Alappuzha local

ദേശീയപാതയുടെ വശങ്ങളിലെ ഉയരം മരണക്കെണിയാവുന്നു



അമ്പലപ്പുഴ: ദേശീയപാത ആധുനിക രീതിയില്‍ സഞ്ചാരയോഗ്യമാക്കിയെങ്കിലും ഇരുവശങ്ങളിലെയും ഉയര്‍ച്ചയും നടപ്പാത ഏറെ താന്നതും മരണക്കെണിയാകുന്നു. ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് മാസങ്ങളായി നടന്ന നിര്‍മാണ പ്രവര്‍ത്തനം മൂലം റോഡിലെ കുഴികളെല്ലാം മാറി നാളിതുവരെ കാണാത്ത വിധം ദേശീയപാത മനോഹരമായിട്ടുണ്ട്. എന്നാല്‍ പാതയുടെ ഉയരം വര്‍ധിച്ചത് നിരന്തരം അപകടങ്ങള്‍ക്കു കാരണമാവുകയാണ്.രാപകല്‍ ഭേദമന്യേ യുദ്ധകാലാടിസ്ഥാനത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചത്.എന്നാല്‍ കനത്ത മഴ പ്രതികൂലമായതോടെയാണ് റോഡ് നിര്‍മ്മാണം നിര്‍ത്തിയത്. അതേ സമയം പൂര്‍ത്തീകരിച്ച റോഡിന്റെ ഇരുവശങ്ങളും സമനിരപ്പാക്കാന്‍ ശ്രദ്ധിക്കാതിരുന്നതാണ് ഇരുചക്രവാഹനങ്ങള്‍ക്കടക്കം അപകട ഭീഷണി ഉയര്‍ത്തുന്നത്. തൂക്കുകുളം മുതല്‍ അമ്പലപ്പുഴ വരെ വിവിധ ഭാഗങ്ങളില്‍ നടപ്പാതയും റോഡും തമ്മിലുള്ള ഉയരം വളരെ കൂടുതലാണ്. ഈ ഭാഗങ്ങളില്‍ അരികില്‍ നിന്ന് വാഹനങ്ങള്‍ റോഡിലേക്ക് പ്രവേശിപ്പിക്കുമ്പോഴും റോഡില്‍ നിന്ന് നടപ്പാതയിലേക്ക് വാഹനങ്ങള്‍ ഇറക്കുമ്പോഴും തെന്നിമറിയുന്നത് നിത്യസംഭവമായിരിക്കുകയാണ്. കാലവര്‍ഷം ശക്തമാകുന്നതോടെ അപകടം വിടാതെ പിടികൂടുമെന്ന ഭീതിയിലാണ് യാത്രക്കാര്‍. കൂടാതെ റോഡില്‍ വിവിധ ലൈനുകള്‍ ഇടാത്തതും അപകടങ്ങളെ ക്ഷണിച്ചു വരുത്തുന്നുണ്ട്. മധ്യത്തില്‍ വര ഇല്ലാത്തതിനാല്‍  അനധികൃത ഓവര്‍ ടേക്കിങും റോഡ് നിറഞ്ഞ് അലക്ഷ്യമായും വാഹനങ്ങള്‍ ചീറി പാഞ്ഞു വരുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ക്കും റോഡ് മറികടക്കുന്ന വാഹനങ്ങള്‍ക്കും ഏറെ ദുരിതമാണ് സമ്മാനിക്കുന്നത്. എന്തായാലും നിര്‍മ്മാണം പൂര്‍ത്തിയായ ഭാഗങ്ങളില്‍ ഇത്തരം ജോലികള്‍ കൂടി തീര്‍ത്ത് അപകട സാധ്യത ഇല്ലാതാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it