kozhikode local

നഗരത്തില്‍ കോണ്‍ഗ്രസ്- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; കെ സി അബു അടക്കം നിരവധി പേര്‍ക്കു പരിക്ക്

കോഴിക്കോട്: സോളാര്‍ വിഷയത്തില്‍ ചേരിതിരിഞ്ഞ് പ്രകടനമായി എത്തിയ ഡിവൈഎഫ്‌ഐ-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടുറോഡില്‍ ഏറ്റുമുട്ടി. ഡിസിസി പ്രസിഡന്റ് കെ സി അബുവിനെ അടക്കം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. ഇന്നലെ വൈകുന്നേരം 6.15ഓടെ മാവൂര്‍ റോഡ് ജങ്ഷനിലാണ് സംഘട്ടനം അരങ്ങേറിയത്.
ഡിവൈഎഫ്‌ഐ പ്രതിഷേധത്തിനിടെ അതുവഴി പ്രകടനമായി കടന്നുപോയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാവൂര്‍ റോഡില്‍ സ്ഥാപിച്ച പിണറായി വിജയന്റെ പോസ്റ്റര്‍ നശിപ്പിച്ചെന്ന ആരോപണമുയര്‍ന്നതാണ് പരസ്യമായ ഏറ്റുമുട്ടലിന് കാരണമായത്. രാവിലെ ഡിവൈഎഫ്‌ഐ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിലെ പോലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് വൈകുന്നേരം ഡിവൈഎഫ്‌ഐ സിറ്റി പോലിസ് കമ്മീഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു. ജില്ലാ കമ്മിറ്റി ഓഫിസില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് മുന്നിലെത്തി തിരിച്ച് മാവൂര്‍ റോഡ് ജങ്ഷനിലെത്തി റോഡ് ഉപരോധിക്കുകയായിരുന്നു.
ഇതിനിടെ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എതിരായ തൃശൂര്‍ വിജിലന്‍സ് കോടതി പരാമര്‍ശം ഹൈക്കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തില്‍ ആഹ്ലാദപ്രകടനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തി.
പ്രതിഷേധ ധര്‍ണയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം എസ് കെ സജീഷ് പ്രസിംഗിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസിന്റെ പ്രകടനമെത്തിയത്. മാവൂര്‍ റോഡ് ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന പിണറായി വിജയന്റെ ഫഌക്‌സ് ബോര്‍ഡ് കീറിയെന്നാരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസുകാരെ നേരിടുകയായിരുന്നു.
കെ സി അബുവിനെ കൂടാതെ കെപിസിസി നിര്‍വാഹക സമിതി അംഗം പി മൊയ്തീന്‍, ഡിസിസി ജനറല്‍ സെക്രട്ടറി യു കെ പ്രസീദ്കുമാര്‍, യൂത്ത് കോ ണ്‍ഗ്രസ് പ്രവര്‍ത്തകരായ ഇര്‍ഷാദ് പെരുമണ്ണ, അശ്വിന്‍ കരുവിശ്ശേരി എന്നിവരെയും സാരമായ പരിക്കുകളോടെ ബീച്ച് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷം തണുത്ത ശേഷമാണ് പോലിസ് എത്തിയത്. രാവിലെ നടന്ന മാര്‍ച്ചില്‍ ഉമ്മന്‍ ചാണ്ടിയുടെ പോസ്റ്റര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കീറിയിരുന്നു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി നിഖിലിന്റെയും വരുണ്‍ ഭാസ്‌കറിന്റെയും സാന്നിധ്യത്തിലായിരുന്നു പ്രവര്‍ത്തകരുടെ ആക്രമണമെന്നു കോണ്‍ഗ്രസുകാര്‍ ആരോപിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം നടത്തിയവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് എം കെ രാഘവന്‍ എംപി ആവശ്യപ്പെട്ടു. ഡി സി സി പ്രസിഡന്റ് കെ സി അബു ഉള്‍പ്പെടെയുള്ളവരെ അക്രമിക്കുന്നത് രാഷ്ട്രീയ ഫാസിസവും അസഹിഷ്ണുതയുമാണ്. രാവിലെ കേരളം മുഴുവന്‍ യുദ്ധക്കളമാക്കിയവര്‍ വൈകീട്ട് ഡി സി സി പ്രസിഡന്റിനെപ്പോലും കൈയ്യേറ്റം ചെയ്യുന്നത് രാഷ്ട്രീയത്തിലെ നിലവാരതകര്‍ച്ചയാണ്. ശാരീരികമായി അടിച്ചമര്‍ത്താനുള്ള ഏത് ശ്രമത്തെയും എതിര്‍ത്ത് തോല്പിക്കുമെന്ന് എം പി വ്യക്തമാക്കി. അക്രമത്തെ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് പി പി നൗഷീര്‍, കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി പി ദുല്‍ക്കിഫില്‍ എന്നിവരും അപലപിച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെയും രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനെ മൃഗീയമായി നേരിട്ട പൊലീസ് നടപടിയില്‍ ഇടതുമുന്നണി പ്രതിഷേധിച്ചു.ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ യൂത്ത്‌സെന്ററില്‍ നിന്ന് ആരംഭിച്ച നൂറുകണക്കിന് പേര്‍ പങ്കെടുത്ത മാര്‍ച്ച് മാവൂര്‍ റോഡ് ചുറ്റി ജങ്ഷനില്‍ സമാപിച്ചു. സംസ്ഥാനകമ്മിറ്റി അംഗം എസ് കെ സജീഷ്, ജില്ലാ സെക്രട്ടറി പി നിഖില്‍, ജോയിന്റ് സെക്രട്ടറി വരുണ്‍ ഭാസ്‌കര്‍ എന്നിവര്‍ സംസാരിച്ചു.
എസ്എഫ്‌ഐ നേതൃത്വത്തില്‍ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫിസിലേക്ക് മാര്‍ച്ച് നടന്നു. സംസ്ഥാന സെക്രട്ടറിയറ്റംഗം കെ എം നി—നു ഉദ്ഘാടനം ചെയ്തു. സച്ചിന്‍ ദേവ് അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റി അംഗം— ഫഹദ്ഖാന്‍, അരുണ്‍ സി ആനന്ദ് എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it