നവകേരള മാര്‍ച്ചിന് ഉജ്ജ്വല തുടക്കം

ഉപ്പള: സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് ഉപ്പളയില്‍ ഉജ്വല തുടക്കം. ഇന്നലെ വൈകീട്ട് നാലിന് പിണറായി വിജയന് പാര്‍ട്ടി പതാക കൈമാറി പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ജാഥ ഉദ്ഘാടനം ചെയ്തു. പി കരുണാകരന്‍ എംപി അധ്യക്ഷത വഹിച്ചു. സിപിഎമ്മിന്റെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കംകൂടിയാണു ജാഥ. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സംബന്ധിച്ചു. നാടിന്റെ നാനാഭാഗങ്ങളില്‍നിന്ന് ആയിരങ്ങളാണ് ജാഥാ ഉദ്ഘാടനച്ചടങ്ങിന് സാക്ഷികളാവാന്‍ എത്തിയിരുന്നത്. അത്യുത്തര കേരളത്തിലെ ഭാഷാസംഗമഭൂമിയായ ഉപ്പളയില്‍നിന്ന് 1970ല്‍ എകെജി നയിച്ച യാത്രയെ അനുസ്മരിച്ചാണ് ജാഥ തുടങ്ങിയത്. വി എസ് അച്യുതാനന്ദനും പിണറായി വിജയനും അടുത്തകാലത്തായി ഒരേ വേദി പങ്കിട്ട സമ്മേളനമായിരുന്നു ഇന്നലെ. റെഡ് വോളന്റിയര്‍മാരുടെ അകമ്പടിയോടെയാണ് നേതാക്കളെ വേദിയിലേക്ക് ആനയിച്ചത്. തുളുനാടന്‍ മണ്ണില്‍ പാര്‍ട്ടിക്ക് നഷ്ടപ്പെട്ട ശക്തി തിരിച്ചുപിടിക്കുന്നതായിരുന്നു ഉദ്ഘാടനച്ചടങ്ങ്. ചുട്ടുപൊള്ളുന്ന വെയിലില്‍ സ്ത്രീകളും കുട്ടികളും അടക്കം തുളുനാട്ടിലെ നിരവധി പേര്‍ സംബന്ധിച്ചു. പഴയകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. ജാഥാംഗങ്ങളായ എം വി ഗോവിന്ദന്‍ മാസ്റ്റര്‍, കെ ജെ തോമസ്, എം ബി രാജേഷ് എംപി, പി കെ ബിജു എംപി, പി കെ സൈനബ, എ സമ്പത്ത് എംപി, കെ ടി ജലീല്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, എ കെ നാരായണന്‍, കെ കുഞ്ഞിരാമന്‍ എംഎല്‍എ, മുതിര്‍ന്ന നേതാവ് എ കെ നാരായണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജാഥയ്ക്ക് ഇന്നലെ വൈകീട്ട് കാസര്‍കോട് പിബി ഗ്രൗണ്ടില്‍ ആദ്യ സ്വീകരണം നല്‍കി.
Next Story

RELATED STORIES

Share it