wayanad local

ദേശസാല്‍കൃത റൂട്ടുകളിലെ സ്വകാര്യ ബസ് സര്‍വീസ്‌ : കര്‍ശന നടപടിക്ക് നിയമസഭാ സമിതി നിര്‍ദേശം



കല്‍പ്പറ്റ: കെഎസ്ആര്‍ടിസിക്കു മാത്രം സര്‍വീസ് നടത്താന്‍ അനുവാദമുള്ള 72 ദേശസാല്‍കൃത റൂട്ടുകളില്‍ അനധികൃത സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കാന്‍ രാജു അബ്രഹാം എംഎല്‍എ ചെയര്‍മാനായ, പരാതികള്‍ സംബന്ധിച്ച നിയമസഭാ സമിതി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
ദേശസാല്‍കൃത റൂട്ടുകളില്‍ സ്വകാര്യ ബസ്സുകള്‍ അനധികൃത സര്‍വീസ് നടത്തുന്നതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിക്ക് വന്‍ സാമ്പത്തിക നഷ്ടം വരുന്നുണ്ടെന്നും ഈ നിയമലംഘനത്തിന് ഗതാഗതവകുപ്പും പോലിസും ജില്ലാഭരണകൂടവും കൂട്ടുനില്‍ക്കുകയാണെന്നും കാണിച്ച് സമിതി മുമ്പാകെ ലഭിച്ച പരാതിയില്‍, കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെളിവെടുപ്പിലാണ് സമിതിയുടെ നിര്‍ദേശം. നിയമലംഘനം നടത്തുന്ന ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കണമെന്ന കെഎസ്ആര്‍ടിസിയുടെ ആവശ്യം, നിയമം ലംഘിച്ച് സര്‍വീസ് നടത്തുന്നതിന് തെളിവുകള്‍ ഹാജരാക്കിയില്ലെന്ന വിചിത്രവാദമുന്നയിച്ച് ആര്‍ടിഎ യോഗത്തില്‍ ഗതാഗത വകുപ്പ് നിരസിച്ചതായും കോര്‍പറേഷന്‍ അധികൃതര്‍ സമിതി മുമ്പാകെ ബോധിപ്പിച്ചു.
നിയമലംഘനം നടത്തിയതിന് 52 തവണ സ്വകാര്യബസ്സുകളില്‍ നിന്ന് പിഴ ഈടാക്കിയതായി ആര്‍ടിഒ അറിയിച്ചു. ഇങ്ങനെ പിഴ ഈടാക്കിയതു തന്നെ സ്വകാര്യബസ്സുകള്‍ നിയമം ലംഘിക്കുന്നതിന്റെ തെളിവായി സമിതി ചൂണ്ടിക്കാണിച്ചു.
സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുന്ന സ്വകാര്യബസ്സുകള്‍ മുട്ടില്‍ വിവേകാനന്ദ വഴി ടൗണിലെത്തി പടിഞ്ഞാറത്തറ-പുഴമുടി റൂട്ടില്‍ കല്‍പ്പറ്റ ഗവ. കോളജ് വഴി വൈത്തിരി പഞ്ചായത്ത് ഓഫിസിന് മുന്നിലൂടെ പൂക്കോട് ജങ്ഷനിലെത്തി താമരശ്ശേരി കോര്‍ട്ട് റോഡ് വഴി മെഡിക്കല്‍ കോളജ് റൂട്ടില്‍ പോവണം.
തിരിച്ചും ഇതേ റൂട്ടില്‍ സര്‍വീസ് നടത്തണം. കോഴിക്കോട് നിന്ന് മാനന്തവാടിക്കുള്ള ബസ്സുകള്‍  ഇതേ റൂട്ടില്‍ കല്‍പ്പറ്റയിലെത്തി മണിയങ്കോട്-പുളിയാര്‍മല വഴി കണിയാമ്പറ്റ, വരദൂര്‍ മൃഗാശുപത്രി വഴി പച്ചിലക്കാടെത്തി കാട്ടിച്ചിറക്കല്‍-പീച്ചംകോട് വഴി നാലാംമൈലില്‍ വന്ന് മാനന്തവാടിക്കു പോവണം. എന്നാല്‍, സ്വകാര്യബസ്സുകള്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നില്ലെന്നാണ് പരാതി.
കൈവശഭൂമി തിരിച്ചു ലഭിക്കുന്നതിനായി കെ സി പുരുഷോത്തമന്‍ സമര്‍പ്പിച്ച പരാതിയിലും സമിതി തെളിവെടുത്തു. കോഴിക്കോട് ഫോറസ്റ്റ് ട്രൈബ്യൂണല്‍ 2014ല്‍ പരാതിക്കാരന് അനുകൂലമായി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍, വനംവകുപ്പ് ഇതുവരെ അന്യായമായി പിടിച്ചെടുത്ത ഭൂമി തിരിച്ചുനല്‍കിയിട്ടില്ല. രണ്ടാഴ്ചയ്ക്കുള്ളില്‍ ഹൈക്കോടതിയില്‍ നിന്ന് 2014ലെ ട്രൈബ്യൂണല്‍ ഉത്തരവിനെതിരേ സ്റ്റേ ലഭിച്ചില്ലെങ്കില്‍ കൈവശക്കാരന് ഭൂമി തിരിച്ചു നല്‍കണം. ഇതിന് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.
കാരാപ്പുഴ പദ്ധതിക്കുവേണ്ടി ഏറ്റെടുത്ത സ്ഥലത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കുറുമ നിവാസികള്‍ക്കുവേണ്ടി എന്‍ കെ രാമനാഥന്‍ സമര്‍പ്പിച്ച ഹരജിയില്‍ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് പുതിയ കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കാനും സമിതി നിര്‍ദേശം നല്‍കി. എംഎല്‍എമാരായ സി കെ ശശീന്ദ്രന്‍, ആര്‍ രാമചന്ദ്രന്‍, പി ഉബൈദുല്ല, സി മമ്മൂട്ടി, ജില്ലാ കലക്ടര്‍ ഡോ.ബി എസ് തിരുമേനി പങ്കെടുത്തു.
Next Story

RELATED STORIES

Share it