Idukki local

നടപടിയില്ല: സൈലന്‍സറില്ലാത്ത ബൈക്കുകള്‍ വ്യാപകം



ചെറുതോണി: ഹൈറേഞ്ചിലെ പ്രധാന പട്ടണങ്ങളില്‍ സൈലന്‍സറില്ലാത്ത ബൈക്കുകള്‍ വ്യാപകമായി. നടപടി സ്വീകരിക്കേണ്ട അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതായി ആക്ഷേപം. കാതടപ്പിക്കുന്ന ശബ്ദത്തില്‍ അമിതവേഗത്തിലാണ് ബൈക്കുകളും സഞ്ചാരം. എന്‍ജിനില്‍നിന്ന് പുക കൂടുതലായി പരത്തലും ഇവരുടെ വിനോദത്തില്‍പ്പെടുന്നു. സ്‌കൂള്‍-കോളജ് എന്നിവയുടെ പരിസരങ്ങളാണ് കൂടുതലായി ഇവരുടെ വിഹാരകേന്ദ്രം. സന്ധ്യാസമയത്ത് നഗരത്തിലും ഇത്തരക്കാരുടെ സാഹസപ്രകടനമുണ്ട്. ഇക്കാര്യത്തില്‍ സ്‌കൂള്‍- കോളജ് കുട്ടികള്‍ മാത്രമല്ല, ഫ്രീക്കന്മാരും ചെത്തുപിള്ളേരുമുണ്ടെന്നതാണ് വാസ്തവം. എതിരേ വരുന്ന ഇരുചക്ര വാഹനക്കാരെ ഭയപ്പെടുത്തുന്ന രീതിയിലായിരിക്കും മിക്കപ്പോഴും ഇവരുടെ വരവ്. റോഡിനു നടുവിലൂടെ വാഹനം ഓടിച്ച് വരുമ്പോള്‍ എതിരേ വരുന്നവര്‍ നന്നായി സൈഡ് കൊടുത്തില്ലെങ്കില്‍ അപകടം ഉറപ്പ്. കാതടപ്പിക്കുന്ന ഹോണും ഇവരുടെ ബൈക്കില്‍ ഫിറ്റ് ചെയ്തിട്ടുണ്ടാവും. ഈ വാഹനം കടന്നുപോവുന്നതോടെ പാതയോരങ്ങളില്‍ നില്‍ക്കുന്നവര്‍ ഭയന്ന് നി—ലവിളിച്ചുപോവുന്ന സ്ഥിതിയുണ്ട്. ഇങ്ങനെ പൊതുജനങ്ങളില്‍ ഭീതി പരത്തുന്ന രീതിയില്‍ ബൈക്ക് ഓടിക്കുന്നവര്‍ തമ്മില്‍ പരസ്പര സഹായവും കണ്ടുവരുന്നു. വഴിയില്‍ എവിടെയെങ്കിലും പോലിസ്, ആര്‍ടിഒ ചെക്കിങ് ഉണ്ടെങ്കില്‍ ഹെഡ്‌ലൈറ്റ് കത്തിച്ചു കാണിച്ച് സിഗ്നല്‍ കൊടുക്കുന്നു. അതോടെ എതിരെ വരുന്ന കക്ഷി വഴിമാറി പോവുകയോ തനി മര്യാദക്കാരനാവുകയോ ചെയ്യുന്നു. വഴിയരികില്‍ നില്‍ക്കുന്ന ട്രാഫിക് പോലിസ്, ഹോംഗാര്‍ഡ് എന്നിവര്‍ വാഹനത്തിന്റെ നമ്പര്‍ കുറിച്ചെടുക്കാതിരിക്കാന്‍ നോട്ട്ബുക്ക്, ടൗവല്‍ തുടങ്ങി എന്തെങ്കിലും വസ്തു ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റ് മറയ്ക്കുക എന്നത് പിറകിലിരിക്കുന്ന ആള്‍ നിര്‍വഹിക്കും. സ്ഥലത്തെ വര്‍ക്ക് ഷോപ്പുകളില്‍നിന്നോ തമിഴ്‌നാട്ടില്‍നിന്നോ വാങ്ങുന്ന സെക്കന്‍ഡ് ഹാന്‍ഡ് ബൈക്കുകള്‍ വര്‍ക്ക് ഷോപ്പില്‍ പണിചെയ്താണ് സൈലന്‍സര്‍ ഇത്തരത്തിലാക്കുന്നത്. ഉയര്‍ന്ന ശബ്ദത്തില്‍ വലിയ ഹോണ്‍ മുഴക്കി പോവുന്നത് ഹീറോയിസം ആണെന്ന തോന്നല്‍ ആണ് ഇതിനു കാരണമെന്ന്് മനശ്ശസ്ത്രജ്ഞര്‍ പറയുന്നു. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥികളും നിരത്തുകളില്‍ ധാരളം. ലൈസന്‍സ് ഇല്ലാത്ത ഇവര്‍ അപകടം വരുത്തിയാല്‍ രക്ഷാകര്‍ത്താക്കളുടെയും വാഹനത്തിന്റെ രജിസ്റ്റേഡ് ഉടമയുടെയും പേരില്‍ കേസ് എടുക്കാന്‍ ഉത്തരവുണ്ട്. ഉത്തരവ് ഇറങ്ങിയ സമയത്ത് കുട്ടി ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ കുറവ് ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ പഴയപടിയായി. വഴിയരികില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ലൈസന്‍സ്, ഇന്‍ഷുറന്‍സ്, പുകമലിനീകരണം തുടങ്ങിയ രേഖകള്‍ പരിശോധിക്കുന്ന പോലിസ് ഇത്തരം കാര്യങ്ങള്‍ മറന്നുപോവുകയാണ്.
Next Story

RELATED STORIES

Share it