Flash News

നവാസ് ശരീഫിന് അറസ്റ്റ് വാറന്റ്



ഇസ്‌ലാമാബാദ്: പാനമ കേസില്‍ കുറ്റാരോപിതനെന്ന് തെളിഞ്ഞ പാക് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് വാറന്റ്.  കോടതിയില്‍ ഹാജരാവുന്നതില്‍ ശരീഫ് വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് പാകിസ്താനിലെ അഴിമതിവിരുദ്ധ കോടതിയാണ് വാറന്റ് അയച്ചത്. ഭാര്യയുടെ ചികില്‍സ ആവശ്യാര്‍ഥം ലണ്ടനിലായതിനാല്‍ കോടതിയില്‍ ഹാജരാവുന്നതിന്  ശരീഫിന് ഇളവ് നല്‍കണമെന്ന അദ്ദേഹത്തിന്റെ അഭിഭാഷകന്റെ ഹരജി കോടതി തള്ളി. കേസില്‍ നവംബര്‍ 3ന് കോടതി വീണ്ടും വാദംകേള്‍ക്കും.പാകിസ്താനിലെ നിയമപ്രകാരം അടുത്ത വാദംകേള്‍ക്കലിനു മുമ്പ്്് ജാമ്യം ലഭിച്ചില്ലെങ്കില്‍ വിദേശത്തുനിന്നു മടങ്ങിയെത്തുന്ന ശരീഫിനെ ഉടന്‍ അറസ്റ്റ് ചെയ്യാം. പാനമ പേപ്പര്‍ ഇടപാടുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ നേരിടുന്ന ശരീഫ് നിരവധി തവണ കോടതിയില്‍ വാദംകേള്‍ക്കലിനു ഹാജരായിരുന്നില്ല. വിദേശത്ത് കണക്കില്‍പ്പെടാത്ത നിക്ഷേപമുണ്ടെന്ന കേസില്‍ ശരീഫ്, മകള്‍ മറിയം, മകളുടെ ഭര്‍ത്താവ് മുഹമ്മദ് സഫ്ദര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് ഒക്ടോബര്‍ 10ന് കോടതി കണ്ടെത്തിയിരുന്നു.കഴിഞ്ഞ ജൂലൈയിലാണ് അഴിമതിക്കേസില്‍ ശരീഫിനും കുടുംബത്തിനുമെതിരേ കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.  ലണ്ടനില്‍ അനധികൃത സ്വത്ത് ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രധാനമന്തി നവാസ് ശരീഫിനെ കോടതി അയോഗ്യനാക്കിയിരുന്നു.  ഭാര്യയുടെ ചികില്‍സയ്ക്കായി ശരീഫ് ഇപ്പോള്‍ ലണ്ടനിലാണ്.
Next Story

RELATED STORIES

Share it