Kottayam Local

ദേശീയ ജലപാതയുടെ പട്ടികയില്‍ കെവി കനാലും



വൈക്കം: കോട്ടയം-വൈക്കം (കെവി) കനാല്‍ ദേശീയജലപാതയാവുന്നത് പ്രദേശത്ത് വികസന പ്രതീക്ഷകളുയര്‍ത്തുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സംസ്ഥാനത്തെ ജലപാതകളില്‍ കെവി കനാലും ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണു നാടിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് ചിറകു മുളപ്പിക്കുന്നത്. വൈക്കത്ത് വേമ്പനാട്ട് കായലില്‍ നിന്ന് കോട്ടയം വരെ 28 കിലോമീറ്റര്‍ ദൂരമാണ് കെവി കനാലിനുള്ളത്. കൊല്ലം-കോഴിക്കോട് പശ്ചിമതീര ജലപാതയാണ് നിലവില്‍ കേരളത്തിലെ ദേശീയ ജലപാത. കൊല്ലം മുതല്‍ തൃശൂരിലെ കോട്ടപ്പുറം വരെ പണി പൂര്‍ത്തീകരിച്ചിട്ടുണ്ട്. നിലവില്‍ പ്രഖ്യാപിച്ച കോട്ടയം-വൈക്കം കനാല്‍ ഇതുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. അതിനാല്‍തന്നെ വികസന സാധ്യതകളും വര്‍ധിക്കും. ദേശീയ ജലപാത ആക്കുന്നതോടെ കനാലിന് ആഴവും ചിലയിടങ്ങളില്‍ വീതിയും കൂട്ടേണ്ടിവരും. അതോടൊപ്പം സംരക്ഷണഭിത്തിയും ടെര്‍മിനലുകളും നിര്‍മിക്കണം. കെവി കനാലില്‍ കൈയേറ്റങ്ങള്‍ വ്യാപകമായുണ്ട്. അവ ഒഴിപ്പിക്കേണ്ടിയും ചിലയിടങ്ങളില്‍ വസ്തു ഏറ്റെടുക്കേണ്ടിയും വരും. ഉയരവും വീതിയും കുറഞ്ഞ പാലങ്ങള്‍ പൊളിച്ചു പുനര്‍നിര്‍മിക്കേണ്ടതുണ്ട്. ഇതിന്റെ ഫണ്ട് എവിടെ നിന്നു കണ്ടെത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. കനാല്‍ ദേശീയ ജലപാത ആവുന്നതോടെ ഹൗസ് ബോട്ടുകള്‍ക്കും മറ്റും ഉള്‍പ്രദേശങ്ങളിലേക്ക് എത്താന്‍ കഴിയും. ഇത് ഉള്‍നാടന്‍ വിനോദ സഞ്ചാരത്തിനും ഗുണം ചെയ്യും. ആസിഡ്, ഗ്യാസ്, നാഫ്ത, നിര്‍മാണ സാമഗ്രികള്‍, കാര്‍ഗോ വെസലുകള്‍ എന്നിവയുടെ ചരക്കു ഗതാഗതം ദേശീയജലപാതയിലൂടെ കാര്യക്ഷമമാവും. ദേശീയ ജലപാതയുമായി ബന്ധപ്പെട്ട കിടക്കുന്ന മറ്റു ചെറിയ കനാലുകളുടെ വികസനത്തിനും ഇതു വഴിവയ്ക്കും. ഇതോടൊപ്പം തന്നെ ആലപ്പുഴ-ചങ്ങനാശ്ശേരി കനാലും, ആലപ്പുഴ-കോട്ടയം-അതിരമ്പുഴ കനാലും ജലപതാകളാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ജലപാതകളാക്കാന്‍ കനാല്‍ കുഴിച്ച് ആഴംകൂട്ടിയാല്‍ ഉപ്പുവെള്ളം നിയന്ത്രണാതീതമായി കയറുമെന്ന ഭീതി കാര്‍ഷിക മേഖലയെ ആശങ്കയിലാഴ്ത്തുന്നു. അതേ സമയം, ദേശീയ ജലപാതയില്‍ പണി പൂര്‍ത്തീകരിച്ച ഭാഗത്തു പോലും പ്രവര്‍ത്തനം നടക്കാത്ത സ്ഥിതിയാണ്.കൊല്ലം-കോട്ടപ്പുറം പാതയില്‍ തണ്ണീര്‍മുക്കം കാര്‍ഗോ ടെര്‍മിനല്‍ എറ്റെടുത്ത് നടത്താന്‍ ഇതുവരെ ആരും തയ്യാറായിട്ടുപോലുമില്ല. ദേശീയ ജലപാതയുടെ നിലവാരത്തിലേക്ക് കെവി കനാല്‍ മാറുന്നതോടെ വെള്ളമെടുക്കുന്നതിനും നി ര്‍മാണം നടത്തുന്നതിനും ദേശീയജലപാതാ അതോറിറ്റിയുടെ അനുമതി തേടേണ്ടിവരും.
Next Story

RELATED STORIES

Share it