Flash News

ദുരിതങ്ങള്‍ ബാക്കിയാക്കി നോട്ടു നിരോധനത്തിന് ഒരാണ്ട്



ഇ ജെ  ദേവസ്യ

രാജ്യത്ത് വളരുന്ന കള്ള പ്പണം, കള്ളക്കടത്ത്, ഭീകരപ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട് വ്യാപകമായി ഇന്ത്യന്‍ കറന്‍സി ഉപയോഗപ്പെടുത്തുന്നു എന്ന ബോധ്യപ്പെടുത്തലുമായാണ് കഴിഞ്ഞ വര്‍ഷം നവംബര്‍ 8ന് 1000, 500 നോട്ടുകള്‍ നിരോധിച്ചത്. വിദേശ രാജ്യങ്ങളിലും പ്രവാസി ഇന്ത്യക്കാരുടെ കൈകളിലും കണക്കില്‍പ്പെടാത്ത ഭീമമായ തുകയുണ്ടെന്നും പ്രചരിപ്പിക്കപ്പെ ട്ടു. പൊതുവ്യവഹാരത്തില്‍ ഉള്ളതിനടുത്തോ അതിനപ്പുറ മോ ഇതിന്റെ കണക്കു വരുമെന്നായിരുന്നു തൊട്ടടുത്ത നാളുകളിലെ പ്രചാരണം. വ്യാജ അച്ചടി അസാധ്യമായ, സുരക്ഷാവീഴ്ചയില്ലാത്ത പുതിയ നോട്ടുകളിറക്കി എല്ലാം ഒന്നില്‍ നിന്നു തുടങ്ങാമെന്നു പ്രധാനമന്ത്രി വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു. രാജ്യത്തിനകത്തും പുറത്തും നിന്നു ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ ശക്തമായ എതിര്‍പ്പും പ്രതിഷേധവും ഉയര്‍ന്നപ്പോള്‍, തനിക്ക് തന്റെ രാജ്യത്തെ ഇതു ബോധ്യപ്പെടുത്താന്‍ 50 ദിവസം സാവകാശം നല്‍കാനായിരുന്നു പ്രധാനമന്ത്രി അഭ്യര്‍ഥിച്ചത്. തന്റെ അവകാശവാദം തെറ്റിയാല്‍ തൂക്കിലേറ്റിക്കോളൂ എന്നും അദ്ദേഹം പറയുകയുണ്ടായി. എന്നാല്‍, നോട്ടു നിരോധനത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ പ്രധാനമന്ത്രി പറഞ്ഞതെല്ലാം പൊള്ളത്തരങ്ങളായിരുന്നുവെന്ന് റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ തെളിയിക്കുന്നു. കള്ളപ്പണം പരിശോധിക്കാന്‍ ബാങ്കില്‍ തിരിച്ചെത്തിയ 500, 1000 നോട്ടുകളുടെ പരിശോധന ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഏറ്റവും എളുപ്പത്തില്‍ നോട്ടു പരിശോധന സാധ്യമാക്കുന്ന അത്യാധുനിക യന്ത്രം ഉപയോഗിച്ചിട്ടും എണ്ണിത്തിട്ടപ്പെടുത്തല്‍ നീളുകയാണ്. നോട്ടു നിരോധന സമയത്ത് 1,716.5 കോടി 500 രൂപയുടെ നോട്ടുകളും 685.8 കോടി 1000 രൂപയുടെ നോട്ടുകളുമാണ് വ്യാപാരത്തില്‍ ഉണ്ടായിരുന്നത്. ഇത് 15.44 ലക്ഷം കോടി രൂപയുടെ മൂല്യമുള്ളതാണ്. എണ്ണിത്തിട്ടപ്പെടുത്തിയ നോട്ടുകളുടെ മൂല്യം അനുസരിച്ച് 15.28 ലക്ഷം കോടി രൂപയുള്ളതായി കഴിഞ്ഞ ജൂണ്‍ 30ന് റിസര്‍വ് ബാങ്ക് റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുമുണ്ട്. അങ്ങനെയെങ്കില്‍ ഇത് നിരോധിച്ച നോട്ടുകളുടെ 90 ശതമാനത്തിനു മുകളിലുമാണ്. അപ്പോള്‍ പിന്നെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം അനുസരിച്ചുള്ള കള്ളപ്പണം എവിടെ? ഇത് കണക്കുകള്‍ സംസാരിച്ചതാണ്. കൂടാതെ ഈ ഒരു വര്‍ഷത്തിനിടയില്‍ റിസര്‍വ് ബാങ്കിന്റെ ഉത്തരവാദപ്പെട്ട ചിലര്‍ ചില കാര്യങ്ങള്‍ കൂടി സമ്മതിച്ചിട്ടുമുണ്ട്. നോട്ടു നിരോധനത്തെ തുടര്‍ന്ന് രാജ്യത്ത് ആളുകള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നിട്ടുണ്ട്. ആശുപത്രിയില്‍ കാര്യങ്ങള്‍ നടക്കാതെ ആളുകള്‍ മരിച്ചിട്ടുണ്ട്. നിരവധി വിവാഹങ്ങള്‍ മുടങ്ങിയിട്ടുണ്ട്. നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ചെറുതും വലുതുമായ നിരവധി വ്യവസായങ്ങള്‍ തകര്‍ന്നിട്ടുണ്ട്- ഇതൊക്കെയായിരുന്നു കുറ്റസമ്മതങ്ങള്‍. പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി മുമ്പാകെ കഴിഞ്ഞ ജനുവരി 20നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സാക്ഷാല്‍ ഉര്‍ജിത് പട്ടേല്‍ തന്നെയാണ് ഈ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളത്. നിരോധനത്തിന്റെ ഒരു വര്‍ഷം തികയുമ്പോള്‍ ബാക്കിയാവുന്ന ചോദ്യങ്ങള്‍ ഒരുപാടാണ്: എത്രത്തോളം നോട്ടുകള്‍ തിരിച്ചെത്തി, എത്ര കള്ളപ്പണം കണ്ടെത്തി, വിദേശ ഇന്ത്യക്കാരുടെ കൈകളിലുണ്ടെന്നു പറഞ്ഞ കള്ളപ്പണം എവിടെ തുടങ്ങിയ ചോദ്യങ്ങള്‍. നിയമവശങ്ങളെല്ലാം പരിശോധിച്ചിട്ടായിരുന്നോ നോട്ടു നിരോധനം പ്രഖ്യാപിച്ചത്? നടപടി ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്റെ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമായിരുന്നില്ലേ? തീരുമാനം ഇന്നാട്ടിലെ സാധാരണക്കാരെ എങ്ങനെയൊക്കെ ബാധിക്കുമെന്നു പഠിച്ചിരുന്നോ? ഉണ്ടായ കഷ്ടനഷ്ടങ്ങള്‍ക്കും പ്രതിസന്ധി തീരാത്ത നിത്യജീവിതത്തിനും സാധാരണക്കാരന് ആരു മറുപടി കൊടുക്കും?
Next Story

RELATED STORIES

Share it