palakkad local

നഗരത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നഗരസഭാ തീരുമാനം

പാലക്കാട്: നഗരത്തിലെ മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കു മുന്നില്‍ റോഡ് കൈയേറിയുള്ള അനധികൃത കച്ചവടം നീക്കാന്‍ ഇതുവരെയും കഴിഞ്ഞില്ലെന്ന് ആക്ഷേപമുയര്‍ന്നു. ഇവിടത്തെ കടകള്‍ മാറ്റിയാലും തിരികെ വരുന്ന അവസ്ഥയുണ്ടായിട്ടും നടപടിയില്ലെന്നായിരുന്നു പരാതി.
ട്രാഫിക് പോലിസ് സഹകരിക്കുന്നില്ലെന്നും  കര്‍ശന നടപടിക്കു തയ്യാറാണെന്നും ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ അറിയിച്ചു. കടകള്‍ മാറ്റുമ്പോള്‍ പലരും സ്വാധീനിക്കാന്‍ വരുന്നുണ്ടെന്നു ചെയര്‍പേഴ്‌സണ്‍ പറഞ്ഞത് ബഹളത്തിനിടയാക്കി. സ്വാധീനിക്കാന്‍ വന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ ഭവദാസും സിപിഎം നേതാവ് എ കുമാരിയും വ്യക്തമാക്കി. പൂര്‍ണമായും ഒഴിപ്പിച്ചതാണെന്നും പിന്നീട് ട്രാഫിക് പോലിസ് തിരിഞ്ഞുനോക്കിയില്ലെന്നും വിളിച്ച നേതാക്കളുടെ പേര് ഇപ്പോള്‍ പറയുന്നില്ലെന്നും വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാര്‍ പറഞ്ഞു.
ഇനി പിടിച്ചെടുക്കുന്ന വണ്ടികള്‍ പിഴയടച്ചാലും വിട്ടുനല്‍കേണ്ടെന്ന തീരുമാനത്തിലെത്തി. സ്‌റ്റേഡിയത്തിനു ചുറ്റും നഗരസഭ സ്ഥലം കൈയേറി ദിവസം 300 മുതല്‍ ആയിരംരൂപവരെ വാടകയ്ക്ക് നല്‍കുന്നുണ്ടെന്ന് ഭരണപക്ഷത്തുനിന്നും എന്‍ ശിവരാജന്‍ ചൂണ്ടിക്കാട്ടി. ഇതേതുടര്‍ന്നാണ് നഗരത്തിലെ മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിക്കാന്‍ ധാരണയായത്. ജില്ലാ ജഡ്ജി ഇടപെട്ട മാലിന്യപ്രശ്‌നം നഗരസഭയ്ക്ക് നാണക്കേടായെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ ബഹളത്തോടെയാണ് കൗണ്‍സില്‍ ആരംഭിച്ചത്. എല്‍ഡിഎഫ് അംഗങ്ങള്‍ പ്ലക്കാര്‍ഡു ഉയര്‍ത്തി മുദ്രാവാക്യം മുഴക്കിയതോടെ യുഡിഎഫ് അംഗങ്ങളും രംഗത്തിറങ്ങി. മരുതറോഡ് പഞ്ചായത്തിലെ മാലിന്യമാണതെന്നായിരുന്നു ചെയര്‍പേഴ്‌സന്റെ പ്രതികരണം. നഗരസഭയുടെ വാഹനം നല്‍കി അതു ശുചീകരിച്ചതായും അവര്‍ പറഞ്ഞു.
മാലിന്യ പ്രശ്‌നത്തില്‍ വാര്‍ത്തകള്‍ തെറ്റാണെന്നു ചെയര്‍പേഴ്‌സണ്‍ പറഞ്ഞതോടെ പ്രതിഷേധം ശക്തമായി. എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങള്‍ ചേമ്പറിനു മുന്നിലെത്തി മുദ്രാവാക്യം മുഴക്കിയതോടെ സഭ നിര്‍ത്തിവെച്ചു. പിന്നീട് നേതാക്കളുമായുള്ള ചര്‍ച്ചയില്‍ ജൂണ്‍ രണ്ടിന് രാവിലെ 11 മണിക്ക് ശുചീകരണവുമായി ബന്ധപ്പെട്ട് പ്രത്യേക കൗണ്‍സില്‍ യോഗം ചേരുമെന്ന ധാരണയിലാണ് സഭ പുനരാരംഭിച്ചത്. മാലിന്യനീക്കം തുടരുമെന്നും ശ്രദ്ധയില്‍പ്പെടുത്തുന്നത് മാറ്റുമെന്നും ഉറപ്പുനല്‍കി.
മല്‍സ്യമാര്‍ക്കറ്റിനു മുന്നിലെ റോഡിലിട്ടാണ് എല്ലാദിവസം അതിരാവിലെ മല്‍സ്യം വീതിക്കുന്നതെന്നും മുമ്പ് ഇത് നിരോധിച്ചതാണെന്നും ഇപ്പോള്‍ വീണ്ടും തുടങ്ങിയതായും പരാതിയുയര്‍ന്നു. കെ മണി, മോഹന്‍ബാബു, വി നടേശന്‍, സെയ്തലവി ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it