kozhikode local

നവീകരിച്ച മിഠായിത്തെരുവ് നാളെ നാടിനു സമര്‍പ്പിക്കും

കോഴിക്കോട്: നവീകരിച്ച തെരുവില്‍ വാഹന ഗതാഗതം വേണോ വേണ്ടയോ എന്ന തര്‍ക്കം നിലനില്‍ക്കേ മിഠായി തെരുവ് ജനങ്ങളെ വരവേല്‍ക്കാനൊരുങ്ങി. കോഴിക്കോട് പട്ടണത്തില്‍ മറ്റെവിടെയുമില്ലാത്ത വൈവിധ്യക്കാഴ്ചകളാണ് മിഠായിത്തെരുവില്‍ ഒരുങ്ങുന്നത്. ചിത്രപ്പണിയെ ഓര്‍മപ്പെടുത്തുന്ന കരിങ്കല്‍ പാതയും ചരിത്രം തുടിച്ചു നില്‍ക്കുന്ന ചുമര്‍ ചിത്രങ്ങളും ആധുനിക സുരക്ഷാ സംവിധാനങ്ങളുമായാണ് തെരുവ് പുതിയ നാളുകളെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. തെരുവിന്റെ പാരമ്പര്യത്തിനും ചരിത്രത്തിനും ഒത്ത നിലയില്‍ ഉദ്ഘാടന ചടങ്ങും ക്രമീകരിക്കാനുള്ള അവസാന ഒരുക്കങ്ങളിലാണ് ജില്ലാ ഭരണകൂടവും, ഡിടിപിസിയും വ്യാപാരി സമൂഹവും.
മിഠായിത്തെരുവ് പൈതൃകത്തെരുവായി സംരക്ഷിക്കുന്നതിന്റെ ഭാഗമായി നവീകരിച്ചതിന്റെ   ഉദ്ഘാടനവേളയില്‍ അവതരിപ്പിക്കുന്ന പരിപാടിയുടെ അവസാനവട്ട ഒരുക്കം ആനക്കുളം സാംസ്—കാരിക നിലയത്തില്‍ നടന്നു. എഴുത്തുകാരും അവരുടെ കഥാപാത്രങ്ങളുമായി 150ഓളം പേരാണ് ദൃശ്യാവതരണത്തില്‍ പങ്കെടുക്കുന്നത്. എസ് കെ പൊറ്റക്കാട്, ഉറൂബ്, വൈക്കം മുഹമ്മദ് ബഷീര്‍, പി എം താജ്, കെ എ കൊടുങ്ങല്ലൂര്‍, കെ പി കേശവമേനോന്‍, സഞ്ജയന്‍, തിക്കോടിയന്‍, പുനത്തില്‍ കുഞ്ഞബ്ദുല്ല തുടങ്ങി നിരവധി സാഹിത്യകാരന്‍മാരും അവരുടെ കഥാപാത്രങ്ങളുമാണ് പുനര്‍ജനിച്ചത്.
നാളെ അവതരിപ്പിക്കുന്നതിന്റെ പരിശീലനമായതിനാല്‍ കഥാപാത്രങ്ങളെല്ലാം അതാത് വേഷത്തിലാണ് വേദിയിലെത്തിയത്. നാടകഗ്രാം കോഴിക്കോടിന്റെ ആഭിമുഖ്യത്തിലാണ് അവതരിപ്പിക്കുന്നത്. സുധീര്‍ അമ്പലപ്പാടിന്റെ ആശയം സംവിധാനം ചെയ്യുന്നത് ടി സുരേഷ് ബാബുവാണ്. സത്യന്‍ സാഗരയും സംഘവുമാണ് വേഷവിധാനം ഒരുക്കിയത്.
Next Story

RELATED STORIES

Share it