kozhikode local

ദുരന്തഭൂമിയില്‍ റോഡ് നിര്‍മാണത്തിന് ജില്ലാ പഞ്ചായത്തിന്റെ 50 ലക്ഷം

താമരശ്ശേരി: കട്ടിപ്പാറ കരിഞ്ചോല ദുരന്തഭൂമിയിലൂടെ കടന്നുപോവുന്ന കരിഞ്ചോല -എട്ടേക്കര്‍ റോഡ് പുനരുദ്ധാരണത്തിന് ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്ന്  50 ലക്ഷം രൂപ വകയിരുത്തിയതായി കട്ടിപ്പാറ ഡിവിഷന്‍ അംഗം നജീബ് കാന്തപുരം അറിയിച്ചു. ഏതാണ്ട്  900 മീറ്റര്‍ ദൂരം റോഡ് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. റോഡിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് വേണ്ടി  കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്ത് അസി. എന്‍ജിനീയര്‍ അഖില ഉണ്ണികൃഷ്ണന്‍, ഓവര്‍സിയര്‍മാരായ മന്‍സൂറലി, വിജയന്‍ എന്നിവര്‍ സ്ഥലത്തെത്തി  പ്രാഥമിക നടപടികള്‍ സ്വീകരിച്ചു.
റോഡിന്റെ നിലവിലുള്ള അവസ്ഥ വിശദമായി പരിശോധിച്ചു.  മലമുകളില്‍ നിന്ന് പാറക്കൂട്ടങ്ങളും മണ്ണും വന്നടിഞ്ഞ് റോഡും പാര്‍ശ്വഭാഗങ്ങളും തകര്‍ന്നിട്ടുണ്ട്. നേരത്തെ റോഡ് കടന്നുപോയ ഭാഗങ്ങള്‍ മണ്ണിനടിയില്‍ മൂടിയിരിക്കുകയാണ്. മണ്ണുമാന്തി യന്ത്രമുപയോഗിച്ച്  റോഡിന്റെ ഭാഗങ്ങള്‍ കണ്ടെത്തും. ഉരുള്‍പൊട്ടലില്‍ റോഡ് പൂര്‍ണമായും ഒലിച്ചുപോയതോടെ പ്രദേശത്തെ ജനങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയാണുള്ളത്.
അടിസ്ഥാന സൗകര്യങ്ങള്‍ എത്രയും വേഗം തിരിച്ചുകൊണ്ടുവന്നാല്‍ മാത്രമേ മറ്റു പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാവുകയുള്ളൂ എന്നതുകൊണ്ടാണ് റോഡിന് ഫണ്ട് അനുവദിച്ചതെന്ന് നജീബ് കാന്തപുരം പറഞ്ഞു.  വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി റോഡ് പണി വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് അസി.എന്‍ജിനിയര്‍ അറിയിച്ചു.  ഗ്രാമപ്പഞ്ചായത്തംഗം അസീസ്, ഒ കെ എം കുഞ്ഞി, മുഹമ്മദ് മോയത്ത് എന്നിവരും സംബന്ധിച്ചു.
Next Story

RELATED STORIES

Share it