Flash News

ദേശീയ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സങ്കല്‍പങ്ങളെ തകര്‍ത്തെറിഞ്ഞു : കമല്‍



കൊച്ചി: ഇത്തവണത്തെ ദേശീയ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇതുവരെയുള്ള സങ്കല്‍പങ്ങളെ തച്ചുതകര്‍ത്തെറിഞ്ഞതാണെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ . ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയവരെ ആദരിക്കാന്‍ ഫെഫ്ക റൈറ്റേഴ്‌സ് യൂനിയനും ഫെഫ്ക ഡയറക്ടേഴ്‌സ് യൂനിയനും ചേര്‍ന്നു സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താരങ്ങളെ നോക്കാതെ, പരിഗണിക്കപ്പെട്ട ആ വര്‍ഷത്തെ സിനിമകള്‍ മാത്രം നോക്കി അവാര്‍ഡ് നല്‍കാന്‍ ജൂറിക്കു സാധിച്ചു. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരെയും അവഗണിക്കപ്പെടുന്നവരെയും മാറ്റിനിര്‍ത്തുന്ന സമീപനത്തില്‍നിന്നു മാറിച്ചിന്തിക്കാന്‍ ഇത്തവണ സാധിച്ചിട്ടുണ്ട്. വരേണ്യവര്‍ഗത്തില്‍ നിന്ന് സ്ത്രീ ഉള്‍െപ്പടുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരിലേക്കും കീഴാളരിലേക്കും അവാര്‍ഡുകള്‍ എത്തിച്ചേരുന്നതിന്റെ തുടക്കമാണ് ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ അധികം കടന്നുവരാത്ത മേഖലയില്‍ മികച്ച സംവിധായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വിധു വിന്‍സെന്റിനെ പ്രത്യേകം അഭിനന്ദിച്ച അദ്ദേഹം, സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ആരംഭിച്ച വുമണ്‍സ് കലക്ടീവ് ഇന്‍ സിനിമയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും പറഞ്ഞു.അവാര്‍ഡുകള്‍ പ്രോല്‍സാഹനങ്ങള്‍ നല്‍കുന്നതിനോടൊപ്പം വഴിതെറ്റിക്കുകയും ചെയ്യുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ സംവിധായകന്‍ ഫാസില്‍ പറഞ്ഞു. അവാര്‍ഡ് വരും, പോകും. എന്നാല്‍, അതില്‍ മതിമറക്കാതെ ജോലിയില്‍ വ്യാപൃതരാവുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it