thrissur local

ദേവസ്വം എംപ്ലോയീസ് തിരഞ്ഞെടുപ്പ്: പുരോഗമന സഹകരണ മുന്നണിക്ക് ജയംകെ. വിജയന്‍മേനോന്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം എംപ്ലോയീസ് സഹകരണസംഘം തിരഞ്ഞെടുപ്പില്‍ എല്ലാ എതിര്‍ പാനലുകളേയും മലര്‍ത്തിയടിച്ച് സിപിഎം നേതൃത്വം വഹിക്കുന്ന പുരോഗമന സഹകരണമുന്നണിയുടെ 12-അംഗപാനലിന് തകര്‍പ്പന്‍ വിജയം.
ഇന്നലെ നടന്ന സഹകരണസംഘം തിരഞ്ഞെടുപ്പില്‍ മുഴുവന്‍ അംഗങ്ങളേയും വിജയിപ്പിച്ചും, എതിര്‍കക്ഷികളെ അമ്പരിപ്പിച്ചുകൊണ്ടുമാണ് സഹകരണസംഘം തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മിന്നുന്ന വിജയം കൊയ്‌തെടുത്തത്. ആദ്യമായാണ് ഗുരുവായൂര്‍ ദേവസ്വം എംപ്ലോയീസ് സഹകരണസംഘം തിരഞ്ഞെടുപ്പില്‍ ഒരു പാനലിലെ മുഴുവന്‍ പേരും വിജയിക്കുന്നത്. തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് പുരോഗമന സഹകരണമുന്നണി അധികാരത്തിലെത്തുന്നത്.
കോണ്‍ഗ്രസ്സ് വിമതപക്ഷത്തിന്റെ ഏഴുപേരും, ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഗുരുവായൂര്‍ ക്ഷേത്രകാര്‍മ്മിക് സംഘം മൂന്നുപേരേയും മത്സരരംഗത്ത് ഇറക്കിയിരുന്നെങ്കിലും ആര്‍ക്കും തന്നെ വിജയിക്കാനായില്ല.
ഉണ്ണികൃഷ്ണന്‍ കെ.(478 വോട്ട്), എ.കെ.തിലകന്‍ (470), ഇ.കെ.നാരായണന്‍ ഉണ്ണി (452), എന്‍.രമേശന്‍ (429), ഇ.രാജു കലാനിലയം (484), എം.സി.രാധാകൃഷ്ണന്‍ (451), പി.എസ്.ശ്രീജിത്ത് (412), എം.എന്‍. രാജീവ് (522), ടി.രാധിക (514), സി.ആര്‍. ലെജുമോള്‍ (549), കെ.എ.ഷര്‍മി (395), എം.കെ.അശോക് കുമാര്‍ (501) എന്നിവരാണ് ജയിച്ചത്.
ഇന്നലെ രാവിലെ ഒമ്പതു മുതല്‍, ഉച്ചതിരിഞ്ഞ് മൂന്നുവരെ ഗുരുവായൂര്‍ ദേവസ്വം പൂന്താനം ഓഡിറ്റോറിയത്തിലെ ഒന്നാംനിലയിലായിരുന്നു വോട്ടെടുപ്പ്. മൊത്തം 1097 വോട്ടുകളില്‍ 1012 എണ്ണം പോള്‍ ചെയ്തു.
വരണാധികാരിയായ ചാവക്കാട് അസി.രജിസ്ട്രാര്‍ ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ കെ.ശ്രീദേവിയുടെ നേതൃത്വത്തില്‍ മൂന്നരയോടെ വോട്ടെണ്ണല്‍ തുടങ്ങി. പുതിയ പ്രസിഡന്റിനേയും, വൈസ് പ്രസിഡന്റിനേയും തിരഞ്ഞെടുത്ത് നാളെ ഉച്ചക്ക് രണ്ടിന് പുതിയ ഭരണസമിതി അധികാരമേല്‍ക്കും.
Next Story

RELATED STORIES

Share it