palakkad local

നഗരസഭയിലെ ഇ-മാലിന്യ സംസ്‌കരണ പദ്ധതി അവതാളത്തില്‍

പാലക്കാട്: നഗരസഭയില്‍ ഈ മാലിന്യം സംസ്‌കരിക്കുന്ന പദ്ധതി പാതി വഴിയില്‍. നഗരസഭാ പരിസരത്തു കൂട്ടിയിരുന്ന ഇ മാലിന്യങ്ങളും പരിസരവാര്‍ഡുകളിലെയും ഓഫീസുകളിലെയുമുള്ള ഇ-മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരുന്നത്. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ക്ലീന്‍ കേരള കമ്പനിയുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കാനായിരുന്നു നഗരസഭ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ക്ലീന്‍ കേരള കമ്പനി ചുമതലപ്പെടുത്തിയ ഏജന്‍സിക്ക് വിലക്ക് ലഭിച്ചതാണ് പദ്ധതിക്ക് തടസ്സമായത്.
തെലുങ്കാനയില്‍ സ്ഥിതി ചെയ്യുന്ന ഏജന്‍സിയുടെ മാലിന്യ പ്ലാന്റിന് അവിടുത്തെ സര്‍ക്കാര്‍ നോട്ടീസ് നല്‍കിയത് പദ്ധതിക്ക് വിനയായതെന്ന് പറയുന്നു. ഇതരസംസ്ഥാനങ്ങളിലെ ഇ-മാലിന്യം കൊണ്ടുവരുന്നത് തടയണമെന്നാവശ്യപ്പെട്ടു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെന്നാണ് നഗരസഭാ അധികൃതരുടെ വിശദീകരണം. നഗരസഭാ പരിസരത്ത് കാലങ്ങളായി കൂട്ടിയിട്ട ഇ-മാലിന്യം ക്ലീന്‍ കേരള കമ്പനി മുഖേനയാണ് നീക്കം ചെയതത്. നഗരസഭാ ഹെല്‍ത്ത് ഡിവിഷനുകളുടെയും തുമ്പൂര്‍മുഴി മാതൃകയോട് ചേര്‍ന്നുള്ള മെറ്റീരിയല്‍ റിക്കവറീസ് കേന്ദ്രങ്ങളിലും ആഴ്ചയിലൊരിക്കല്‍ ഒരു ദിവസം ഇ മാലിന്യമെത്തിക്കാവുന്ന രീതിയായിരുന്നു ലക്ഷ്യമിട്ടത്. ഉപയോഗശൂന്യമായ സിഎഫ്എല്‍, ട്യൂബ്ലൈറ്റ്, ബള്‍ബ്, ലാമ്പ് തുടങ്ങിയവക്ക് നഗരസഭ ഒരുകിലോക്ക് 40 രൂപ നല്‍കാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ കംപ്യൂട്ടര്‍ പോലുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് എല്ലാം കിലോക്ക് 15 രൂപ നല്‍കാനായിരുന്നു തീരുമാനം. ജില്ലയില്‍ പാലക്കാട് നഗരസഭിയിലാണ് ആദ്യമായി ഇ-മാലിന്യം സംസ്‌കരണ പദ്ധതി നടപ്പിലാക്കിയത്.  പ്രഖ്യാപനം നടത്തി നാളുകള്‍ കഴിഞ്ഞതോടെ പദ്ധതി നടപ്പിലാക്കാനാവാതെ അവതാളത്തിലായിരിക്കുകയാണ്.
Next Story

RELATED STORIES

Share it