thrissur local

നടത്തറയിലേത് ഗുണ്ടാ കച്ചവടം: സ്ഥലംമാറ്റം റദ്ദാക്കണമെന്ന് മേയറോട് ഷീബ ബാബു

തൃശൂര്‍: കോര്‍പ്പറേഷനിലെ ചില “കുടില ശക്തി’കളുടെ ഇടപെടലില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സ്ഥലം മാറ്റിയ നടപടി ജീവനക്കാരുടെ മനോവീര്യം തകര്‍ക്കുന്നതു നിഷ്‌ക്രിയമാക്കുന്നതുമായതിനാല്‍ സ്ഥലം മാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഷീബ ബാബു മേയര്‍ക്കു കത്ത് നല്‍കി.
ഡിവിഷന്‍ കമ്മിറ്റിയും ഡിവിഷന്‍ സഭയും ഏകകണ്ഠമായെടുത്ത ജനകീയാവശ്യത്തി ല്‍ മേയറുടേയും സെക്രട്ടറിയുടേയും ഉത്തരവനുസരിച്ച് കയ്യേറ്റങ്ങള്‍ നീക്കം ചെയ്ത ഹെ ല്‍ത്ത് ഇന്‍സ്‌പെക്ടറെ സ്ഥലം മാറ്റിയ നടപടി ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ എല്‍ഡിഎഫ് ഭരണസമിതിയെപറ്റി മോശമായ സന്ദേശം പടരാന്‍ കാരണമാകുമെന്നും ഷീബ ബാബു മേയര്‍ക്കും നല്‍കിയ കത്തില്‍ ചൂണ്ടികാട്ടുന്നു. കത്തിന്റെ കോപ്പി ഡെപ്യൂട്ടി മേയര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവര്‍ക്ക് പുറമെ കോര്‍പ്പറേഷന്‍ ജീവനക്കാരുടെ സിപിഎം അനുകൂല സംഘടനയായ കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയനും നല്‍കിയിട്ടുണ്ട്. നടത്തറ സെ ന്റില്‍ റോഡ് പൊതുസ്ഥലം കയ്യേറി കച്ചവടം നടത്തിയിരുന്നത് കയ്യേറ്റസ്ഥലം വാടകക്കു കൊടുത്ത് ഗുണ്ടാപിരിവ് നടത്തിയിരുന്ന സംഘമായിരുന്നുവെന്ന് ഷീബ ബാബു കത്തില്‍ പറയുന്നു. സ്ഥലത്തെ പൊതുജനങ്ങളും വ്യാപാരി വ്യവസായി സമിതി, ഏകോപന സമിതി എന്നിവരും ഇക്കാര്യത്തില്‍ പരാതി നല്‍കിയിരുന്നതാണ്.
ഈ സാഹചര്യത്തില്‍ താന്‍ മുന്‍കൈ എടുത്താണ് കയ്യേറ്റം ഒഴിപ്പിച്ചതെന്നും ഷീബ ബാബു വ്യക്തമാക്കുന്നു. കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്ന സമയം തെരുവ് കച്ചവടക്കാരുടെ സംഘടനാ പ്രതിനിധി എന്ന രീതിയില്‍ ഒരു കൗണ്‍സിലര്‍ അവിടെ വന്ന് പ്രവൃത്തി തടസ്സപ്പെടുത്താന്‍ ശ്രമിച്ചതായും ഷീബ ബാബു കത്തില്‍ ആരോപിച്ചു. ഉപജീവനത്തിനുള്ള തെരുവ് കച്ചവടമല്ല മറിച്ച് പൊതുസ്ഥലം കയ്യേറി ദിവസവാടകക്ക് കൊടുത്ത് ലാഭമുണ്ടാക്കുന്ന സംഘമാണി കയ്യേറ്റത്തിന് പിന്നില്‍.
നാട്ടുകാരുടേയും പോലിസ്, ഹൈവേ വകുപ്പുകളുടേയും അവസരോചിതമായ ഇടപെടലാണ് ഈ കയ്യേറ്റ കച്ചവടം തടയാന്‍ സഹായകമായത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ സ്ഥലമാറ്റം കേരള മുനിസിപ്പാലിറ്റി ആക്ട് 229 ബി, 554 വകുപ്പുകളുടെ ലംഘനമാണെന്നും എല്‍ഡിഎഫ് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ആരോപിച്ചു.
പൊതുജനാവശ്യപ്രകാരം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് വിഘാതമായി നിന്ന ഒരു ഗുണ്ടാകച്ചവടം അവസാനിപ്പിക്കാന്‍ ജനങ്ങളോടും കൗണ്‍സിലറോടും ഒപ്പം നിന്ന ഒരു ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുന്ന തികച്ചും ജനാധിപത്യ വിരുദ്ധമായ നടപടി ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്നതിനും അവരെ നിഷ്‌ക്രികരാക്കുന്നതിനും മാത്രമേ ഉപകരിക്കൂ. മാത്രമല്ല ജനങ്ങളോടൊപ്പം നില്‍ക്കുന്ന ഡിവിഷന്‍ കൗണ്‍സിലറേയും മേയറേയും ഡെപ്യൂട്ടി മേയറേയും സെക്രട്ടറിയേയും ഒന്നുമല്ലാതാക്കുന്ന നടപടിയായെന്നും ഷീബ ബാബു ആരോപിച്ചു.
Next Story

RELATED STORIES

Share it