കേസെടുത്തിട്ടുണ്ട്. പ്രകൃതിചികില്‍സകരെന്ന് അവകാശപ്പെടുന്ന ചേര്‍ത്തല സ്വദേശി മോഹനന്‍ വൈദ്യര്‍, ജേക്കബ് വടക്കാഞ്ചേരി എന്നിവര്‍ക്കെതിരെയാണ് പോലിസ് കേസെടുത്തത്. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പരാതിയിലാണ് നടപടി.
അതേസമയം, നിപ വൈറസ് രോഗബാധ സംബന്ധിച്ച് ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്ന വിധം ചിലര്‍ തെറ്റായ സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇത് കുറ്റകരമാണെന്നും സംസ്ഥാന പോലിസ് മേധാവി അറിയിച്ചു.
Next Story

RELATED STORIES

Share it