Pathanamthitta local

നഗരസഭയിലെ കോടികളുടെ ക്രമക്കേട് : വിജിലന്‍സ് അന്വേഷണത്തെ ചൊല്ലി കൗണ്‍സിലില്‍ വാക്കേറ്റം



ചെങ്ങന്നൂര്‍: നഗരസഭയില്‍ നടന്ന കോടികളുടെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കൗണ്‍സില്‍ യോഗത്തില്‍ ഭരണപ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം. പൗരാവകാശ രേഖ നഗരസഭയില്‍ നിന്നും നഷ്ടപ്പെട്ടതിനെ സംബന്ധിച്ച് ചെങ്ങന്നൂര്‍ പോലിസില്‍ സെക്രട്ടറി പരാതി നല്‍കി. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് കൂടിയ നഗരസഭാ കൗണ്‍സിലിലാണ് വാക്കേറ്റം കയ്യാങ്കളി വരെ എത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന ഓഡിറ്റ് വിഭാഗത്തിലെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് ജീവനക്കാര്‍ നഗരസഭയില്‍ നടത്തിയ അന്വേഷണത്തില്‍ കോടികളുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍  ഉയര്‍ത്തിയ ആവശ്യം നഗരസഭ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍ നിരാകരിച്ചതിനെ തുടര്‍ന്നാണ് നഗരസഭാ യോഗത്തില്‍ വാക്കേറ്റമുണ്ടായത്. നഗരസഭ അനുമതിയില്ലതെ വ്യാജ ടെണ്ടറുകള്‍ നല്‍കി പ്രസിദ്ധീകരിച്ചെന്നു കാട്ടി 75000 രൂപ തട്ടിയെടുത്ത പൗരാവകാശ രേഖ, നഗരസഭ ഓഫീസിന് മുകളിലെ നിലയില്‍ നടത്തിയ നിര്‍മ്മാണത്തിലെ അഴിമതി, കുടിവെള്ള പദ്ധതിയിലെ ക്രമക്കേട്, ശബരിമല ഫണ്ടിലെ അഴിമതി എന്നിവ അടിയന്തിരമായി  വിജിലന്‍സ്  അന്വേഷിക്കണമെന്ന്  ആവശ്യം ഉന്നയിടച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ആദ്യഘട്ടത്തില്‍ അന്വേഷണം ആവശ്യമില്ല എന്നും നഗരസഭ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചാല്‍ മതിയെന്നും ചെയര്‍മാന്‍ നിര്‍ദ്ദേശിച്ചതോടെയാണ് കൗണ്‍സില്‍ യോഗം പ്രക്ഷുബ്ധമായത്. ചെയര്‍മാന് പിന്തുണയുമായി യുഡിഎഫ് അംഗങ്ങളും എത്തിയതോടെ പ്രശ്‌നം കയ്യാങ്കളിവരെയെത്തി. വിഷയം വോട്ടിന് ഇടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന്  ബിജെപി അടക്കമുള്ള പ്രതിപക്ഷ അംഗങ്ങള്‍ ഒരു മണിക്കൂറോളം ചെയര്‍മാനെ തടഞ്ഞു വെച്ചു. വിവരം അറിഞ്ഞ് ചെങ്ങന്നൂര്‍ സിഐ എം ദിലീപ്ഖാന്‍, എസ്‌ഐ എം സുധിലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെി. തുടര്‍ന്ന് കൗണ്‍സില്‍ ഹാളില്‍ വെച്ച് ഇരു കൂട്ടരുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ പൗരാവകാശ രേഖ നഗരസഭയില്‍ നിന്നും കാണാതായ വിഷയം പോലീസ് അന്വേഷിക്കുമെന്ന ഉറപ്പിലാണ്  സമരം അവസാനിപ്പിച്ചത്. ഇതു സംബന്ധിച്ച് നഗരസഭ  സെക്രട്ടറിയുടെ ചാര്‍ജ്ജ് വഹിക്കുന്ന ഉദ്യോഗസ്ഥന്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ്  അംഗങ്ങള്‍ കൗണ്‍സില്‍ ഹാള്‍ വിട്ടിറങ്ങിയത്.
Next Story

RELATED STORIES

Share it