Flash News

ദിലീപ് സിനിമാ ചിത്രീകരണത്തിരക്കില്‍ ; പോലിസ് കുറ്റപത്രത്തിന്റെ മിനുക്കുപണിയില്‍



കൊച്ചി/ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം ഈ മാസം 13നു മുമ്പ് പോലിസ് കോടതിയില്‍ സമര്‍പ്പിച്ചേക്കും. ഗൂഢാലോചനക്കേസി ല്‍ ദിലീപിനെതിരേയുള്ള കുറ്റപത്രം സമര്‍പ്പിക്കുന്നതിന്റെ അവസാനവട്ട കൂടിയാലോചനയിലാണ് അന്വേഷണസംഘം.  സാക്ഷിമൊഴികളും തെളിവുകളും ഉള്‍പ്പെടെ 1000ത്തിലധികം പേജുള്ള കുറ്റപത്രം 13നു മുമ്പ് കോടതിയില്‍ നല്‍കാനാണു ശ്രമം. സാക്ഷികളില്‍ ചിലര്‍ മൊഴിമാറ്റിയതുള്‍പ്പെടെയുള്ള വിവരങ്ങളും കുറ്റപത്രത്തില്‍ വ്യക്തമാക്കും. കൂട്ട ബലാല്‍സംഗം, ഗൂഢാലോചന, തെളിവു നശിപ്പിക്ക ല്‍, ഐടി നിയമത്തിന്റെ ലംഘനം തുടങ്ങിയ കുറ്റങ്ങളാണു ദിലീപിനെതിരേ ചുമത്തിയിട്ടുള്ളത്. ഇതിനിടെ ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് പോലിസ് കോടതിയില്‍ റിപോര്‍ട്ട് നല്‍കിയതായും സൂചനയുണ്ട്. കേസിലെ സാക്ഷികളെ ദിലീപ് ബന്ധപ്പെട്ടുവെന്നാണു പോലിസ് ആരോപിക്കുന്നത്. നടി അക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ ദിലീപിനെ ജൂലൈ 10നാണ് അറസ്റ്റ് ചെയ്തത്. 85 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം കര്‍ശന വ്യവസ്ഥകളോടെയാണു ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. വ്യവസ്ഥ ലംഘിച്ചാല്‍ കോടതിക്ക് ജാമ്യം റദ്ദാക്കാമെന്നും ഉത്തരവിലുണ്ട്. ഇതിനിടയില്‍ ദീലിപ് സിനിമാ ചിത്രീകരണത്തിന്റെ തിരക്കുകളിലേക്കു കടന്നു. ജയില്‍വാസം കഴിഞ്ഞു പുറത്തിറങ്ങിയ ദിലീപ് ഒരു മാസത്തോളമായി തീര്‍ത്ഥാടനത്തിരക്കിലായിരുന്നു. ദിലീപും ഭാര്യ കാവ്യാ മാധവനും ദിലീപ് പുറത്തിറങ്ങിയ രണ്ടാം ദിവസം മുതല്‍ വിവിധ ആരാധനാലയങ്ങളിലേക്കു നടത്തിയ തീര്‍ത്ഥയാത്ര കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ആലുവ എട്ടേക്കര്‍ ദേവാലയത്തില്‍ നിന്നാരംഭിച്ച സന്ദര്‍ശനം ശബരിമല, തിരുപ്പതി, വേളാങ്കണ്ണി, മുത്തുപ്പേട്ട, പഴനി, അജ്മീര്‍, ഏര്‍വാടി എന്നിവിടങ്ങളിലെ ആരാധനാലയങ്ങളില്‍ തീര്‍ത്ഥാടനം നടത്തിയ ശേഷമാണ് ഇന്നലെ മുതല്‍ സിനിമാ ചിത്രീകരണത്തിലേക്കു ദിലീപ് കടന്നിരിക്കുന്നത്. ജയില്‍ ജീവിതത്തോടെ പാതിവഴിയില്‍ നിലച്ചുപോയ പുതിയ സിനിമയുടെ ഷൂട്ടിങ് ഇന്നലെ മലയാറ്റൂരിലെ വനമേഖലയില്‍ പുനരാരംഭിച്ചു.
Next Story

RELATED STORIES

Share it