നടിയെ ആക്രമിച്ച കേസ് : അഭിഭാഷകന് നുണപരിശോധനയ്ക്ക് അപേക്ഷ നല്‍കും



കൊച്ചി:  നടിയ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. ഇതിനായി പോലിസ് കോടതിയില്‍ അപേക്ഷ നല്‍കും. നടിയെ തട്ടിക്കൊണ്ടുപോയതിനു ശേഷം അപകീര്‍ത്തികരമായ രീതിയില്‍ ചിത്രങ്ങള്‍ പകര്‍ത്തിയ  മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് സുനിയുടെ അഭിഭാഷകനായ പ്രതീഷ് ചാക്കോയെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ പോലിസ് ഒരുങ്ങുന്നത്.ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ അഭിഭാഷകനെ ഏല്‍പിച്ചുവെന്നാണ് സുനി ആദ്യം അന്വേഷണ സംഘത്തിനോട് പറഞ്ഞിരുന്നത്. പിന്നീട് പലതവണ സുനി മൊഴി മാറ്റിപ്പറഞ്ഞിരുന്നു. എറണാകുളം തമ്മനത്തെ ഓടയില്‍ ഫോണ്‍ ഉപേക്ഷിച്ചുവെന്നും ഗോശ്രീ പാലത്തില്‍ നിന്നു കൊച്ചിക്കായലിലേക്ക് എറിഞ്ഞു കളഞ്ഞുവെന്നുമൊക്കെ സുനി പോലിസിനോട് പറഞ്ഞിരുന്നു. എന്നാല്‍, ഇവിടങ്ങളിലൊക്കെ പോലിസ് തിരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.തുടര്‍ന്ന് അഭിഭാഷകന്റെ വീട്ടിലും ഓഫിസിലും പോലിസ് പരിശോധന നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്തിയില്ല. സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അഭിഭാഷകനെ പോലിസ് രണ്ടു തവണ ചോദ്യം ചെയ്—തെങ്കിലും കാര്യമായ രീതിയില്‍ ഇദ്ദേഹം പോലിസിനോട് സഹകരിച്ചിരുന്നില്ലെന്നാണ് അന്വേഷണ സംഘം പറഞ്ഞത്. ഇതേതുടര്‍ന്നാണ് ഇദ്ദേഹത്തെ നുണ പരിശോധനയ്ക്ക് വിധേയനാക്കാന്‍ പോലിസ് തയ്യാറെടുക്കുന്നത്. എന്നാല്‍, പോലിസ് നീക്കത്തിനെതിരേ അഭിഭാഷകര്‍ക്കിടിയില്‍ തന്നെ വ്യാപകമായ രീതിയില്‍ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. കക്ഷിയുടെ അഭിഭാഷകനെ ഇത്തരം നടപടികളിലേക്ക് വലിച്ചിഴയ്ക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നാണ് അഭിഭാഷകരുടെ നിലപാട്. പോലിസിന്റെ നീക്കത്തെ അഭിഭാഷകന്‍ കോടതിയില്‍ എതിര്‍ത്താല്‍ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ സാധിക്കില്ല. പള്‍സര്‍ സുനിയെ ഒന്നാം പ്രതിയാക്കി പോലിസ് കഴിഞ്ഞദിവസം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പള്‍സര്‍ സുനിയെക്കൂടാതെ ആറു പേര്‍ കൂടി പ്രതിപ്പട്ടികയിലുണ്ട്. മാര്‍ട്ടിന്‍ ആന്റണി, വടിവാള്‍ സലിം,  പ്രദീപ്, വിജേഷ്, മണികണ്ഠന്‍, ചാര്‍ലി തോമസ് എന്നിവരാണ് മറ്റു പ്രതികള്‍.
Next Story

RELATED STORIES

Share it