Pravasi

ദോഹ ഫോറത്തിനു ഇന്നു തുടക്കം



ദോഹ: അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പതിനേഴാമത് ദോഹ ഫോറത്തിനു ഇന്നു തുടക്കമാകും. ഫോറത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി സുദാന്‍ പ്രസിഡന്റ് ഉമര്‍ ഹസന്‍ അഹ്മദ് അല്‍ബഷീര്‍, സൊമാലിയന്‍ പ്രധാനമന്ത്രി ഹസന്‍ അലി ഖൈരി, മാലി പ്രസിഡന്റ് ഇബ്രാഹിം ബബക്കര്‍ കീത്ത തുടങ്ങിയവര്‍ ഇന്നലെ വൈകീട്ട് ദോഹയിലെത്തി.നഗരസഭാ പരിസ്ഥിതി മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍റുമൈഹി, സുദാനിലെ ഖത്തര്‍ അംബാസഡര്‍ റാഷിദ് ബിന്‍ അബ്ദുറഹിമാന്‍ അല്‍നഈമി, സുദാന്‍ അംബാസഡര്‍ ഫത്തഹ് റഹിമാന്‍ അലി എന്നിവര്‍ ചേര്‍ന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുദാന്‍ പ്രസിഡന്റിനെയും സംഘത്തെയും സ്വീകരിച്ചു. വികസനം, സുസ്ഥിരത, അഭയാര്‍ഥി പ്രശ്‌നം എന്നീ ശീര്‍ഷകത്തിലാണ് ഇത്തവണത്തെ ഫോറം നടക്കുന്നത്. അന്താരാഷ്ട്ര പ്രശസ്തരായ 414 പേര്‍ ഫോറത്തില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി തലവന്‍ ഡോ.ഇബ്രാഹിം അല്‍നഈമി വെളിപ്പെടുത്തി. ഖത്തറില്‍ നിന്നുള്ള പങ്കാളികളടക്കം 600 പേര്‍ ഫോറത്തിന്റെ ഭാഗമാകും.അഭയാര്‍ഥി പ്രശ്‌നമാണ് ഇത്തവണത്തെ പ്രധാന ചര്‍ച്ചാ വിഷയം. അഭയാര്‍ഥികളുടെ വിദ്യാഭ്യാസം, ആരോഗ്യം, മനുഷ്യാവകാശം, നിയമം തുടങ്ങിയ നിരവധി കാര്യങ്ങള്‍ ഫോറത്തില്‍ ചര്‍ച്ച ചെയ്യും. വികസനവും സുസ്ഥിരതയുമായി ബന്ധപ്പെട്ട വിഷയങ്ങളും അതിന്റെ വിശാലമായ കാഴ്ചപ്പാടുകളും ഫോറത്തില്‍ പങ്കുവയ്ക്കപ്പെടും.ഉദ്ഘാടന സമ്മേളനത്തിനു പുറമെ അഞ്ച് പൊതു ചര്‍ച്ചാ വേദികളും ഫോറത്തില്‍ സംഘടിപ്പിക്കപ്പെടും. രാഷ്ട്രീയ-സാമ്പത്തിക ചര്‍ച്ചകളും രണ്ട് ദിവസം ചേരുന്ന ഫോറത്തിലുണ്ടാകും. അഭയാര്‍ഥികളുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട ചര്‍ച്ചയടക്കം 12 ചര്‍ച്ചാ സദസ്സുകള്‍ ഫോറത്തില്‍ നടക്കും. ഫോറത്തിന്റെ ഒന്നാം ദിവസം രണ്ട് പൊതു ചര്‍ച്ചകളും ആറ് പാര്‍ശ്വ ചര്‍ച്ചകളും ഉണ്ടായിരിക്കും. ' ഖത്തര്‍ 2022; തൊഴിലാളികളുടെ അവകാശ സംരക്ഷണവും അവസരങ്ങളും വെല്ലുവിളികളും' എന്ന വിഷയത്തില്‍ അമേരിക്കന്‍ സെനറ്റര്‍ ജോര്‍ജ് മിഷേല്‍ നയിക്കുന്ന പ്രത്യേക ചര്‍ച്ചയും ഒന്നാം ദിവസത്തില്‍ നടക്കും. രണ്ടാം ദിനത്തില്‍ മൂന്ന് പൊതു ചര്‍ച്ചകളും ഏഴ് പാര്‍ശ്വ ചര്‍ച്ചകളും സമാപന സമ്മേളനവും നടക്കും. ' അന്താരാഷ്ട്ര സഹകരണവും രാഷ്ട്രീയ-സാമ്പത്തിക സുസ്ഥിരതാ പ്രാധാന്യവും' എന്ന വിഷയത്തിലാണ് ഉദ്ഘാടന സമ്മേളനം നടക്കുക. വിദേശകാര്യ മന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹിമാന്‍ ആല്‍ഥാനി ആമുഖ പ്രഭാഷണം നടത്തും. ദോഹ ഫോറത്തെ സംബന്ധിച്ചുള്ള ഫിലിം പ്രദര്‍ശനവും മുഖ്യാതിഥികളുടെ ആശംസാ പ്രസംഗങ്ങളും തുടര്‍ന്ന് നടക്കും. സുദാന്‍ പ്രസിഡന്റിനു പുറമെ കുവൈത്ത് അമീര്‍ ശെയ്ഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍സബാഹും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. കൂടാതെ നിരവധി രാഷ്ട്ര തലവന്‍മാരും വിദേശകാര്യ മന്ത്രിമാരും സാമ്പത്തിക നയതന്ത്ര വിദഗ്ധരും ഫോറത്തില്‍ പങ്കെടുക്കുന്നുണ്ട്.
Next Story

RELATED STORIES

Share it