thrissur local

ദൃശ്യവസന്തങ്ങള്‍ സമ്മാനിച്ച് കുടമാറ്റം

തൃശൂര്‍: പൂരാവേശത്തിന്റെ നെറുകയില്‍ കാണികളില്‍ ആവേശത്തിന്റെ വിസ്മയാരവങ്ങള്‍ തീര്‍ത്ത് തെക്കേ ഗോപുരനടയില്‍ വര്‍ണക്കുടകള്‍ വാനിലുയര്‍ന്നു.
വാദ്യമേള പെരുക്കങ്ങളുടെ പകലിനറുതിയായി മത്സരാവേശത്തിന്റെ ദൃശ്യവസന്തങ്ങള്‍ സമ്മാനിക്കുന്നതായി കുടമാറ്റം.
കുടമാറ്റത്തിനായി പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റി ഗുരുവായൂര്‍ നന്ദന്‍ ആദ്യം തെക്കേ ഗോപുരവാതില്‍ കടന്ന് പുറത്തേയ്‌ക്കെഴുന്നള്ളി. പിന്നീട് കോര്‍പറേഷന്‍ ഓഫീസിന് മുന്നിലെ കൊച്ചിരാജാവിന്റെ പ്രതിമ വലംവെച്ച് സ്വരാജ് റൗണ്ടില്‍ വടക്കോട്ടഭിമുഖമായി പാറമേക്കാവിന്റെ പതിനഞ്ചാനകള്‍ അണിനിരന്നു. ഇതിനിടെ തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റി തിരുവമ്പാടി ചന്ദ്രശേഖരന്‍ തെക്കേ ഗോപുരവാതില്‍ കടന്നിറങ്ങി.
രണ്ട് വിഭാഗങ്ങളും മുഖാമുഖം നിരന്നതോടെ മത്സരചന്തം നിറഞ്ഞ കുടമാറ്റമെന്ന ദൃശ്യവിസ്മയത്തിന് തുടക്കം കുറിച്ചു.
തിരുവമ്പാടി ശിവസുന്ദറിന്റെ ചിത്രം ആലേഖനം ചെയ്ത കുടകള്‍ ബഹുനിലക്കുടകള്‍, ഉണ്ണികണ്ണന്‍, ഗരുഡന്‍, മഹാവിഷ്ണു, എല്‍.ഇ.ഡി , ദേവി രൂപം, ഗുരുവായൂരപ്പന്‍, തിരുവമ്പാടി ശിവസുന്ദറിന്റെ പൂര്‍ണകായ രൂപം തുടങ്ങിയവ സ്‌പെഷല്‍ കുടകളായി ആനപുറമേറി.
സ്‌പെഷല്‍ കുടകളുള്‍പ്പെടെ അറുപതോളം സെറ്റ് കുടകളാണ് ഓരോ വിഭാഗവും ആനപ്പുറമേറ്റിയത്. ഇരുനില എല്‍.ഇ.ഡി. കുടകളുയര്‍ത്തി കൊണ്ട് പാറമേക്കാവ് വിഭാഗവും ശിവസുന്ദറിന്റെ പൂര്‍ണകായ രൂപം ഉയര്‍ത്തി കൊണ്ട് തിരുവമ്പാടി വിഭാഗവും മത്സരകുടമാറ്റത്തിന്റെ ആവേശത്തിന് പൂര്‍ണതയേകി.
മൊബൈല്‍ ഫഌഷുകളുയര്‍ത്തി കൊണ്ട് കുടമാറ്റത്തെ അഭിവാദ്യം ചെയ്തു കൊണ്ടാണ് മതിവരാകാഴ്ചകളില്‍ നിന്നു ജനം മനസില്ലാ മനസോടെ പിരിഞ്ഞു പോയത്.
Next Story

RELATED STORIES

Share it