palakkad local

നഗരത്തിലെ ബസ്സ്റ്റാന്‍ന്റുകളില്‍ അടിസ്ഥാന സൗകര്യങ്ങളില്ല ; യാത്രക്കാര്‍ ദുരിതത്തില്‍



പാലക്കാട്: നഗരത്തിലെ ബസ് സ്റ്റാന്‍ഡുകള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. മാലിന്യക്കൂമ്പാരമായും  ആവശ്യത്തിന് ശൗചാലയ സൗകര്യമില്ലാതെയുമാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ടൗണ്‍ സ്റ്റാന്‍ഡ്, മുനിസിപ്പല്‍ സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെ സ്ഥിതിയും മറിച്ചല്ല. ആവശ്യത്തിന് മൂത്രപ്പുരയോ ഇരിപ്പിടങ്ങളോ ടൗണ്‍ സ്റ്റാന്‍ഡിലില്ല. രാത്രിയായാല്‍ ടൗണ്‍ സ്റ്റാന്‍ഡ് പരിസരം ഇരുട്ടിലാണ്. കാലങ്ങളായി ഇതുതന്നെയാണ് സ്ഥിതിയെങ്കിലും ഇപ്പോഴും ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തു നിന്ന് ഒരു നടപടിയുമുണ്ടായിട്ടില്ല. ടൗണ്‍ സര്‍വീസിനു പുറമേ, ഒറ്റപ്പാലം, പട്ടാമ്പി, ഗുരുവായൂര്‍ എന്നിവിടങ്ങളിലേക്കെല്ലാം ദിവസേന 150 ലധികം ബസ്സുകള്‍ വന്നു പോവുന്നുണ്ടെങ്കിലും രാത്രിസമയങ്ങളില്‍ ഇവിടെ നിന്ന് ബസ് സര്‍വീസില്ലാത്തതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുന്നുണ്ട്. എന്നാല്‍ മുനിസിപ്പല്‍  സ്റ്റാന്‍ഡിലെത്തുന്നവര്‍ക്കാണെങ്കില്‍ മൂക്കുപൊത്താതെ നടക്കാനാവാത്ത സ്ഥിതിയാണ്. ബസ് സ്റ്റാന്‍ഡിലും പരിസരത്തും മലമൂത്രവിസര്‍ജനം നടത്തുന്നതിനാല്‍ ബസ് കാത്തുനില്‍ക്കുന്നവര്‍ക്കും ബസ്സില്‍ കയറി ഇരിക്കുന്നവര്‍ക്കുമെല്ലാം ഏറെ പ്രയാസമനുഭവിക്കേണ്ടിവരുന്നു. മുനിസിപ്പല്‍ സ്റ്റാന്‍ഡിനകത്തെ മൂത്രപ്പുരയില്‍ നിന്നുള്ള മലിനജലം പുറത്തോട്ടൊഴുകുന്നതും പരിസരത്തെ ദുര്‍ഗന്ധത്തിന് കാരണമാവുന്നു. കെട്ടിടത്തിന്റെ സ്ഥിതിയും ശോച്യാവസ്ഥയിലാണ്.  ഇവ വൃത്തിയായി സൂക്ഷിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാവുന്നില്ല. അഴുക്കുചാല്‍ വൃത്തിയാക്കുന്നതടക്കമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പലപ്പോഴും കാലതാമസം നേരിടാറുണ്ട്. 40 ബസ്സുകള്‍ക്ക് നിര്‍ത്തിയിടാനുള്ള സൗകര്യം മാത്രമാണുള്ളതെങ്കിലും ദിവസേന 170 ലധികം ബസ്സുകളാണ് ഇവിടെ കയറിയിറങ്ങുന്നത്.
Next Story

RELATED STORIES

Share it