നടക്കാവ് മാതൃക; 100 സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കൂടി

തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളിനെ അടിസ്ഥാന സൗകര്യത്തിലും പഠനനിലവാരത്തിലും അന്താരാഷ്ട്ര നിലവാരത്തിലെത്തിച്ച കോഴിക്കോട് ജില്ലയിലെ നടക്കാവ് ഗവണ്‍മെന്റ് ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാതൃക സംസ്ഥാനത്തെ 100 സ്‌കൂളുകളില്‍ക്കൂടി നടപ്പാക്കും.
മിഷന്‍ 100 എന്നു പേരിട്ടിരിക്കുന്ന പദ്ധതി ഘട്ടംഘട്ടമായാണു നടപ്പാക്കുക. ആദ്യഘട്ടത്തില്‍ 14 റവന്യൂ ജില്ലകളിലെയും ഓരോ സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കും. 39 സ്‌കൂളുകളെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തും. 47 സ്‌കൂളുകളെ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തുന്നതോടെ 100 സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാവും.
വിവിധ ഇടപെടലിലൂടെ സര്‍ക്കാര്‍ സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താനുള്ള പ്രോല്‍സാഹനപദ്ധതി (പ്രിസം)യുടെ അടിസ്ഥാനത്തിലാണു പദ്ധതി ആദ്യം നടപ്പാക്കിയത്. പൊതുവിദ്യാഭ്യാസ വകുപ്പാണ് നോഡല്‍ വകുപ്പ്. പ്രിസം പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനു വിദ്യാഭ്യാസമന്ത്രി ചെയര്‍മാനായ ഗവേണിങ് ബോഡിയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവായി. ഗവേണിങ് ബോഡിയില്‍ പൊതുവിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള അഡീഷനല്‍ ചീഫ് സെക്രട്ടറി വൈസ് ചെയര്‍മാനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കണ്‍വീനറുമായിരിക്കും. സ്ഥലം എംഎല്‍എ ഉള്‍പ്പെടെ 12 അംഗങ്ങള്‍ ഗവേണിങ് ബോഡിയില്‍ ഉണ്ടാവും.
പൊതുവിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനും ഡെപ്യൂട്ടി ഡയറക്ടര്‍ അല്ലെങ്കില്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കണ്‍വീനറുമായ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ 14 അംഗങ്ങളുണ്ട്. ഗവേണിങ് ബോഡിയിലും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും ആവശ്യമെങ്കില്‍ പ്രത്യേക ക്ഷണിതാക്കളെയും പങ്കെടുപ്പിക്കാം.
Next Story

RELATED STORIES

Share it