kozhikode local

നഗരസഭാ കൗണ്‍സില്‍ യോഗങ്ങള്‍ ബഹളത്തില്‍ ഒതുങ്ങുന്നു

വടകര: വടകര നഗരസഭ കൗണ്‍സില്‍ യോഗങ്ങള്‍ ബഹളങ്ങളില്‍ മാത്രം ഒതുങ്ങുന്നു. കഴിഞ്ഞ മാസം മുതല്‍ കഴിഞ്ഞ ദിവസം വരെ നടന്ന കൗണ്‍സിലുകളാണ് ബഹളത്തില്‍ മാത്രം കലാശിച്ചത്. വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള വാക്‌പോര് രൂക്ഷമായി കഴിഞ്ഞ കൗണ്‍സിലുകളില്‍ പൊതുജനങ്ങളിലേക്ക് എത്തേണ്ട പല പദ്ധതികളുടെയും ചര്‍ച്ച പോലും നടക്കാതെയാണ് കഴിഞ്ഞുപോയത്. ഇതോടെ നഗരസഭയിലെ പല പദ്ധതികളുടെ നീക്ക് പോക്ക് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
സീറോ വേസ്റ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് തുടങ്ങിയ വിഷയങ്ങളാണ് കഴിഞ്ഞ നാല് കൗണ്‍സിലിലും ബഹളങ്ങള്‍ക്ക് കാരണമായത്. ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാവുന്നതും വടകര നഗരത്തെ ക്ലീന്‍ സിറ്റിയാക്കി മാറ്റുന്നതുമായ പദ്ധതിയാണ് സീറോ വേസ്റ്റെന്നും ഇതിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നുമാണ് ഭരണപക്ഷത്തിന്റെ വാദം.
ഈ വിഷയങ്ങളടക്കമുള്ളവ ഉന്നയിച്ച് കൊണ്ട് കഴിഞ്ഞ കൗണ്‍സിലുകളില്‍ ഭരണപക്ഷ-പ്രതിപക്ഷ അംങ്ങള്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ബിഒടി, കോട്ടപ്പറമ്പ നവീകരണം, പിഎംഎവൈ, ലൈഫ് തുടങ്ങിയ വിവിധ പദ്ധതികളുടെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തെ കാര്യമായി തന്നെ ബാധിച്ചിരിക്കുകയാണ്. കൗണ്‍സില്‍ അംഗീകാരത്തോടെയാണ് പല പദ്ധതികളും പ്രവര്‍ത്തനക്ഷമമാക്കുന്നത്. എന്നാല്‍ കഴിഞ്ഞ കൗണ്‍സിലുകളില്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യല്‍ പോലും നടക്കുന്നില്ലെന്നതാണ് വാസ്തവം.
പിഎംഎവൈയില്‍ ഉള്‍പ്പെട്ട തീരദേശത്തെ നിരവധി കുടുംബങ്ങള്‍ സിആര്‍സെഡിന്റെ പേരില്‍ ഫണ്ട് ലഭിക്കാതെ കുടുങ്ങിയിരിക്കുകയാണ്. സിആര്‍സെഡില്‍ ഉള്‍പ്പെടുത്തിയ നിരവധി ഫയലുകളാണ് തിരുവനന്തപുരത്തുള്ളത്. മാത്രമല്ല പിഎംഎവൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പലരും ഇപ്പോഴും നഗരസഭ ഓഫീസില്‍ കയറിയിറങ്ങേണ്ട അവസ്ഥയിലാണ്. ഈ വിഷയങ്ങള്‍ക്കൊന്നും മുഴുവനായി പരിഹാരം കാണാന്‍ പോലും നഗരസഭയ്ക്കായിട്ടില്ല.
വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന ബിഒടി കെട്ടിടത്തിന്റെ ഉദ്ഘാടനം നീണ്ടുപോകുകയാണ്. പല കൗണ്‍സിലിലും ഈ ചോദ്യം ഉന്നയിക്കാറുണ്ടെങ്കിലും വ്യക്തമായ ധാരണ ഇപ്പോഴും നഗരസഭയ്ക്ക് നല്‍കാനായിട്ടില്ല. വടകര നഗരത്തെ തന്നെ മാറ്റിമറിക്കുന്ന പദ്ധതിയായ കോട്ടപറമ്പ നവീകരണത്തിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും പിന്നീടുള്ള ഒരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല. മാത്രമല്ല അഴിത്തല ഫിഷ്‌ലാന്‍ഡിങ് സെന്റര്‍, ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍, കുടിവെള്ള വിതരണത്തിലെ അപാകതള്‍ തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ പൊതുജനങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുമ്പോഴും കൗണ്‍സിലിന്റെ ഇത്തരം പ്രവണത ജനങ്ങളില്‍ അധികാരികളോടുള്ള പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. അതേസമയം അടിസ്ഥാന രഹിതമായ പല കാരണങ്ങളാണ് പ്രതിപക്ഷം കൗണ്‍സിലില്‍ ഉന്നയിക്കുന്നതെന്നും ഇതിനെ ചോദ്യം ചെയ്യുന്നതാണ് ബഹളങ്ങള്‍ക്ക് കാരണമെന്നുമാണ് ഭരണപക്ഷത്തെ അംഗങ്ങള്‍ പറയുന്നത്.
Next Story

RELATED STORIES

Share it