kannur local

ദേശീയപാതാ വികസനം : പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യം



കണ്ണൂര്‍: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് മാന്യമായ നഷ്ടപരിഹാരവും കടകള്‍ നഷ്ടപ്പെടുന്ന ഉടമകള്‍ക്കും ജോലിക്കാര്‍ക്കും പ്രത്യേക പുനരധിവാസ പാക്കേജും തയ്യാറാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം സംസ്ഥാന സര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ടി വി രാജേഷ് എംഎല്‍എയാണ് പ്രമേയം അവതരിപ്പിച്ചത്. ഭൂമിയുടെ നഷ്ടപരിഹാര തുകയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്ന ഡാറ്റാബാങ്കില്‍ നിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് കണ്ണൂര്‍ ജില്ലയില്‍ 13000ത്തിലേറെ അപേക്ഷകള്‍ ലഭിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു. ഇവയില്‍ 190 എണ്ണം പരിശോധിച്ചതില്‍ 160 എണ്ണവും ഡാറ്റാബാങ്കില്‍ നിന്ന് ഒഴിവാക്കപ്പെടേണ്ടതാണെന്ന് കണ്ടെത്തി. ബാക്കി അപേക്ഷകളില്‍ എത്രയും വേഗം തീര്‍പ്പ് കല്‍പ്പിക്കണമെന്ന് പി കെ ശ്രീമതി എംപി, എംഎല്‍എമാരായ സി കൃഷ്ണന്‍, സണ്ണി ജോസഫ്, ടി വി രാജേഷ് എന്നിവര്‍ ആവശ്യപ്പെട്ടു. മറ്റു ഭൂമിയൊന്നുമില്ലാത്തവര്‍ക്ക് വയല്‍പ്രദേശത്ത് വീടുനിര്‍മിക്കാന്‍ നിയമാനുസൃത അനുമതി നല്‍കാന്‍ ചിലയിടങ്ങളില്‍ കൃഷി ഓഫിസര്‍ വിസമ്മതിക്കുന്നുവെന്ന് ടി വി രാജേഷ് എംഎല്‍എ കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ നിയമപരമായ പരാമാവധി സഹായമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതെന്നും അധ്യക്ഷത വഹിച്ച ചെയര്‍മാനും ജില്ലാ കലക്ടറുമായ മീര്‍ മുഹമ്മദലി പറഞ്ഞു.     കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ജില്ലയിലെ റോഡ് പ്രവൃത്തികള്‍ക്കുള്ള അംഗീകാരം ലഭിക്കാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. തലശ്ശേരി-വളവുപാറ റോഡിന്റെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. തളിപ്പറമ്പ്-കൂര്‍ഗ് റോഡിലെ ആലക്കോട്, കരുവഞ്ചാല്‍, ചാണോക്കുണ്ട് എന്നീ ഇടുങ്ങിയ മൂന്നുപാലങ്ങള്‍ മാറ്റി പുതിയവ നിര്‍മിക്കാനാവശ്യമായ പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കാന്‍ പി കെ ശ്രീമതി എംപി നിര്‍ദേശിച്ചു. പ്രവൃത്തി നടക്കുന്ന പിലാത്തറ-പാപ്പിനിശ്ശേരി റോഡില്‍ പഴയങ്ങാടി ഭാഗത്ത് റോഡിന്റെ ഒരു ഭാഗം മാത്രമേ വാഹനങ്ങള്‍ പോവുന്നുള്ളൂ. പലപ്പോഴും ഒന്നോ ഒന്നരയോ മണിക്കൂര്‍ നേരം യാത്രക്കാര്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. ഇത് പരിഹരിക്കുന്നതിന് വലിയ വാഹനങ്ങള്‍ ഇതുവഴി പോവുന്നത് തടയാന്‍ പോലിസ് സംവിധാനമൊരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അവശ്യമായ മണലും മറ്റും ഇവിടെ ലഭിക്കാത്തതു കാരണം കര്‍ണാടകയില്‍ നിന്നും മറ്റും കൊണ്ടുവരുന്നത് പോലിസ് തടയുന്നതായി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. എന്നാല്‍ ആവശ്യമായ രേഖകള്‍ സഹിതം വരുന്ന മണല്‍ ലോറികള്‍ പിടികൂടുന്നപക്ഷം രേഖകളുമായി തന്നെ സമീപിക്കാമെന്ന് കലക്ടര്‍ മറുപടി നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പി കെ ശ്രീമതി എംപി, എംഎല്‍എമാരായ സി കൃഷ്ണന്‍, സണ്ണി ജോസഫ്, ടി വി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ആരോഗ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി എം സുരേന്ദ്രന്‍, അസി. കലക്ടര്‍ ആസിഫ് കെ യൂസുഫ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ പ്രകാശന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it