wayanad local

നഗരസഭാ ഭരണസമിതിയും സിപിഎമ്മും രണ്ടുതട്ടില്‍; പ്രവൃത്തികള്‍ നിര്‍ത്തിവച്ചു

മാനന്തവാടി: നഗരത്തിലെ അനധികൃത കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട് നഗരസഭാ ഭരണസമിതിയും സിപിഎമ്മും രണ്ടുതട്ടില്‍.
നിര്‍മാണത്തിനെതിരേ നടപടിയെടുക്കാന്‍ ഭരണസമിതി മടിച്ചുനിന്നതോടെ പാര്‍ട്ടി പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും പ്രതിഷേധം ശക്തമാവുകയും റവന്യൂ അധികൃതര്‍ ഇടപെട്ട് പ്രവൃത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്പിക്കുകയും ചെയ്തു. കാലപ്പഴക്കത്താല്‍ സുരക്ഷാ ഭീഷണി യുള്ളതിനാല്‍ പൊളിച്ചുമാറ്റണമെന്ന് സബ് കലക്ടര്‍ നേരത്തെ ഉത്തരവിട്ടിരുന്ന തലശ്ശേരി റോഡിലെ കെട്ടിടത്തിലാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നിര്‍മാണ പ്രവൃത്തികള്‍ നടത്തിയത്.
കെട്ടിടത്തിന്റെ ഒരുഭാഗത്തെ ചുമര്‍ പൊളിച്ചുനീക്കിയ ശേഷം ഷീറ്റും ഇരുമ്പ് പൈപ്പുമുപയോഗിച്ച് കടമുറി നിര്‍മിക്കാനായിരുന്നു സ്ഥലമുടയുടെ ശ്രമം. ഇതുസംബന്ധിച്ച് പത്ര, ദൃശ്യമാധ്യമങ്ങളില്‍ റിപോര്‍ട്ടുകള്‍ വരികയും നഗരസഭാ ഭരണസമിതിയിലെ ഉന്നത സ്ഥാനം വഹിക്കുന്നവരെ വിവരമറിയിക്കുകയും ചെയ്‌തെങ്കിലും അനധികൃത നിര്‍മാണത്തിന് ഒത്താശ ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് ആരോപണം.
സംഭവം ശ്രദ്ധയില്‍പ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരും നഗരസഭയുടെ ചുമതല വഹിക്കുന്ന വ്യക്തിയെ വിവരം ധരിപ്പിച്ചു. എന്നാല്‍, എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി നടക്കുന്ന പ്രവൃത്തികള്‍ക്കെതിരേ നടപടിയെടുക്കാന്‍ വൈകി.
ഇതോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഇതുസംബന്ധിച്ച് സബ് കലക്ടര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും പ്രവൃത്തി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു.
Next Story

RELATED STORIES

Share it