ernakulam local

നഗരസഭ ഫോര്‍ട്ട്‌കൊച്ചി സോണല്‍ ഓഫിസില്‍ ജീവനക്കാര്‍ അവധിയില്‍

മട്ടാഞ്ചേരി: നഗരസഭ ഫോര്‍ട്ട്‌കൊച്ചി സോണല്‍ ഓഫിസില്‍ ദിവസങ്ങളായി ജീവനക്കാര്‍ അവധിയില്‍. ടൗണ്‍ പ്ലാനിങ് വിഭാഗത്തിലാണ് ജീവനക്കാര്‍ സ്ഥിരമായി അവധിയെടുക്കുന്നത്. ഇതുമൂലം വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസിലെത്തുന്ന ജനം വലയുകയാണ്.
മാര്‍ച്ച് വര്‍ഷാവസാനത്തിന്റെ സമയം കഴിഞ്ഞതിന് ശേഷം ജീവനക്കാര്‍ ഈ പേരില്‍ സ്ഥിരമായി അവധിയെടുക്കുകയാണെന്നാണ് പരാതി. ഇന്നലെ എന്‍ജിനീയറിങ് വിഭാഗത്തില്‍ എഇ, ബിഐ എന്നിവര്‍ മാത്രമാണുണ്ടായതത്രേ. ക്ലാര്‍ക്കുമാരില്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
ഈ വിഭാഗം ജീവനക്കാര്‍ തോന്നിയ പോലെയാണ് പെരുമാറുന്നതെന്നാണ് പരാതി. ഒരു ക്ലാര്‍ക്ക് കല്യാണത്തിന്റെ പേരില്‍ കഴിഞ്ഞ കുറേ നാളുകളായി അവധിയിലാണ്. ക്ലാര്‍ക്കുമാരില്ലെങ്കില്‍ ഫയലുകള്‍ നോക്കാന്‍ കഴിയില്ല. ഫയലുകള്‍ കൃത്യമായി എത്തിയാല്‍ മാത്രമേ എന്‍ജിനീയര്‍മാര്‍ക്കും ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും സൈറ്റ് പരിശോധന ഉള്‍പ്പെടെ നടത്തുവാന്‍ കഴിയൂ. ഫയലുകള്‍ കാണാതാവുന്നത് ഇവിടെ പതിവാണ്.
സാധാരണക്കാരുടെ ഫയലുകള്‍ മാത്രമല്ല സര്‍ക്കാര്‍ സംബന്ധമായ ഫയലുകള്‍ പോലും കാണാത്ത അവസ്ഥയാണ്.
നഗരസഭ ഇരുപത്തിയേഴാം ഡിവിഷനിലെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് താലൂക്കിലേക്ക് അയക്കേണ്ട ഫയല്‍ കാണാതായി. ഇതിനെ തുടര്‍ന്ന് കൗണ്‍സിലര്‍ ഷീബാലാല്‍ ഓഫിസില്‍ ബഹളംവച്ചു.
ഈ ഓഫിസില്‍  പണമുണ്ടെങ്കില്‍ മാത്രമേ കാര്യം നടക്കൂവെന്ന അവസ്ഥയാണ്. മേയര്‍ ഉള്‍പ്പെടെ പലതവണ ഇടപെട്ടിട്ടും സര്‍വീസ് സംഘടനകളുടെ ബലത്തില്‍ ഇവര്‍ വിലസുകയാണ്. ജനങ്ങളുടെ നിരന്തര പരാതിയെ തുടര്‍ന്ന് ഇന്നലെ നഗരസഭ ടൗണ്‍ പ്ലാനിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷൈനി മാത്യൂ, കൗണ്‍സിലര്‍മാരായ ശ്യാമള എസ് പ്രഭു, ഷീബാ ലാല്‍ എന്നിവര്‍ ഓഫിസിലെത്തി പ്രതിഷേധിച്ചു. സംഭവം സംബന്ധിച്ച് മേയറോട് പരാതിപ്പെട്ടതായി കൗണ്‍സിലര്‍ ഷീബാ ലാല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it