malappuram local

ദുരിതപഠന കേന്ദ്രമായി ഒരങ്കണവാടി

വേങ്ങര: കട്ടികളുടെ ശാരീരികവും, മാനസികവുമായ വികസനത്തിന് അടിത്തറ പാകേണ്ടുന്ന അങ്കണവാടി ഇവിടെ ദുരിത പഠന കേന്ദ്രമാവുകയാണ്. വേങ്ങര പഞ്ചായത്തിലെ പുത്തനങ്ങാടിക്കടുത്ത് മിനി ബസാറില്‍ സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിലാണിത് പ്രവര്‍ത്തിക്കുന്നത്. ചുട്ടുപൊള്ളുന്ന വേനലില്‍ ഉയരമില്ലാത്ത ഓടിട്ട മേല്‍ക്കൂര ചൂടുപിടിക്കുന്നതോടെ അങ്കണവാടിക്കകവും ചൂട് അസഹനീയമാവുകയാണ്.
വൈദ്യുതി ബന്ധം ലഭിക്കാത്തതിനാല്‍ ഫാനടക്കമുള്ള സൗകര്യങ്ങളില്ല താനും. അടിസ്ഥാന സൗ കര്യങ്ങളൊന്നുമില്ലാതെ ഏതു സമയത്തും തകര്‍ന്നു വീഴാവുന്ന അവസ്ഥയില്‍, ഒരാള്‍ക്ക് നിവര്‍ന്ന് കടക്കാന്‍ കഴിയാത്ത വാതിലും, പൊട്ടിപൊളിഞ്ഞ മേല്‍ക്കൂരയും ആദിവാസി ഊരുകളെ ഓര്‍മ്മപ്പെടുത്തും വിധത്തിലുള്ള ചുമരുകളോട് കൂടിയതുമായ ഈ കേന്ദ്രം പുതുക്കിപ്പണിയുന്നതിന് തടസ്സങ്ങളേറെയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കെട്ടിടം നില്‍ക്കുന്ന സ്ഥലത്തെ സംബന്ധിച്ച് തര്‍ക്കം നിലനില്ക്കുന്നുണ്ടെന്നറിയുന്നു.
എന്നാല്‍ തര്‍ക്കങ്ങള്‍ നിലനില്‍കെ തന്നെ തൊട്ടടുത്തുള്ള മദ്രസ്സാ കെട്ടിടത്തിന് സ്ഥലമനുവദിച്ചതായും നാട്ടുകാര്‍ പറയുന്നു.ഇതേ രീതിയില്‍ അങ്കണവാടിക്കു കൂടി സ്ഥലം ലഭ്യമായാല്‍ കുട്ടികളുടെ ദുരിതത്തിനറുതിയാകുമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. കേന്ദ്ര സര്‍ക്കാര്‍1975 ഒക്ടോബര്‍ രണ്ടിനാണ് സംയോജിത ശിശു വികസന സേവന പദ്ധതി ആരംഭിച്ചത്.
സംസ്ഥാനത്ത് പ്രഥമമായി വേങ്ങര ബ്ലോക്കിനു കീഴിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതില്‍ വേങ്ങര പഞ്ചായത്തിലെ അഞ്ചാമത് കേന്ദ്രമാണ് ഇപ്പോള്‍ തകര്‍ച്ച നേരിടുന്ന ഇത്.
നവജാത ശിശുക്കളുടെ ആരോഗ്യ നിരീക്ഷണം, പ്രിസ്‌കൂള്‍ വിദ്യാഭ്യാസം, പോഷകാഹാരം നല്‍കല്‍, പോഷണത്തെ കുറിച്ച് ബോധവത്കരണം, പ്രതിരോഗ മരുന്നു നല്‍കല്‍, ആരോഗ്യ പരിശോധന, ആവശ്യമെങ്കില്‍ രോഗബാധിതരെ ആശുപത്രിയിലേക്കയക്കല്‍ തുടങ്ങിയ പ്രധാനപ്പെട്ടപ്രവര്‍ത്തനങ്ങളാണു് അങ്കണവാടികള്‍ നടത്തുന്നത്  കുട്ടികളുടെ ശാരീരികവും മാനസീകവുമായ വികസനത്തിനടിത്തറ പാകേണ്ടുന്ന ചുമതല വഹിക്കേണ്ടുന്ന അങ്കണവാടി അര്‍ത്ഥമാക്കുന്നതു തന്നെ വീട്ടുമുറ്റത്തെ പരിപാലനമെന്നാണ്.
കേന്ദ്രത്തിന്റെ ദുരവസ്ഥ കാരണം കുട്ടികള്‍ കുറഞ്ഞ് വരികയാണ് ആദ്യകാലങ്ങളില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെത്തിയിരുന്നതായി ഇവിടെ കളിച്ചു വളര്‍ന്നവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. നാട്ടുകാരും, രക്ഷിതാക്കളും, അധികൃതരും, സ്ഥലമുടമയും എല്ലാവരും ഒത്തുചേര്‍ന്ന്.നാലു പതിറ്റാണ്ട് നിലനിന്ന ഈ അങ്കണവാടിയെ സംരക്ഷിച്ചെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it