Flash News

ദേശീയ ചലച്ചിത്ര പുരസ്‌കാര വിവാദം മന്ത്രാലയത്തിനെതിരേ രാഷ്ട്രപതി ഭവന്‍

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം വിവാദമായതില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അതൃപ്തി. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ വീഴ്ചയാണ് അവാര്‍ഡ് വിതരണം പ്രതിഷേധത്തില്‍ മുങ്ങാനിടയാക്കിയതെന്ന് രാഷ്ട്രപതി ഭവന്‍ പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചതായാണ് റിപോര്‍ട്ട്.
പുരസ്‌കാര വിതരണത്തിനായി ഒരു മണിക്കൂര്‍ മാത്രമേ പങ്കെടുക്കാനാവൂ എന്ന് മന്ത്രാലയത്തെ വളരെ നേരത്തെത്തന്നെ അറിയിച്ചിരുന്നതാണ്. എന്നാല്‍, ഇത് അവസാന നിമിഷത്തില്‍ വന്ന മാറ്റമായി മന്ത്രാലയം അവതരിപ്പിച്ചതാണ് പ്രതിഷേധങ്ങള്‍ക്കിടയാക്കിയത് എന്നാണ് രാഷ്ട്രപതി ഭവന്റെ വിലയിരുത്തല്‍. മന്ത്രാലയം വിശ്വാസലംഘനം നടത്തിയെന്നാണ് രാഷ്ട്രപതി ഭവനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞത്. രാഷ്ട്രപതി എത്ര സമയം ചടങ്ങില്‍ ഉണ്ടാവുമെന്ന വിവരം ഏപ്രില്‍ ആദ്യത്തില്‍ തന്നെ മന്ത്രാലയത്തിന് അറിയാമായിരുന്നിട്ടും രാഷ്ട്രപതി ഭവനെ വിവാദത്തിലേക്കു വലിച്ചിഴച്ചുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
പ്രധാനപ്പെട്ട 11 അവാര്‍ഡുകള്‍ മാത്രം രാഷ്ട്രപതി സമ്മാനിച്ചാല്‍ മതിയെന്ന തീരുമാനമായിരുന്നു വിവാദങ്ങള്‍ക്ക് വഴിവച്ചത്. മന്ത്രാലയത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് എഴുപതോളം പുരസ്‌കാര ജേതാക്കളാണ് ഇത്തവണ ചടങ്ങ് ബഹിഷ്‌കരിച്ചത്. 11 പുരസ്‌കാരങ്ങള്‍ രാഷ്ട്രപതിയും മറ്റുള്ളവ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി സ്മൃതി ഇറാനിയും വിതരണം ചെയ്യാനായിരുന്നു തീരുമാനം.
മുന്‍കൂട്ടി അറിഞ്ഞിട്ടും ജേതാക്കള്‍ക്ക് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അയച്ച ക്ഷണക്കത്തില്‍ രാഷ്ട്രപതി അവാര്‍ഡ് സമ്മാനിക്കുമെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ബുധനാഴ്ച നടന്ന റിഹേഴ്‌സലിനിടെയാണ് തീരുമാനം മാറ്റിയ വിവരം അവാര്‍ഡ് ജേതാക്കളെ മന്ത്രാലയം അറിയിച്ചത്. ഇക്കാര്യം ചോദ്യം ചെയ്താണ് പുരസ്‌കാര ജേതാക്കള്‍ രംഗത്തെത്തിയിരുന്നത്. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it