kasaragod local

നഗരം പെരുന്നാള്‍ തിരക്കില്‍;ഗതാഗതക്കുരുക്ക് രൂക്ഷം



കാസര്‍കോട്്: റമദാന്‍ വ്രതം അവസാന നാളുകളിലേക്ക് കടന്നതോടെ നഗരത്തില്‍ വന്‍ തിരക്ക്. രാവിലെ മുതല്‍ കാസര്‍കോട് നഗരം ഗതാഗതകുരുക്ക് മൂലം വീര്‍പ്പുമുട്ടുകയാണ്. വസ്ത്രങ്ങളും പലചരക്ക് സാധനങ്ങളും ഗൃഹോപകരണങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉള്‍പ്പെടെ വാങ്ങാനെത്തുന്നവരുടെ വന്‍ തിരക്കാണ്. ബേക്കറികളിലും വഴിയോര കച്ചവട ശാലകളിലും വിവിധയിനം മധുരപലഹാരങ്ങളും വില്‍പനക്കെത്തിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ വഴിവാണിഭക്കാര്‍ റോഡിന്റെ ഇരുപുറവും കച്ചവടം പൊടിപൊടിക്കുകയാണ്. 150 രൂപയുടെ വര്‍ണ കുടകള്‍, ബലൂണുകള്‍, കളിപ്പാട്ടങ്ങള്‍, ചെരിപ്പ്, ഷൂസ്, വളകള്‍ തുടങ്ങി വഴിയോര കച്ചവടത്തില്‍ ഇല്ലാത്ത സാധനങ്ങളില്ല. വന്‍കിട ടെക്‌സ്റ്റയില്‍സുകളില്‍ തിരക്ക് വര്‍ധിച്ചതിനാല്‍ ഉപഭോക്താക്കളെ ഷട്ടറിട്ട് നിയന്ത്രിച്ചാണ് കച്ചവടം നടത്തുന്നത്. പെരുന്നാള്‍ സീസണ്‍ ലക്ഷ്യമിട്ട് നിരവധി പുതിയ സ്ഥാപനങ്ങള്‍തന്നെ നഗരത്തില്‍ തുടങ്ങിയിട്ടുണ്ട്. കാസര്‍കോട് ട്രാഫിക് ജങ്ഷന്‍ മുതല്‍ പുതിയ ബസ് സ്റ്റാന്റ് വരെ വഴിയോര കച്ചവടം സജീവമായതിനാല്‍ കാല്‍നടയാത്രക്കാര്‍ക്ക് പോലും ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. വാഹനങ്ങള്‍ വര്‍ധിച്ചതിനാല്‍ ഗതാഗതസ്തംഭനവും രൂക്ഷമാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മഴ കുറവായതിനാല്‍ ഷോപ്പിങിന് സ്ത്രീകളും കുട്ടികളും അതിരാവിലെ തന്നെ നഗരത്തിലെത്തുന്നുണ്ട്. വാഹന പാര്‍ക്കിങിന് സ്ഥലമില്ലാത്തതിനാല്‍ നഗരത്തിലെത്തുന്നവര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ ട്രാഫിക് പോലിസിന് പുറമെ കാസര്‍കോട്, വിദ്യാനഗര്‍ സ്‌റ്റേഷനുകളില്‍നിന്നുള്ള പോലിസുകാരും നഗരത്തിലിറങ്ങിയിട്ടുണ്ട്. തിരക്ക് വര്‍ധിച്ചതോടെ നഗരത്തില്‍ വാഹന ഗതാഗതം അവതാളത്തിലായിരിക്കുകയാണ്. പാര്‍ക്കിങ് സൗകര്യം ഒരുക്കാത്ത കെട്ടിടങ്ങള്‍ക്ക് മാനദണ്ഡം പാലിക്കാതെ ലൈസന്‍സ് നല്‍കിയത്, വിശേഷാവസരങ്ങളില്‍ നഗരത്തിലെ ഗതാഗതം താറുമാറാകാന്‍ കാരണമാകുന്നു. നഗരത്തില്‍ ഏറ്റവും തിരക്കേറിയ എംജി റോഡ്, കെപിആര്‍ റാവു റോഡ് എന്നിവിടങ്ങളില്‍ മിക്കപ്പോഴും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു.കാസര്‍കോടിന്റെ പ്രത്യേക ഇനമായ തളങ്കര തൊപ്പി, ഉപ്പള മൈലാഞ്ചി തുടങ്ങിയവയ്ക്ക് വന്‍ ഡിമാന്റാണ് അനുഭവപ്പെടുന്നത്. തിരക്ക് വര്‍ധിച്ചതോടെ പള്ളികളില്‍ നോമ്പുതുറക്ക് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി പത്ത് മണിവരെ നഗരത്തിലെ കച്ചവട സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത് ഉപഭോക്താക്കള്‍ക്ക് അനുഗ്രഹമാകുന്നുണ്ട്.
Next Story

RELATED STORIES

Share it