kozhikode local

നഗരത്തിലെ തെരുവുവിളക്കുകളുടെ ഉത്തരവാദിത്തം കമ്പനിക്ക് കൈമാറും

കോഴിക്കോട്: തെരുവു വിളക്കുകള്‍ കത്താത്തതിനെ ചൊല്ലി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വ്യാപകമായ പരാതി. ശാശ്വത പരിഹാരത്തിന് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിക്കുള്ള ടെണ്ടര്‍ ക്ഷണിക്കാനുള്ള അജണ്ട കൗണ്‍സില്‍ യോഗം അംഗീകാരിച്ചു. നഗരത്തിലെ 38,500 ലൈറ്റുകള്‍ കേന്ദ്രീകൃത നിയന്ത്രണ നിര്‍വഹണത്തിലൂടെ പത്ത് വര്‍ഷത്തേക്ക് തുടര്‍ച്ചയായി കത്തിക്കാനും പരിപാലിക്കാനുമുള്ള അജണ്ടയാണ് കൗണ്‍സില്‍ പാസാക്കിയത്. കൗണ്‍സിലര്‍ ഷമീല്‍ തങ്ങളുടെ ശ്രദ്ധക്ഷണിക്കലിലൂടെയാണ് തെരുവു വിളക്കുകള്‍ വീണ്ടും കൗണ്‍സിലിന്റെ ചര്‍ച്ചയ്ക്ക് വന്നത്. 60 ശതമാനം വിളക്കുകളും കത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
എല്‍ഇഡിയും സോഡിയം വേപ്പര്‍ ലാമ്പുകളും കത്തുന്നില്ല. സ്ഥാപിച്ച് ഒന്നര മാസം മാത്രമാണ് ബള്‍ബുകള്‍ കത്തുന്നത്. ഗുണമേന്മയില്ലാത്ത ലൈറ്റുകളും പാര്‍ട്‌സുകളുമാണ് വിതരണം ചെയ്യുന്നത്. കൗണ്‍സിലര്‍മാര്‍ പരാതിപ്പെട്ടാലെ ചില കെഎസ്ഇബി ഉദ്യോഗസ്ഥര്‍ റിപ്പയറിങിന് തയ്യാറാവുന്നുള്ളുവെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. പരാതികള്‍ പൂര്‍ണമായും ശരിയല്ലെന്ന് സ്ഥിരം സമിതി അധ്യക്ഷ ലളിത പ്രഭയും പറഞ്ഞു. 3800 എല്‍ഇഡി ലൈറ്റുകള്‍ വിവിധ വാര്‍ഡുകളിലായി നല്‍കുന്നുണ്ട്. കെഎസ്ഇബിയുടെ എല്ലാ സെക്ഷനുകളിലും അതത് പ്രദേശത്തെ കൗണ്‍സിലര്‍മാരെ വിളിച്ചു ചേര്‍ത്ത് യോഗം നടത്തും. പിന്നീട് കോര്‍പറേഷന്‍ തലത്തിലും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെയും കൗണ്‍സിലര്‍മാരുടെയും യോഗം ചേരുമെന്നും മേയര്‍ ചര്‍ച്ചയ്ക്ക് മറുപടിയായി പറഞ്ഞു.
മഴക്കാലമായിതിനാലുള്ള ജോലി ഭാരവും ജീവനക്കാരുടെ കുറവും കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നുണ്ടെന്നും മേയര്‍ അറിയിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള റോഡുകളിലൂടെ ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിളിടുന്നതിന് ടെലകോം സേവന ദാതാക്കളില്‍ നിന്നും പൊതുമരാമത്ത് വകുപ്പ്് നിശ്ചയിച്ച നിരക്കിലുള്ള റോഡ് കട്ടിങ് ആന്റ് റിസ്‌റ്റോറേഷന്‍ ചാര്‍ജ് മാത്രമെ ഈടാക്കാവൂ എന്നും മറ്റ് ഫീസുകള്‍ ഈടാക്കരുതെന്നുമുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുനപരിശോധിക്കണമെന്ന് സര്‍ക്കാറിനോട് പ്രമേയം വഴി ആവശ്യപ്പെടാന്‍ തീരുമാനിച്ചു. ഇത് നഗരസഭകള്‍ക്ക് വലിയ നഷ്ടം ഉണ്ടാക്കുന്നതാണെന്ന് മേയര്‍ പറഞ്ഞു. ലോറി ഉടമകളുടെയും കമ്മീഷന്‍ ഏജന്റുമാരുടെയും തടസ്സവാദങ്ങളാണ് സൗത്ത് ബീച്ചിലെ ലോറി സ്റ്റാന്റ് മാറ്റുന്നത് നീണ്ടു പോവുന്നതെന്ന് മേയര്‍ പറഞ്ഞു.
ബീച്ച് സൗന്ദര്യ വല്‍ക്കരണം വരുന്നതോടെ പാര്‍ക്കിങ് പൂര്‍ണമായും നിരോധിക്കും. മല്‍സ്യത്തില്‍ ഫോര്‍മാലിന്‍ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ നടത്തുന്ന പരിശോധന കര്‍ശനമായി തുടരണമെന്ന് മേയര്‍ നിര്‍ദേശിച്ചു. നഗരസഭ നടത്തിയ പരിശേധനകളില്‍ ഇതു വരെ മായം കണ്ടെത്താത്ത സാഹചര്യത്തില്‍ ഇക്കാര്യം പൊതുജനങ്ങളെ അറിയിക്കണമെന്നും മല്‍സ്യകച്ചവടം കുറഞ്ഞതിനാല്‍ തൊഴിലാളികള്‍ കഷ്ടത്തിലാണെന്നും കാണിച്ച് എം മൊയ്തീന്‍ നല്‍കിയ ശ്രദ്ധ ക്ഷണിക്കലിനു  മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇറക്കുമതി ചെയ്യുന്ന മത്സ്യത്തില്‍ മാത്രമല്ല, ഇവിടെ നിന്ന് പിടിക്കുന്ന മല്‍സ്യങ്ങളിലും വിഷം കലര്‍ത്താമെന്നും മേയര്‍ പറഞ്ഞു.
ബോട്ടില്‍ പിടിച്ചും വിഷം കുത്തിവയ്ക്കാം. ജനങ്ങളുടെ ആരോഗ്യസംരക്ഷണം ബാധ്യതയാണെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പും നഗരസഭ ആരോഗ്യവിഭാഗവും ആവശ്യമായ നടപടികളെടുക്കണം. മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ഹോട്ടലുകളിലും ഉന്തുവണ്ടികളിലും കൂടുതല്‍ വ്യാപകമായ പരിശോധന നടത്തുമെന്ന് ഇത് സംബന്ധിച്ച പ്രശാന്ത് കുമാറിന്റെ ശ്രദ്ധ ക്ഷണിക്കലിനു മറുപടിയായി മേയര്‍ അറിയിച്ചു.
ബേപ്പൂര്‍- ഗോതീശ്വരം കടല്‍ഭിത്തി സ്ഥാപിക്കണമെന്നും ആവശ്യമുയര്‍ന്നു. പ്ലാസ്റ്റിക് കപ്പുകള്‍ വഴിയുള്ള മാലിന്യങ്ങള്‍ വ്യാപകമാകുന്നതിനെ കുറിച്ച് അഡ്വ. സീനത്തും ശ്രദ്ധ ക്ഷണിച്ചു. ഇത് നിരോധിക്കുന്നതിന് സര്‍ക്കാര്‍ നിയമം തടസ്സമാണെന്നും മേയറും ഹെല്‍ത്ത് ഓഫിസറും അറിയിച്ചു. ലയണ്‍സ് പാര്‍ക്കിന്റെ ശോചനീയാവസ്ഥയെ കുറിച്ച് നജ്മയും നെല്ലിക്കോട് കാച്ചിലാട്ട് ഭാഗത്തെ ഹമ്പ് പുനസ്ഥാപിക്കണമെന്ന് എം കെ രാധാകൃഷ്ണനും ശ്രദ്ധ ക്ഷണിച്ചു.
Next Story

RELATED STORIES

Share it