നഴ്‌സ് ലിനിക്ക്് ആദരാഞ്ജലി അര്‍പ്പിച്ച് കേരളം

തിരുവനന്തപുരം: പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ സേവനമനുഷ്ഠിക്കവേ നിപാ വൈറസ് ബാധിച്ച് മരണമടഞ്ഞ നഴ്‌സ് ലിനി സജീഷിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
ആരോഗ്യമന്ത്രി കെ കെ ശൈലജ, ധനകാര്യ  മന്ത്രി ഡോ. തോമസ് ഐസക്, തൊഴില്‍, എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് നിശാഗന്ധിയില്‍ നിറഞ്ഞ സദസ്സോടെ അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചത്. ആരോഗ്യരംഗം നിതാന്ത ജാഗ്രത പുലര്‍ത്തവേ നമ്മളില്‍ ഒരംഗമായ ലിനി നഷ്ടപ്പെട്ടത് അങ്ങേയറ്റം വേദനാജനകമാണെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.
ജനങ്ങളെ സ്‌നേഹിക്കുന്ന നഴ്‌സായിരുന്നു ലിനി. സ്വന്തം ആരോഗ്യം പോലും നോക്കാതെയാണ് ആത്മാര്‍ഥ സേവനം ചെയ്തത്. എല്ലാ കാലവും ആരോഗ്യമേഖല ലിനിയെ അനുസ്മരിക്കുന്നതാണ്. അതുകൊണ്ട് തന്നെയാണ് ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. ജീവനക്കാരുടെ സുരക്ഷിതത്വം സര്‍ക്കാര്‍ ഉറപ്പുവരുത്തും. ഇതിനായി പരിശീലനങ്ങള്‍ സംഘടിപ്പിക്കും.
ജീവനക്കാര്‍ അവരുടെ സുരക്ഷിതത്വം സ്വയം ഉറപ്പുവരുത്തുകയും വേണം. കാലാവസ്ഥാ വ്യതിയാനം കാരണം പലതരം പകര്‍ച്ചവ്യാധികളാണ് വന്നുകൊണ്ടിരിക്കുന്നത്.
നിപാ വൈറസിനെ തുടക്കത്തില്‍ തന്നെ നിയന്ത്രിക്കാനായത് വലിയ നേട്ടമായി.
ഇന്‍കുബേഷന്‍ പീരിയഡ് കഴിഞ്ഞാല്‍ മാത്രമേ നിപാ ശമിച്ചുവെന്ന് പറയാന്‍ കഴിയുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
മേയര്‍ വി കെ പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, നഴ്‌സിങ് രജിട്രാര്‍ വല്‍സ കെ പണിക്കര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ജോ. ഡയറക്ടര്‍ ഡോ. കെ ശ്രീകുമാരി, സ്‌പെഷ്യല്‍ ഓഫിസര്‍ ഡോ. അജയകുമാര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യൂ പങ്കെടുത്തു.
Next Story

RELATED STORIES

Share it