നന്തിഗ്രാമുകള്‍ സൃഷ്ടിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാമെന്ന് ധരിക്കേണ്ടെന്ന് കോടിയേരി

കണ്ണൂര്‍: ബംഗാളില്‍ ഒരു നന്തിഗ്രാം ഉണ്ടായെന്നു വിചാരിച്ച് കേരളത്തിലും നന്തിഗ്രാമുകള്‍ സൃഷ്ടിച്ച് ഇടതുപക്ഷ ഭരണത്തെ അട്ടിമറിക്കാമെന്ന് ആരും ധരിക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എകെജി ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂരില്‍ നടന്ന അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വികസനം തടസ്സപ്പെടുത്താന്‍ ആര്‍എസ്എസും എസ്ഡിപിഐയും മാവോവാദികളും ചേര്‍ന്ന രാഷ്ട്രീയ സംവിധാനം രൂപപ്പെടുകയാണെന്നും ഇതാണ് കീഴാറ്റൂരിലും കാണുന്നതെന്നും കോടിയേരി പറഞ്ഞു.
പരിസ്ഥിതി സംരക്ഷക വേഷം കെട്ടി സര്‍ക്കാര്‍വിരുദ്ധ സമരത്തിനു രംഗമൊരുക്കുകയാണ് ഇവര്‍. കീഴാറ്റൂരിനെയും കണ്ണൂരിനെയും സര്‍ക്കാരിനെതിരായ സമരഭൂമിയാക്കി മാറ്റാനാണ് ഇത്തരക്കാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് സ്വാഭാവികമായും പ്രയാസം കാണും. 60 ഭൂവുടമകളില്‍ 56 പേരും സമ്മതപത്രം നല്‍കിയെന്നും ഇതോടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിലായി ചിലരുടെ എതിര്‍പ്പെന്നും കോടിയേരി പറഞ്ഞു. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിച്ച് എലിവേറ്റഡ് ഹൈവേ (മേല്‍പ്പാലം) സ്ഥാപിക്കാന്‍ കഴിയുമോ എന്നു പരിശോധിക്കണമെന്ന് ജയിംസ് മാത്യു എംഎല്‍എ ആവശ്യപ്പെട്ടപ്പോള്‍ അനുകൂലമായാണ് മന്ത്രി ജി സുധാകരന്‍ മറുപടി നല്‍കിയത്. എന്നാല്‍, ഇക്കാര്യം തീരുമാനിക്കേണ്ടത് ദേശീയപാത അതോറിറ്റിയാണ്. എലിവേറ്റഡ് ഹൈവേയായാലും തൂണുകള്‍ സ്ഥാപിക്കാന്‍ സ്ഥലം കൂടിയേ തീരൂ. ബിജെപിക്കാര്‍ നിതിന്‍ ഗഡ്കരിയോടും നരേന്ദ്ര മോദിയോടും പറഞ്ഞ് എലിവേറ്റഡ് ഹൈവേയാക്കി മാറ്റട്ടെയെന്നും അതിനു തങ്ങള്‍ക്ക് ഒരു വിരോധവുമില്ലെന്നും കോടിയേരി പറഞ്ഞു.
Next Story

RELATED STORIES

Share it