Flash News

ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ കായികതാരങ്ങള്‍ക്ക് നിയമനം



തിരുവനന്തപുരം: 35ാമത് ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിച്ച് വ്യക്തിഗത ഇനങ്ങളില്‍ മെഡലുകളും ടീമിനത്തില്‍ സ്വര്‍ണമെഡലുകളും കരസ്ഥമാക്കിയ 68 കായികതാരങ്ങള്‍ക്കു സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കും. ഇതിനായി എല്‍ഡി ക്ലാര്‍ക്കിന്റെ സൂപ്പര്‍ ന്യൂമറി തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവായി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു നിയമനം നല്‍കാന്‍ ഉത്തരവിറക്കിയെങ്കിലും നിയമന നടപടികള്‍ ആരംഭിച്ചിരുന്നില്ല. ദേശീയ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ സജന്‍ പ്രകാശ്, എലിസബത്ത് സൂസന്‍ കോശി എന്നിവര്‍ക്ക് ആംഡ് പോലിസ് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ സര്‍ക്കാര്‍ നിയമനം നല്‍കിയിരുന്നു. കൂടാതെ, അനില്‍ഡ തോമസ്, ആര്‍ അനു എന്നിവര്‍ക്ക് വനം വകുപ്പില്‍ സീനിയര്‍ സൂപ്രണ്ട് തസ്തികയിലും നിയമനം നല്‍കി. ടീമിനത്തില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയ 83 കായികതാരങ്ങള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്ന നടപടി പുരോഗമിക്കുകയാണ്. ഒരു വര്‍ഷത്തില്‍ 50 കായികതാരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം നടത്താറുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ നടത്താതിരുന്ന സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം നടത്താനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. കായികമേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കുന്ന പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 ജില്ലാ സ്റ്റേഡിയങ്ങളും എല്ലാ നഗരസഭാ/പഞ്ചായത്തുകളിലും സ്റ്റേഡിയങ്ങള്‍ നിര്‍മിക്കുകയെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി 31 സ്റ്റേഡിയങ്ങളും അനുവദിച്ചിട്ടുണ്ട്. 2020-24 ഒളിംപിക്‌സ് മെഡല്‍ ലക്ഷ്യമാക്കി 11 കായിക ഇനങ്ങളില്‍ പരിശീലനം നല്‍കുന്ന ഓപറേഷന്‍ ഒളിംപിയ പദ്ധതി ആരംഭിച്ചു. സാക്ഷരതാ മിഷന്‍ മാതൃകയില്‍ എല്ലാവര്‍ക്കും ആരോഗ്യമെന്ന ലക്ഷ്യത്തോടെ കായികക്ഷമതാ മിഷനും നടപ്പാക്കി.
Next Story

RELATED STORIES

Share it