Pathanamthitta local

നടപ്പാത കൈയേറി അനധികൃത പാര്‍ക്കിങ് ; ജില്ലാ ആസ്ഥാനത്തെത്തുന്ന ജനങ്ങളുടെ സുരക്ഷിത യാത്രയ്ക്കു തടസ്സമാവുന്നു



പത്തനംതിട്ട: നഗരത്തിലെ ഗതാഗത പ്രശ്‌നത്തിനു പരിഹാരം കാണാന്‍ കഴിയാത്തതിനെ തുടര്‍ന്നു നഗരം അഴിയാക്കുരുക്കില്‍. നടപ്പാത കൈയേറി നടത്തുന്ന വ്യാപാരവും അനധികൃത പാര്‍ക്കിങുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. തിരുവല്ല-കുമ്പഴ സംസ്ഥാന പാതയില്‍ ജനറല്‍ ആശുപത്രി റോഡില്‍ പോലും നടപ്പാത കൈയേറി പോലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയാണ്. കാല്‍നട യാത്രക്കാരുടെ കാര്യമാണ് ഏറെ കഷ്്ടം. നടപ്പാത കൈയേറി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതുമൂലം വാഹനങ്ങള്‍ തിങ്ങിനിറഞ്ഞ റോഡിലൂടെ സഞ്ചരിക്കുന്നത് അപകടങ്ങള്‍ പെരുകുന്നതിനും കാരണമാവുന്നുണ്ട്. തിരുവല്ല-കുമ്പഴ റോഡില്‍ പത്തനംതിട്ട സെന്‍ട്രല്‍ ജങ്ഷന്‍ മുതല്‍ ജനറല്‍ ആശുപത്രി റോഡ് വരെ വണ്‍വേ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അനധികൃത പാര്‍ക്കിങും ചെറിയ റോഡില്‍ നിന്നു പ്രവേശിക്കുന്ന വാഹനങ്ങളും ഇവിടെ തിരക്കിനു കാരണമാവുന്നുണ്ട്. നഗരത്തിലെ ഓട്ടോറിക്ഷകള്‍ ഒരുമുന്നറിയിപ്പുമില്ലാതെ തിരിയുന്നത് അപകടങ്ങള്‍ക്കും കാരണമാവുന്നു.ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരേ അധികൃതര്‍ നടപടിയെടുക്കാന്‍ തയ്യാറാവാത്തതാണ് ഗുരുതര വീഴ്ച. നഗരത്തിലെ ട്രാഫിക്ക് ക്രമീകരണം കാര്യക്ഷമായി നടപ്പാക്കാത്തതും റിങ് റോഡ് ഉപയോഗപ്പെടുത്താത്തുമാണ് ജില്ലാ ആസ്ഥാനത്തെത്തുന്ന യാത്രക്കാരെ ഏറെ വലയ്ക്കുന്നത്. വാഹനങ്ങള്‍ക്ക് പാര്‍ക്കിങിന് ആവശ്യമായ സൗകര്യങ്ങളില്ലാത്തതും നടപ്പാത കൈയ്യേറി പാര്‍ക്കു ചെയ്യുന്നതിന് കാരണമാവുന്നു. നഗരത്തിലെ നിരത്തുകളിലെ സീബ്രാലൈനുകളും മാഞ്ഞുതുടങ്ങി. മുമ്പ് വരകളുണ്ടായിരുന്ന പ്രദേശത്തുകൂടി ആളുകള്‍ റോഡ് മുറിച്ചു കടക്കുകയാണു ചെയ്യാറുള്ളത്. അമിതവേഗതിലെത്തുന്ന വാഹനങ്ങള്‍ റോഡ് മുറിച്ചുകടക്കുന്ന യാത്രക്കാരെ ഗൗനിക്കാറില്ല. അനധികൃത പാര്‍ക്കിങ് നിയന്ത്രിക്കുന്നതിനൊപ്പം ഗതാഗത പരിഷ്‌കരണത്തിനു ശാസ്ത്രീയ സംവിധാനങ്ങള്‍ ഒരുക്കണമെന്നാണു നഗരവാസികളുടെ ആവശ്യം.
Next Story

RELATED STORIES

Share it