Flash News

നഗരങ്ങളില്‍ സൗജന്യ എടിഎം ഇടപാട് 10 തവണ : വിവാദ ഉത്തരവ് എസ്ബിഐ തിരുത്തി



മുംബൈ: എടിഎമ്മില്‍നിന്ന് സൗജന്യമായി പണം പിന്‍വലിക്കുന്നത് നിര്‍ത്തലാക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ വിവാദമായ പശ്ചാത്തലത്തില്‍ എസ്ബിഐ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. മെട്രോ നഗരങ്ങളില്‍ എട്ടു തവണയും മറ്റു സ്ഥലങ്ങളില്‍ 10 തവണയും സൗജന്യമായി പണം പിന്‍വലിക്കാമെന്ന് പുതിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. എന്നാല്‍, സ്‌റ്റേറ്റ് ബാങ്കിന്റെ മൊബൈല്‍ വാലറ്റായ ബഡ്ഡി ഉപഭോക്താക്കള്‍ എടിഎം വഴി നടത്തുന്ന ഓരോ ഇടപാടിനും 25 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം. നേരത്തേ ഇറക്കിയ സര്‍ക്കുലറില്‍ എടിഎം വഴി ഓരോ തവണ പണം പിന്‍വലിക്കുമ്പോഴും 25 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണമെന്നു രേഖപ്പെടുത്തിയത് സാങ്കേതിക പിഴവായിരുന്നുവെന്ന് എസ്ബിഐ വ്യക്തമാക്കി. സാധാരണ സേവിങ്‌സ് അക്കൗണ്ടുകളിലെ എടിഎം വഴിയുള്ള പണം പിന്‍വലിക്കലില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് എസ്ബിഐ എംഡി രജനീഷ് കുമാര്‍ പറഞ്ഞു. പുതിയ സര്‍ക്കുലര്‍ അനുസരിച്ച് മെട്രോ നഗരങ്ങളിലെ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് എസ്ബിഐ എടിഎമ്മുകള്‍ വഴി അഞ്ചു തവണയും മറ്റ് എടിഎമ്മുകള്‍ വഴി മൂന്നു തവണയും മറ്റു നഗരങ്ങളിലെ അക്കൗണ്ട് ഉടമകള്‍ക്ക് എസ്ബിഐ എടിഎം വഴി അഞ്ചു തവണയും മറ്റ് ബാങ്കുകളുടെ എടിഎം വഴി അഞ്ചു തവണയും സൗജന്യമായി പണം പിന്‍വലിക്കാം. ജൂണ്‍ ഒന്ന് മുതലായിരിക്കും പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുക. സൗജന്യ എടിഎം ഇടപാടുകള്‍ നിര്‍ത്തലാക്കിയെന്നു കാണിച്ച് ഇന്നലെ രാവിലെയാണ് എസ്ബിഐ സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഓരോ എടിഎം ഇടപാടിനും 25 രൂപ വീതം സേവന നിരക്ക് ഈടാക്കുമെന്നായിരുന്നു സര്‍ക്കുലര്‍. എന്നാല്‍, സൗജന്യ എടിഎം ഇടപാടുകള്‍ നിര്‍ത്തലാക്കുന്നതിനെതിരേ വിവിധ കോണുകളില്‍നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെയാണ് എസ്ബിഐ പഴയ സര്‍ക്കുലര്‍ തിരുത്തി പുതിയത് പുറത്തിറക്കിയത്. ആദ്യം പുറത്തിറക്കിയ സര്‍ക്കുലര്‍ എസ്ബിഐ അക്കൗണ്ടില്ലാത്ത ബഡ്ഡി ഉപഭോക്താക്കളെ മാത്രം ഉദ്ദേശിച്ചുള്ളതാണെന്ന് എസ്ബിഐ പിന്നീട് വിശദീകരിച്ചു. അതേസമയം, പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്ന ഉത്തരവ് എസ്ബിഐ പിന്‍വലിച്ചിട്ടില്ല. 20 മുഷിഞ്ഞ നോട്ടുകള്‍ അല്ലെങ്കില്‍ അയ്യായിരം രൂപ വരെ മാത്രമേ ഇനി സൗജന്യമായി മാറാന്‍ സാധിക്കൂവെന്നാണ് നിര്‍ദേശം. ഈ പരിധിക്കു മുകളില്‍ നോട്ടുകള്‍ മാറുകയാണെങ്കില്‍ ഒരു നോട്ടിന് രണ്ടു രൂപ വച്ച് അല്ലെങ്കില്‍ ആയിരം രൂപയ്ക്ക് അഞ്ചു രൂപ വച്ച് ഈടാക്കും.  ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ ഉള്ളവരുടെ ചെക്ക് ബുക്കിന് പണം ഈടാക്കാനും നിര്‍ദേശമുണ്ട്. 10 ലീഫുള്ള ചെക്ക് ബുക്കിന് 30 രൂപ, 25 ലീഫുള്ള ചെക്ക് ബുക്കിന് 75 രൂപ, 50 ലീഫുള്ള ചെക്ക് ബുക്കിന് 150 രൂപ എന്നിങ്ങനെ പണം ഈടാക്കാനാണ് നിര്‍ദേശം. ബാങ്കിന്റെ മൊബൈല്‍ വാലറ്റാണ് എസ്ബിഐ ബഡ്ഡി. ബഡ്ഡിയിലുള്ള പണം ഫോണ്‍ ബുക്കിലെയോ ഫേസ്ബുക്കിലെയോ കോണ്‍ടാക്റ്റിലുള്ള ആര്‍ക്കു വേണമെങ്കിലും ട്രാന്‍സ്ഫര്‍ ചെയ്യാനാവും. നെറ്റ്ബാങ്കിങ് സാങ്കേതികത്വം ഇതില്‍ പ്രശ്‌നമാവില്ല.
Next Story

RELATED STORIES

Share it