kasaragod local

നമ്പ്യാര്‍ക്കല്‍ അണക്കെട്ടും ട്രാക്ടര്‍ വേയും നാടിനു സമര്‍പ്പിച്ചു

പടന്നക്കാട്: കാഞ്ഞങ്ങാടിന്റെ കാര്‍ഷിക സ്വപ്‌നങ്ങള്‍ക്കും യാത്രാദുരിതത്തിനും അറുതിയായി നമ്പ്യാര്‍ക്കല്‍ അണക്കെട്ടും ട്രാക്ടര്‍വേയും ജലവിഭവ മന്ത്രി മാത്യു ടി തോമസ് നാടിന് സമര്‍പ്പിച്ചു. അണക്കെട്ട് യാഥാര്‍ഥ്യമായതോടെ വര്‍ഷംതോറും ഉപ്പുവെള്ളം കയറി നശിപ്പിക്കുന്ന കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭാ പരിധിയില്‍പെടുന്ന 200 എക്കറിലധികം നെല്‍പ്പാടങ്ങള്‍ സംരക്ഷിക്കപ്പെടുകയാണ്. 2006ലെ സര്‍ക്കാരിന്റെ കാലത്ത് ഹൊസ്ദുര്‍ഗ് എംഎല്‍എയായ പള്ളിപ്രംബാലന്റെ പരിശ്രമത്തിന്റെ ഫലമായാണ് 4.35 കോടിയുടെ പദ്ധതിക്ക് അനുമതി ലഭിച്ചത്. കാഞ്ഞങ്ങാട് നഗരസഭയുടെ കിഴക്കന്‍ അതിര്‍ത്തിപ്രദേശങ്ങളായ മധുരങ്കൈ, മോനാച്ച, കാര്‍ത്തിക, പടന്നക്കാട്, പുതുക്കൈ പ്രദേശങ്ങള്‍ക്കാണ് അണക്കെട്ടിന്റെയും പാലത്തിന്റെയും പ്രയോജനം ലഭിക്കുന്നത്.
പടന്നക്കാട് റെയില്‍വേഗേറ്റിന്റെ ഏതാണ്ട് ഒരുകിലോമീറ്റര്‍ കിഴക്കുമാറിയാണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. നബാഡിന്റെ സഹായത്തോടെ പദ്ധതി നടപ്പാക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ സാങ്കേതിക അനുമതി ലഭിക്കാത്തിനാല്‍ ടെന്‍ഡര്‍ ചെയ്യാന്‍ സാധിച്ചില്ല. തുടര്‍ന്നു ഇ ചന്ദ്രശേഖരന്‍ എംഎല്‍എയുടെ നിരന്തരമായ ശ്രമഫലമായാണ് പുതിയ തുകയ്ക്ക് ടെന്‍ഡര്‍ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. പിന്നീട് ട്രാക്ക്റ്റര്‍വേയും അണക്കെട്ടും പൂര്‍ത്തിയാക്കുകയായിരുന്നു. ഉല്‍സവച്ഛായയില്‍ നടന്ന ചടങ്ങില്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. പി കരുണാകരന്‍ എംപി മുഖ്യാതിഥിയായിരുന്നു. ചെറുകിട ജലസേചന സൂപ്രണ്ടിങ്ങ് എന്‍ജിനീയര്‍ കെ പി രവീന്ദ്രന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു.
എം രാജഗോപാലന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എ ജി സി ബഷീര്‍, നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖ, എ സൗമിനി, അബ്ദുര്‍ റസാക്ക് തായലക്കണ്ടി, കെ വി സരസ്വതി, കെ രാജ്‌മോഹന്‍, എം അസിനാര്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, കെ മുഹമ്മദ്കുഞ്ഞി, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, പി പി രാജു, അഡ്വ.സി വി ദാമോദരന്‍, ടി മോഹനന്‍, എബ്രഹാം തോണക്കര, വി കെ രമേശന്‍, മാട്ടുമ്മല്‍ ഹസന്‍, കെ എന്‍ സുഗുണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it