ദേശീയ അവധിദിനങ്ങളില്‍ ജീവനക്കാര്‍ ഹാജരാകണം

കൊച്ചി: ദേശീയ അവധിദിനങ്ങളില്‍ സര്‍ക്കാരിനു കീഴിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഹാജരാകണമെന്ന് ഹൈക്കോടതി. ഓഫിസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, സ്‌കൂളുകള്‍, കോളജുകള്‍ തുടങ്ങിയവയില്‍ ഹാജര്‍ നിര്‍ബന്ധമാക്കണമെന്നും ചീഫ്ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ എം ഷഫീഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
വകുപ്പുമേധാവികള്‍ ഇതുസംബന്ധിച്ച് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കണം. ദേശീയ ദിനത്തില്‍ ജോലിക്ക് ഹാജരാകാത്തവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കാരണം കാണിച്ച് മുന്‍കൂട്ടി അവധി ആവശ്യപ്പെട്ടിട്ടുള്ളവര്‍ക്കു മാത്രമേ ആഗസ്ത് 15നു സ്വാതന്ത്ര്യദിനത്തിലും ജനുവരി 26ലെ റിപബ്ലിക് ദിനത്തിലും അവധി നല്‍കാവൂ. ഇതുസംബന്ധിച്ച് 2015 നവംബര്‍ 5ലെ സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
സാമൂഹികപ്രവര്‍ത്തകയായ പള്ളുരുത്തി സ്വദേശിനി കെ നിമിഷയുടെ ഹരജിയിലാണ് കോടതി നിര്‍ദേശം. സ്വാതന്ത്ര്യദിനത്തിലും റിപബ്ലിക് ദിനത്തിലും സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കാറില്ലെന്നും ഓഫിസില്‍ ഹാജരാകാത്തവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജിക്കാരി കോടതിയെ സമീപിച്ചത്. പിഡബ്ല്യൂഡി ഓഫിസില്‍ വാച്ചര്‍ ദേശീയ പതാക തലകീഴാക്കി ഉയര്‍ത്തിയതും ക്ലാസ് 4 ജീവനക്കാരനായ ഇയാള്‍ക്കെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായും ഹരജിക്കാരി കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ദേശീയ ദിനാഘോഷം സംബന്ധിച്ച് നിരവധി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടെന്നും എന്നാല്‍ ഇത് കര്‍ശനമായി പാലിക്കപ്പെടുന്നില്ലെന്നും കോടതി നിരീക്ഷിച്ചത്.
Next Story

RELATED STORIES

Share it