thiruvananthapuram local

നഗരപരിധിയിലെ വിവാഹങ്ങള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലേക്ക്

തിരുവനന്തപുരം: നഗരസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ കിയോസ്‌കുകളുടെ ഉദ്ഘാടനം ഏഴിന് നടക്കും. നഗര പരിധിയിലെ കല്ല്യാണ മണ്ഡപങ്ങള്‍, ആരാധനാലയങ്ങള്‍ നഗരസഭയുടെ ആശുപത്രി കിയോസ്‌ക് പരിപാലിക്കുന്ന കുടുംബശ്രീ യൂണിറ്റ് എന്നിവയുമായി ചേര്‍ന്നാണ് നഗരസഭ ഈ സൗകര്യം ഒരുക്കുന്നത്.
നഗരസഭാ അതിര്‍ത്തിക്കുള്ളില നടക്കുന്ന വിവാഹങ്ങള്‍ അതാതു ദിവസം തന്നെ രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്. വിവാഹം നടക്കുന്ന സ്ഥാപനങ്ങള്‍ ഇതിനായി നഗരസഭയുമായി കരാറില്‍ ഏര്‍പ്പെടണം.
കല്യാണ മണ്ഡപങ്ങളും ആരാധനാലയങ്ങളും ഇതിനായി നഗരസഭയില്‍ പ്രത്യേകം അപേക്ഷാ ഫോറം നല്‍കണം. വധൂവരന്‍മാര്‍ വിവാഹം നടത്തുന്നതിന് മണ്ഡപം ബുക്ക് ചെയ്യുമ്പോള്‍ തന്നെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷയും ആവശ്യമായ രേഖകളും നിശ്ചിത ഫീസും മണ്ഡപത്തിന് കൈമാറണം.
നഗരസഭ ഏര്‍പ്പെടുത്തിയിട്ടുള്ള കിയോസ്‌ക് എക്‌സിക്യൂട്ടീവ് ഈ രേഖകള്‍ ശേഖരിച്ച് ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റും. വിവാഹം നടക്കുന്ന ദിവസം കിയോസ്‌ക് എക്‌സിക്യൂട്ടിവ് മണ്ഡപത്തില്‍ എത്തിക്കുന്ന വിവാഹ റിപ്പോര്‍ട്ടിന്റെ പ്രിന്റ്ഔട്ട് വധൂവരന്‍മാര്‍ പരിശോധിച്ച് ഒപ്പിട്ട് നല്‍കണം.
വിവാഹ ശേഷം മണ്ഡപത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് സഹിതം ഭാര്യാഭര്‍ത്താക്കന്‍മാര്‍ നഗരസഭാ ഓഫിസില്‍ എത്തി രജിസ്റ്ററില്‍ ഒപ്പുവച്ചാല്‍ ഉടന്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് കൈമാറും. പിന്നീട് ആവശ്യമെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നഗരസഭാ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാന്‍ കഴിയും.
വിവാഹ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് മണ്ഡപങ്ങളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ടെന്നും ഈ സംവിധാനത്തില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ള കല്യാണ മണ്ഡപങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ ചുമതലക്കാര്‍ അടിയന്തിരമായി നഗരസഭാ മെയിന്‍ ഓഫീസിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന വിവാഹ രജിസ്‌ട്രേഷന്‍ വിഭാഗവുമായി ബന്ധപ്പെടേണ്ടതാണെന്നും മേയര്‍ വികെ പ്രശാന്ത് അറിയിച്ചു.
Next Story

RELATED STORIES

Share it