kozhikode local

ദുരന്തങ്ങളില്‍ താങ്ങായി മാറുന്ന അബ്ദുല്‍ അസീസിന് നഗരത്തിന്റെ സ്‌നേഹാദരം

കോഴിക്കോട്: ദുരന്തമുഖങ്ങളില്‍ കരുണയുടെ കയ്യൊപ്പു ചാര്‍ത്തി ശ്രദ്ധേയനായ മഠത്തില്‍ അബ്ദുല്‍ അസീസിന് നഗരത്തിന്റെ ആദരം. കഴിഞ്ഞ 35 വര്‍ഷമായി കേരളത്തിലെ വിവിധ ദുരന്തയിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരുന്ന ഒളവണ്ണ സ്വദേശിയും ഗ്രമപ്പഞ്ചായത്ത് അംഗവുമായ അബ്ദുല്‍ അസീസിനെ കോഴിക്കോട് സൗഹൃദവേദിയുടെ ആഭിമുഖ്യത്തിലാണ് ആദരിച്ചത്. പൂക്കിപ്പറമ്പ് വാഹനാപകടം, കടലുണ്ടി തീവണ്ടിഅപകടം, മിഠായിത്തെരുവ് ദുരന്തം എന്നിവിടങ്ങളിലെല്ലാം അബ്ദുല്‍ അസീസ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃപരമായ പങ്കു വഹിച്ചിരുന്നു.
ഓഖി ദുരന്തത്തെ തുടര്‍ന്ന് കോഴിക്കോട് കരക്കടിഞ്ഞ മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിക്കുന്നതു മുതല്‍, ബന്ധുക്കള്‍ അവ കൊണ്ടുപോവുന്നതുവരെ ഇദ്ദേഹം മുന്നില്‍ നിന്നു. പുഴയില്‍ വീണ കുട്ടിയെ 17ാം വയസില്‍ രക്ഷപ്പെടുത്തിയതാണ് ആദ്യത്തെ രക്ഷാപ്രവര്‍ത്തനം. തുടര്‍ന്നങ്ങോട്ട് ആയിരക്കണക്കിന് ജീവന്‍ രക്ഷിക്കാനും, ദുരന്തഭൂമിയില്‍ മനുഷ്യ സ്‌നേഹത്തിന്റെ മാതൃക തീര്‍ക്കാനും ഓടിക്കൊണ്ടേയിരിക്കുകയാണ് ഈ നാല്‍പ്പത്തൊമ്പതുകാരന്‍. കെ പി കേശവ മേനോന്‍ ഹാളില്‍ നടന്ന ആദരിക്കല്‍ ചടങ്ങ് എം പി അബ്ദുള്‍ സമദ് സമദാനി ഉദ്ഘാടനം ചെയ്തു.
ഹൃദയം ആമാശയത്തിലേക്ക് ഇറങ്ങിപ്പോയവര്‍ക്കിടയില്‍, കരുണ തുടിക്കുന്ന ഹൃദയമുള്ളവരും മുന്നിലുണ്ടെന്ന് ബോധ്യപ്പെടുത്തുന്നത് അബ്ദുല്‍ അസീസിനെ പോലുള്ളവരാണെന്ന് സമദാനി പറഞ്ഞു.  ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു.
അബ്ദുല്‍ അസീസിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ച്് റസാഖ് കല്ലേരി രചിച്ച ദൈവം പറഞ്ഞിട്ട്്് എന്ന പുസ്തകം, എഴുത്തുകാരന്‍ പി കെ ഗോപി, എംഇഎസ്് ജനറല്‍ സെക്രട്ടറി ഡോ. സി കെ ജമാലിനു നല്‍കി പ്രകാശനം ചെയ്തു. അബ്ദുല്‍ അസീസിനെ കുറിച്ചുള്ള അവസാനത്തെ കൈ എന്ന ഡോക്യുഫിക്ഷന്‍ ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ്, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂരിന് സിഡി നല്‍കി പ്രകാശനം ചെയ്തു. പൗരാവലിയുടെ ഉപഹാരം സിറ്റി പോലിസ് കമ്മിഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍ അബ്ഹുല്‍ അസീസിനു കൈമാറി. ഒളവണ്ണ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ തങ്കമണി, ഡോ. എം കെ ജയരാജ്, ആറ്റക്കോയ പള്ളിക്കണ്ടി, കുറുന്തോട് ഗംഗാധരന്‍, ജി നാരായണന്‍ കുട്ടി മാസ്റ്റര്‍, ടി എച്ച് താഹ, റസാഖ് കല്ലേരി, ബാബു നരിക്കുനി മനോജ് ചെരണ്ടത്തൂര്‍, അബ്ദുല്‍ അസീസ് സംസാരിച്ചു.
Next Story

RELATED STORIES

Share it